Covid19
രോഗവ്യാപനം: പാലക്കാട് ജില്ല മുന്നിലെത്തിയത് മൂന്നാഴ്ച കൊണ്ട്

പാലക്കാട് | സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ ചികിത്സയിലുള്ള ജില്ലയാകാൻ പാലക്കാടിന് വേണ്ടി വന്നത് വെറും മൂന്നാഴ്ച. മാർച്ച് 24ന് ആദ്യമായി രോഗം സ്ഥിരീകരിച്ച ശേഷം ആദ്യഘട്ടത്തിൽ മെയ് 10വരെ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 13 കേസുകൾ. എന്നാൽ, കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ പൂജ്യത്തിൽ നിന്നുതുടങ്ങിയത് 128ലെത്തി നിൽക്കുമ്പോൾ മുമ്പില്ലാത്ത ആശങ്കയുണ്ടാക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ എല്ലാ വെല്ലുവിളികളെയും മറികടന്നാണ് കൊവിഡ് പ്രതിരോധത്തിൽ കേരളം ലോകമാതൃക സൃഷ്ടിച്ചത്. ഇനി വരാനിരിക്കുന്നത് ഇതുവരെകാണാത്ത പ്രതിസന്ധികളായതിനാൽ ഇനി വെറും കരുതൽ മാത്രം പോര, ഇരട്ടി ജാഗ്രതവേണം. ജില്ലയിലേക്ക് എത്തുന്ന പ്രവാസികളുടെയും അന്യസംസ്ഥാനത്ത് നിന്നുള്ളവരുടെയും എണ്ണം വർധിച്ചതോടെയാണ് കൊവിഡ് കേസുകളും നൂറ് കടന്നത്. ഇവരിൽ പലരും രാജ്യത്തിന്റെ ഹോട്ട് സ്‌പോട്ടുകളായ ചെന്നൈ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് എത്തിയിട്ടുള്ളത്. മടങ്ങിയെത്തിയവരിൽ പലർക്കും പരിമിധമായ പരിശോധനകൾ മാത്രമാണ് ലഭിച്ചിട്ടുള്ളത് എന്നത് ഗൗരവത്തോടെ കാണണമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.
അന്തർ സംസ്ഥാന യാത്രാനുമതി നൽകിയതിന് ശേഷമുള്ള പത്ത് ദിവസത്തിനുള്ളിൽ തന്നെ പതിനായിരത്തിലേറെ ആളുകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്കെത്തി. പാസ്സില്ലാതെയും നിരവധിയാളുകൾ ഇപ്പോഴും അതിർത്തി കടന്നു വരുന്നുണ്ട്. ഇവരിൽ ചിലർ ക്വറന്റൈൻ നിയമങ്ങൾ ലംഘിക്കുന്നതായി മന്ത്രി തന്നെ വ്യക്തമാക്കുകയും സാമൂഹിക വ്യാപനത്തിന്റെ വക്കിലാണ് ജില്ലയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ സജ്ജീകരണങ്ങൾ ജില്ലാ ഭരണകൂടം നടപ്പാക്കേണ്ടതുണ്ട്. ഓരോ ദിവസവും സമ്പർക്കത്തിലൂടെ രോഗം പകരുന്നവരുടെ എണ്ണം വർധിക്കുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്. അതിനാൽ സാമൂഹിക വ്യാപനം ഉണ്ടോയെന്ന് അറിയാൻ നഗരസഭാ പരിധിയിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ റാന്റം ടെസ്റ്റുകൾ നടക്കുന്നുണ്ട്. തമിഴ്‌നാട് ദിനംപ്രതി 800 ഓളം പുതിയകേസുകൾ റിപ്പോർട്ട് ചെയ്യുന്നതും അതിർത്തി ജില്ലയായ പാലക്കാടിന് വലിയ ആശങ്കയാണ്.
ജൂൺ ആദ്യം തന്നെ കേരളത്തിൽ മഴയാരംഭിക്കും. അതിവർഷത്തിനും 2018ന് സമാനമായ പ്രളയത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മഴയാരംഭിക്കുന്നതോടെ ഡെങ്കി, എലിപ്പനി, എച്ച്1 എൻ1 തുടങ്ങിയ പകർച്ചവ്യാധികളും തലപൊക്കും. ഇപ്പോൾ തന്നെ ജില്ലാ ആശുപത്രിയിൽ പനിക്കിടക്കകൾ നിറഞ്ഞ അവസ്ഥയാണ്. മഴ ശക്തിപ്പെട്ടാൽ കൊവിഡ് രോഗബാധിതർക്കൊപ്പം പനിക്കേസുകളും കൂടും. ഇത് ജില്ലയിലെ ആരോഗ്യമേഖലയിലെ ചികിത്സാ സൗകര്യങ്ങളെ വല്ലാതെ ഞെരുക്കത്തിലാക്കും. കൊവിഡ് രോഗികൾക്ക് ഇപ്പോൾ ലഭിക്കുന്ന ശ്രദ്ധ ഉറപ്പാക്കാൻ കഴിയാതെ വരും. അത് മരണസംഖ്യ വർധിക്കാൻ ഇടയാക്കിയേക്കും.
നിലവിൽ ജില്ലയിൽ 203 കൊവിഡ് കെയർ സെന്ററുകളുണ്ട്. 5,000 ത്തോളം ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സാമൂഹിക വ്യാപനം ഉണ്ടായാലുള്ള അടിയന്തര സാഹചര്യം നേരിടാൻ സർക്കാർ – സ്വകാര്യ ആശുപത്രികളിലായി 10,000 കിടക്കകളും ജില്ലാ ആശുപത്രിയിൽ 225 കിടക്കകളും സജ്ജമാണ്. കെ എം സി മാങ്ങോട് 250 കിടക്കകളുമുണ്ട്. കൂടാതെ കരുണ മെഡിക്കൽ കോളജ്, പി കെ ദാസ് മെഡിക്കൽ കോളജ്, പാലന, തങ്കം, കിംസ് എന്നിവയും സർക്കാറുമായി സഹകരിക്കാൻ തായ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി എം ഒ. കെ എ നാസർ അറിയിച്ചു.