Covid19
ബംഗാള്‍ പിടിക്കുമെന്ന് ആവര്‍ത്തിച്ചും മമതയെ പരിഹസിച്ചും അമിത് ഷാ

ന്യൂഡല്‍ഹി | 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബംഗാളിലുണ്ടാകുക ബി ജെ പി സര്‍ക്കാറായിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തൃണമൂല്‍ ഭരണം അവസാനിപ്പിക്കും. വന്‍ ഭൂരിഭക്ഷത്തോടെ ബി ജെ പി അധികാരത്തിലേറും. തുടര്‍ന്ന് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് മമതാജിക്ക് കാണിച്ച് കൊടുക്കുമന്നും അമിത് ഷാ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അമിത് ഷായുടെ മുന്നറിയിപ്പ്.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കേന്ദ്രവുമായി ബംഗാള്‍ സര്‍ക്കാര്‍ നിരന്തരം കൊമ്പുകോര്‍ക്കുകയാണ്. നിരന്തരം കേന്ദ്ര സംഘത്തെ ബംഗാളിലേക്ക് അയക്കുന്ന നീക്കത്തെ കുറ്റപ്പെടുത്തിക്കൊണ്ട് ബംഗാളിന് സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ ഇങ്ങോട്ട് വന്ന് കൊവിഡിനെതിരെ പോരാടൂ എന്നും മമത പറഞ്ഞിരുന്നു. ഇതിന് പരിഹാസ രൂപേന മറുപടി പറഞ്ഞ അമിത് ഷാ പശ്ചിമ ബംഗാള്‍ ബി ജെ പി തന്നെ ഭരിക്കണമെന്നാണ് മമതാജിയുടെ ആഗ്രഹമെങ്കില്‍ ആ ആഗ്രഹം തീര്‍ച്ചയായും ഫല പ്രാപ്തിയിലെത്തുമെന്ന് പറഞ്ഞു.
ഒരു മാറ്റം ബംഗാളിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് . ഞാന്‍ പാര്‍ലിമെന്റ് അംഗമായതിനാല്‍ എനിക്ക് ബംഗാളിലെ കാര്യങ്ങള്‍ നേരിട്ട് ഏറ്റെടുക്കാന്‍ കഴിയില്ല. പക്ഷേ, ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി മമതാജിയുടെ ആഗ്രഹങ്ങള്‍ ബി ജെ പി നിറവേറ്റും. ബംഗാളിലെ ക്രമസമാധാനാവസ്ഥ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. അടുത്ത സര്‍ക്കാര്‍ രൂപവത്കരിച്ച് എന്തൊക്കെ ചെയ്യാനാവുമെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കും-ഷാ പറഞ്ഞു.