Kerala
അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ പോരാട്ടത്തിന് ഉടമ

തിരുവനന്തപുരം | കേരള രാഷ്ട്രീയത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെ നിറഞ്ഞുനിന്ന പോരാളിയായിരുന്നു എം പി വിരേന്ദ്രകുമാര്‍. 1951ല്‍ പതിനഞ്ചാം വയസ്സില്‍ ജയപ്രകാശ് നാരായണനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചുകൊണ്ടായിരുന്നു വീരേന്ദ്രകുമാര്‍ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് നിരന്തരമായി ജനകീയ സമര വേദികളില്‍ നിറഞ്ഞുനിന്നു. അടിയന്തരാവസ്ഥ കാലത്ത് ധീരമായി പോരാടി. സ്വത്തുക്കള്‍ കണ്ടുകെട്ടിയ ഭരണകൂടം വീരേന്ദ്രകുമാറിനെ ജയിലിലടച്ചു. അടിയന്തിരാവസ്ഥക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചതായിരുന്നു ജയില്‍വാസം. ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമായിരുന്നു ജയില്‍വാസം.
അടിയന്തിരാവസ്ഥക്കാലത്ത് ഒമ്പത് മാസക്കാലം ഒളിവില്‍ താമസിക്കേണ്ടി വന്ന വീരേന്ദ്രകുമാര്‍ മൈസൂരില്‍ വെച്ചാണ് അറസ്റ്റിലാകുന്നത്. ഇവിടുന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിക്കുകയായിരുന്നു. പിണറായിയെ കൂടാതെ സയ്യിദ് ഉമര്‍ ബഫാഖി തങ്ങള്‍, ചെറിയ മാമ്മുകേയി സാഹിബ് , ഇമ്പിച്ചി കോയ, കെ ചന്ദ്രശേഖരന്‍, പി എം അബൂബക്കര്‍, എം വി രാഘവന്‍, കൊടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സഹതടവുകരായി കണ്ണൂരിലുണ്ടായിരുന്നു.