Connect with us

National

അസമില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; സുഹൃത്തിന് ഗുരുതര പരുക്ക്

Published

|

Last Updated

ജോര്‍ഘട്ട് | അസമില്‍ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച രണ്ട് യുവാക്കള്‍ക്കുനേരെ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മറ്റൊരാളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേബാശിഷ് ഗോഗോയ് (23) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് ആദിത്യ ദാസിനാണ് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റത്. ജോര്‍ഘട്ട് ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം
പ്രാദേശിക വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിച്ച് മടങ്ങിയ യുവാക്കളുടെ വാഹനം തേയില ഫാക്ടറിക്ക് സമീപത്തുവച്ച് രണ്ട് സ്ത്രീകളെ ഇടിച്ചതാണ് ആക്രമണത്തിന് കാരണം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്കും കാര്യമായ പരുക്കേറ്റിരുന്നില്ലെങ്കിലും സംഘടിച്ചെത്തിയ 50 ഓളം പേര്‍ യുവാക്കളെ ആക്രമിക്കുകയായിരുന്നു.

വിവരമറിഞ്ഞ് ദേബാശിഷ് ഗോഗോയിയുടെ പിതാവും സഹോദരിയും അടക്കമുള്ളവര്‍ സ്ഥലത്തെത്തിയെങ്കിലും ഏറെ കഴിഞ്ഞാണ് പരുക്കേറ്റ യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റാന്‍ ജനക്കൂട്ടം അനുവദിച്ചത്. എന്നാല്‍ ദേബാശിഷിനെ രക്ഷിക്കാനായില്ല.
സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവര്‍ എന്ന് സംശയിച്ച് 2018 ല്‍ രണ്ട് യുവാക്കളെ അസമില്‍ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്.

Latest