Connect with us

National

മഹാരാഷ്ട്രയും ഗുജറാത്തും ചുഴലിക്കാറ്റ് ഭീഷണിയില്‍

Published

|

Last Updated

അഹമ്മദാബാദ്/ മുംബൈ | അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലെത്തും. ജൂണ്‍ മൂന്നിന്‌ രാവിലെയാണ് ചുഴലിക്കാറ്റ് തീരം തൊടുകയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. പശ്ചിമ ബംഗാളിലും ഒഡീഷയിലും നാശംവിതച്ച ഉം പാന്‍ ചുഴലിക്കാറ്റ് വീശി ദിവസങ്ങള്‍ക്കകമാണ് മറ്റൊരു ചുഴലിക്കാറ്റ് രാജ്യത്ത് ഭീഷണിയുയര്‍ത്തുന്നത്.

ജൂണ്‍ മൂന്നിന് രാവിലെ മഹാരാഷ്ട്രയുടെ വടക്കുഭാഗത്തെ തീരത്തും ഗുജറാത്തിന്റെ തെക്ക് ഭാഗത്തെ തീരത്തുമാണ് ചുഴലിക്കാറ്റ് വീശുക. അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്തും കിഴക്ക് മധ്യ ഭാഗത്തും ലക്ഷദ്വീപിലുമാണ് ന്യൂനമര്‍ദം രൂപപ്പെടുന്നതെന്ന് മുംബൈയിലെ മേഖലാ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.

ഈ ന്യൂനമര്‍ദം കാരണം കേരളത്തില്‍ കാലവര്‍ഷം തിങ്കളാഴ്ച തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അലര്‍ട്ട്.

Latest