Covid19
സഊദിയില്‍ ഇന്ത്യന്‍ എംബസിയുടെ സേവനങ്ങള്‍ പുനരാരംഭിക്കുന്നു

ദമാം | കൊവിഡ് വ്യാപനം തടയുന്നതിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നിര്‍ത്തിവെച്ച സഊദിയിലെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ ജൂണ്‍ മൂന്നാം തീയതി മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു. എംബസിയുടെ പുറം കരാര്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍, ഏജന്‍സിയായ വി എഫ് എസിന്റെ റിയാദിലെ ഉമ്മുല്‍ ഹമാം, റിയാദ് ബത്ഹ, ഈസ്റ്റേണ്‍ പ്രോവിന്‍സിലെ അല്‍ഖോബാര്‍ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങള്‍ മൂന്നാം തീയതിയും ദമാം, ബുറൈദ, ബുറൈദ, ഹായില്‍ എന്നിവിടങ്ങളിലെത് ജൂണ്‍ ഏഴാം തീയതിയുമാണ് പ്രവര്‍ത്തനം തുടങ്ങുക.
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു കീഴിലെ ഹായില്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന വി എഫ് എസ് ഗ്ലോബല്‍ ഓഫീസ് ജൂണ്‍ മൂന്നാം തീയതി മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. അബഹ-ഖമീസ് മുശൈത്ത്, തബൂക്ക്, യാമ്പു എന്നിവിടങ്ങളിലെ ഓഫീസുകള്‍ ജൂണ്‍ ഏഴ് മുതലാണ് പ്രവര്‍ത്തനം തുടങ്ങുക. എല്ലാ ദിവസവും രാവിലെ 8:30 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് പ്രവര്‍ത്തിക്കുക.
നിലവില്‍ ഇഖാമ പുതുക്കേണ്ടവര്‍, പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചവര്‍, അടുത്ത ദിവസങ്ങളില്‍ കാലാവധി അവസാനിക്കാനിരിക്കുന്നവര്‍ തൂടങ്ങിയവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിഗണന നല്‍കുക. ഓണ്‍ലൈന്‍ വഴി മുന്‍കൂട്ടി അപ്പോയ്‌മെന്റ് എടുക്കാത്തവര്‍ക്ക് സേവാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുകയില്ലെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.