Covid19
ലോകത്തെ കൊവിഡ് മരണം 3.77 ലക്ഷം; അമേരിക്കയില്‍ മാത്രം 1.07 ലക്ഷം

വാഷിംഗ്ണ്‍ | ലോകാരോഗ്യ സംഘടന മാഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19 മൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനകം മരണപ്പെട്ടത് 3.77 ലക്ഷം പേര്‍. ഇതില്‍ 1.07 ലക്ഷം പേരും അമേരിക്കയിലാണ്. ലോകത്തെ മഹാഭൂരിഭക്ഷം രാജ്യങ്ങളിലേക്കും വ്യാപിച്ച വൈറസിന്റെ പിടിയില്‍ അകപ്പെട്ടത് 63.65 ലക്ഷം പേരാണ്. ഇതില്‍ 29.03 ലക്ഷം പേരും രോഗമുക്തരായി. 30.30 ലക്ഷം പേര്‍ നേരിയ രോഗലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ 53,402 പേരുടെ സ്ഥിതി ഗുരുതരമാണ്.
ലോകത്തെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗവ്യാപനത്തിലും മരണത്തിലും അമേരിക്ക ഏറെ മുന്നിലാണ്. യു എസില്‍ 18.59 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 5.29 ലക്ഷം പേരാണ് വൈറസിന്റെ പിടിയിലായത്. 30,046 പേര്‍ക്ക് ഈ ലാറ്റിനമേരിക്കന്‍ രാജ്യത്ത് ജീവന്‍ നഷ്ടമായി. രോഗവ്യാപനം കൂടുതലാണെങ്കിലും മൂന്നാം സ്ഥാനത്തുള്ള റഷ്യക്ക് മരണ നിരക്ക് പിടിച്ച നിര്‍ത്താന്‍ കഴിയുന്നുണ്ട്.
റഷ്യയില്‍ 4.14ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 4,855 പേര്‍ മാത്രമാണ് മരണപ്പെട്ടത്. റഷ്യയില്‍ മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ വൈകിയാണ് രോഗവ്യാപനമുണ്ടായതെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പതിനായിരത്തിന് അടുത്ത് കേസുകള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്‌പെയിനില്‍ 2.87ലക്ഷം പേര്‍ക്ക് രോഗം പിടിപ്പെട്ടപ്പോള്‍ 27,127 പേരും ബ്രിട്ടനില്‍ 2.76ലക്ഷം പേര്‍ രോഗബാധിതരായപ്പോള്‍39,045 പേരും മരണപ്പെട്ടു. ഇറ്റലി 33,475,ഫ്രാന്‍സ് 28,833, ജര്‍മനി 8,618, ഇറാന്‍ 7,878 പേര്‍ക്കും വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടു.