Connect with us

Covid19

രാജ്യത്ത് കൊവിഡ് കേസുകളും മരണവും കുതിച്ച് ഉയരുന്നു; 4531 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 ഇന്ത്യയില്‍ സംഹാര താണ്ഡവമാടുന്നു. 24 മണിക്കൂറിനിടെയില്‍ 6566 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 194 പേരാണ് മരണപ്പെട്ടത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് രാജ്യത്ത് ആറായിരത്തിന് മുകളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ രോഗികളുടെ എണ്ണം 1,58,333 ആയി. 4531 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. നിലവില്‍ 86110 പേരാണ് ചികിത്സയിലുള്ളത്. 67692 പേര്‍ രോഗമുക്തരായി.

ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാനത്ത് മാത്രം മരണം നൂറ് കടന്നു. സാമൂഹിക വ്യാപനം ശക്തമായുള്ള മഹാരാഷ്ട്രയിലാണിത്. ഇന്നലെ 105 പേര്‍ മരണപ്പെട്ട ഇവിടെ 2190 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ മാത്രം 39 പേര്‍ മരിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ ഒരാള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. 1897 ആണ് ഹാരാഷ്ട്രയിലെ ആകെ മരണസംഖ്യ. തുടര്‍ച്ചയായി 11-ാം ദിവസമാണ് മഹാരാഷ്ട്രയില്‍ രണ്ടായിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 56,948 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. 17,918 പേര്‍ ഇതില്‍ രോഗമുക്തി നേടി. നാല് ലക്ഷത്തിലധികം സാംപിളുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ പരിശോധിച്ചത്. പതിനയ്യായിരത്തോളം സാംപിളുകളാണ് മഹാരാഷ്ട്രയില്‍ ദിനംപ്രതി പരിശോധിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗവ്യാപനത്ില്‍ രണ്ടാം സ്ഥാനത്ത് തമിഴ്‌നാടും മരണ നിരക്കില്‍ ഗുജറാത്തുമാണുള്ളത്. തമിഴ്‌നാട്ടില്‍ ഇന്നലെ സ്ഥിരീകരിച്ച 817 അടക്കം 18545 പേര്‍ വൈറസിന്റെ പിടിയിലായി. ഇന്നലത്തെ ആറ് അടക്കം 133 പേരാണ് തമിഴ്‌നാട്ടില്‍ മരിച്ചത്. ഇന്നലത്തെ 23 അടക്കം ഗുജറാത്തില്‍ 938 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 15195 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഒരിടവേളക്ക് ശേഷം ഗുജറാത്തിനെ മറികടന്ന് ഡല്‍ഹി രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് എത്തി. 24 മണിക്കൂറിനിടെ 792 പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയിലെ കൊവിഡ് രോഗികളുടെ എണ്ണം 15257 ആയി. 303 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് മൂലം മരിച്ചത്.

മധ്യപ്രദേശില്‍ 313 പേരും ബംഗാളില്‍ 289 പേരും ഉത്തര്‍പ്രദേശില്‍ 182 പേരും രാജസ്ഥാനില്‍ 173 പേരും കൊവിഡ് ബാധിച്ച് മരിച്ചു. നാലായിരത്തിനും എട്ടായിരത്തിനും ഇടയിലാണ് ഇവിടത്തെ കൊവിഡ് രോഗികള്‍.

---- facebook comment plugin here -----

Latest