Connect with us

National

തെലുങ്കാനയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടി മരിച്ചു; മൃതദേഹം പുറത്തെടുത്തു

Published

|

Last Updated

ഹൈദരാബാദ് |  തെലങ്കാനയിലെ മേദക് ജില്ലയില്‍ ഉപയോഗ ശൂന്യമായ കുഴ്ല്‍കിണറില്‍ വീണ കുട്ടി മരിച്ചു. കുഴല്‍കിണറില്‍ 17 അടിയോളം ആഴത്തില്‍ നിന്ന് മൂന്ന് വയസ്സുകാരനായ സായ് വര്‍ധന്റെ മൃതദേഹം പുറത്തെടുത്തു. പോലീസിനൊപ്പം ദേശീയ ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കു ചേര്‍ന്നിരുന്നു. കുട്ടിയ്ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും യന്ത്രങ്ങളുടെ സഹായത്തോടെ കിണറിന് സമാന്തരമായി കുഴിയെടുക്കാനുള്ളപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

പാപന്നംപേട്ട് മണ്ഡലിലെ മംഗലി ഭിക്ഷാപതിയുടെ മകന്‍ സായ് വര്‍ധന്‍ അച്ഛനും മുത്തച്ഛനുമൊപ്പം കൃഷിയിടത്തില്‍ നടക്കുന്നതിനിടെയാണ്കുഴല്‍ക്കിണറില്‍ വീണത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കുട്ടി വീഴുന്നത് കണ്ടയുടനെ ബന്ധുക്കള്‍ മാതാവ് ഉപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ക്യാമറകളുടെ സഹായത്തോടെ കിണറ്റിനുള്ളില്‍ കുട്ടിയുടെ സ്ഥാനം കണ്ടെത്താന്‍ ശ്രമിച്ചിരുന്നു. കൃഷിയാവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച കുഴിച്ച മൂന്ന് കുഴല്‍ക്കിണറുകളിലൊന്നിലാണ് കുട്ടി വീണത്. എന്നാല്‍ മൂന്ന് കിണറുകളിലും വെള്ളം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.അനുമതിയില്ലാതെയാണ് കിണറുകള്‍ കുഴിച്ചതെന്ന് ജില്ലാ കലക്ടര്‍ ധര്‍മ റെഡ്ഡി അറിയിച്ചു. ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

Latest