Connect with us

Editorial

ജുഡീഷ്യറിക്ക് വൈകിയുദിച്ച വിവേകം

Published

|

Last Updated

ലോക്ക്ഡൗണിനെ തുടര്‍ന്ന് തൊഴിലിടങ്ങളില്‍ നിന്ന് ജന്മനാട്ടിലേക്ക് കാല്‍നട യാത്രചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലഖ് അലോക് ശ്രീവാസ്തവ സുപ്രീം കോടതിയെ സമീപിച്ചത് ഒരു മാസം മുമ്പായിരുന്നു. സര്‍ക്കാര്‍ രക്ഷാകേന്ദ്രങ്ങളിലേക്കോ വാസസ്ഥലങ്ങളിലേക്കോ തൊഴിലാളികളെ മാറ്റണമെന്നും ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഔറംഗബാദില്‍ 16 തൊഴിലാളികള്‍ ട്രെയിനിടിച്ച് മരിച്ച പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച ഈ ഹരജി പക്ഷേ കോടതി മുഖവിലക്കെടുത്തില്ല. “റെയില്‍വെ ട്രാക്കില്‍ ആളുകള്‍ കിടക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും ഒന്നും ചെയ്യാനാകില്ല. തൊഴിലാളികൾ നടക്കാന്‍ തീരുമാനിച്ചാല്‍ കോടതി എന്ത് ചെയ്യാനാണ്? ഞങ്ങള്‍ക്ക് അത് തടയാനാകില്ല. കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാറാണ്. കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നാ”യിരുന്നു ബഹുമാന്യരായ ന്യായാധിപന്മാരുടെ പ്രതികരണം. മാര്‍ച്ച് 31നായിരുന്നു പരമോന്നത കോടതിയുടെ ഈ നിരീക്ഷണം. ഇതേ വിഷയകമായി വിവിധ എന്‍ ജി ഒകളുടെയും സംഘടനകളുടെയും വേറെയും ഹരജികള്‍ സുപ്രീം കോടതിയിലെത്തിയിരുന്നു. എല്ലാത്തിനോടും പുറംതിരിഞ്ഞുനിന്നു അന്ന് ജുഡീഷ്യറി.

പക്ഷേ, രണ്ട് ദിവസം മുമ്പ് നിലപാട് തിരുത്തിയിരിക്കുകയാണ് പരമോന്നത കോടതി. തൊഴിലാളികള്‍ റോഡിലൂടെ നടന്നുപോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പിലേക്ക് മാറ്റി അവിടെ നിന്നും സുരക്ഷിതമായി വിടുകളിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്നും സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബഞ്ച്. തൊഴിലാളികളുടെ യാത്രാകൂലി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളും റെയില്‍വേയും ചേര്‍ന്ന് വഹിക്കണമെന്നും മൂന്നംഗ ബഞ്ച് ഉത്തരവിട്ടു. എഫ് സി ഐ ഗോഡൗണുകളില്‍ ഭക്ഷ്യസാധനങ്ങള്‍ കെട്ടിക്കിടന്നിട്ടും തൊഴിലാളികള്‍ പട്ടിണി കിടക്കേണ്ടി വന്നതെന്തുകൊണ്ടെന്ന് ചോദിച്ച കോടതി അവരെ നാട്ടില്‍ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കാണിക്കുന്ന നിലപാടിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഒരു ഹരജിയുടെയും പിന്‍ബലമില്ലാതെ കോടതി സ്വയമെടുത്ത കേസിലാണ് ഈ പരാമര്‍ശങ്ങളെന്നത് ശ്രദ്ധേയം.

ഈ മനംമാറ്റം കോടതിക്ക് സ്വയം ഉണ്ടായതല്ല, വൈകി ഉദിച്ച വിവേകവുമല്ല. കുടിയേറ്റ തൊഴിലാളികളുടെ ജീവിത വ്യവസ്ഥകളോട് കോടതി നേരത്തേ കാണിച്ച നിസ്സംഗതക്കെതിരെ നിയമ- സാമൂഹിക തലങ്ങളില്‍ നിന്നുണ്ടായ രൂക്ഷമായ പ്രതിഷേധത്തിന്റെ ഫലമാണ്. 20 മുതിര്‍ന്ന അഭിഭാഷകര്‍ കോടതി നിലപാടിനോടുള്ള വിയോജിപ്പ് അറിയിച്ച് ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. മുൻ ‍സുപ്രീം കോടതി ജഡ്ജി മദന്‍ ബി ലോകൂറും കോടതിക്കെതിരെ തുറന്നടിച്ചു. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും മുതിര്‍ന്ന അഭിഭാഷകനുമായ ദുഷ്യന്ത് ദാവെ അതിരൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. കൊറോണയുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കുന്നതില്‍ സുപ്രീം കോടതി പരാജയപ്പെട്ടുവെന്ന് കുറ്റപ്പെടുത്തിയ ദുഷ്യന്ത് ദാവെ, പൗരന്മാരുടെ അവകാശങ്ങള്‍ക്ക് നേരെ കണ്ണടച്ചുപിടിച്ച് ദന്തഗോപുരങ്ങളില്‍ ഇരിക്കാന്‍ ജഡ്ജിമാര്‍ക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചു. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളിലും പ്രവൃത്തിരാഹിത്യത്തിലും ഇടപെടേണ്ട ബാധ്യത കോടതിക്കുണ്ട്. ഭരണഘടനാപരമായ പ്രതിജ്ഞ അനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ആരാണ് ജഡ്ജിമാരെ തടയുന്നത്? ഒരു സുപ്രീം കോടതി ജഡ്ജിയുടെ പേരക്കുട്ടി റോഡിലൂടെ നടന്നുപോവുകയും എതിര്‍ഭാഗത്ത് നിന്ന് ഒരു കാറ് കുതിച്ചുവരുന്നത് കാണുകയും ചെയ്താല്‍ ജഡ്ജിമാര്‍ രക്ഷിക്കാന്‍ ശ്രമിക്കില്ലേയെന്ന് ചോദിച്ച ദുഷ്യന്ത് ദാവെ, ഏതൊരു ഇന്ത്യന്‍ പൗരനും സുപ്രീം കോടതിയുടെ പേരക്കിടാവാണെന്ന് ഓര്‍മിപ്പിച്ചു. തൊഴിലാളികള്‍ റോഡിലിറങ്ങി നടക്കാന്‍ തീരുമാനിച്ചാല്‍ തങ്ങളെന്ത് ചെയ്യാനാണെന്ന കോടതിയുടെ പരാമര്‍ശത്തെ ഉന്നംവെച്ചായിരുന്ന് അദ്ദേഹത്തിന്റെ ഈ ഒളിയമ്പ്. വിമര്‍ശം ഇത്രയും കടുത്തതോടെയാണ് സ്വമേധയാ കേസെടുത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നോട്ടീസയക്കാന്‍ കോടതി സന്നദ്ധമായത്.

കൊറോണക്ക് പിന്നാലെ രാജ്യത്തിന് വന്നുഭവിച്ച മറ്റൊരു വേദനയായിരുന്നു ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികൾക്കുണ്ടായ ദുരിതങ്ങള്‍. തൊഴിലും താമസ സ്ഥലവും നഷ്ടപ്പെടുകയും ഭക്ഷണവും വെള്ളവും ലഭ്യമല്ലാതാവുകയും ചെയ്തപ്പോഴാണ് അവര്‍ റോഡിലിറങ്ങി സ്വന്തം നാട് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയത്. കൂട്ടികളെയും രോഗികളെയും അവശരെയും ചുമലിലേറ്റി സാധന സാമഗ്രികളുടെ ഭാണ്ഡവും പേറി പൊരിവെയിലത്ത് നൂറുകണക്കിന് കി. മീറ്റര്‍ അകലേക്കുള്ള ഈ യാത്രയുടെയും അതിനിടെ അപകടങ്ങളില്‍ പെട്ടും ഭക്ഷണവും വെള്ളവും ലഭിക്കാതെയും നിരവധി പേര്‍ മരണപ്പെടുന്നതിന്റെയും കരളലിയിപ്പിക്കുന്ന വാര്‍ത്തകളും വിവരങ്ങളും ദൃശ്യങ്ങളും ദിനംപ്രതി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരുന്നതാണ്. രണ്ട് മാസക്കാലമായി മനുഷ്യ മനഃസാക്ഷിയെ നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്ന ഈ ദൃശ്യങ്ങള്‍ സുപ്രീം കോടതി ന്യായാധിപന്മാര്‍ കാണാതിരിക്കാനിടയില്ല. എന്നിട്ടും സര്‍ക്കാറിന്റെ മുഖം രക്ഷിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നല്‍കിയ തെറ്റായ വിവരങ്ങള്‍ അപ്പടി വിശ്വസിക്കുകയും മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ചൂണ്ടിക്കാട്ടിയ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടക്കുകയുമായിരുന്നു ജുഡീഷ്യറി. ഇപ്പോള്‍ കാണിച്ച ഉത്തരവാദിത്വ ബോധം കോടതി നേരത്തേ കാണിച്ചിരുന്നെങ്കില്‍ തൊഴിലാളികളുടെ കഷ്ടത നിറഞ്ഞ യാത്രകളും അതിനിടെയുണ്ടായ ഒട്ടേറെ ദുരന്ത മരണങ്ങളും ഒഴിവാക്കാമായിരുന്നു. തൊഴിലാളികളില്‍ ഗണ്യവിഭാഗവും നാടണഞ്ഞ ശേഷമാണ് ജുഡീഷ്യറിക്ക് കര്‍ത്തവ്യബോധം ഉണര്‍ന്നത്. നീതിവിളംബം നീതിനിഷേധമെന്നാണല്ലോ നിയമപാഠശാലയുടെ അധ്യാപനം. എങ്കിലും, ഒരിക്കലും ഉണരാതിരിക്കുന്നതിലും ഭേദമാണല്ലോ വൈകിയെങ്കിലുമുള്ള ഉണര്‍ച്ചയെന്നാശ്വസിക്കട്ടെ.

Latest