Covid19
ക്വാറന്റൈന്‍: സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം- കാന്തപുരം

കോഴിക്കോട് | നാട്ടിലെത്തുന്ന പ്രവാസികളില്‍ ക്വാറന്റൈന്‍ ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്ന് മാത്രം ഈടാക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. വിദേശത്തു നിന്നും എത്തുന്ന പാവപ്പെട്ടവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയത് ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസ ലോകത്ത് വലിയ ഞെട്ടലുണ്ടാക്കിയ പെയ്ഡ് ക്വാറന്റൈന്‍ നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കാന്തപുരം മുഖ്യമന്ത്രിക്ക് നിവേദനം അയച്ചിരുന്നു. മാസങ്ങളായി തൊഴില്‍ നഷ്ടപ്പെട്ട് മറ്റുള്ളവരുടെ കനിവില്‍ വിമാനയാത്രക്കൂലി സംഘടിപ്പിച്ചു വരുന്ന പാവപ്പെട്ട പ്രവാസികള്‍ക്ക് ഇത് ഒരിക്കലും വഹിക്കാന്‍ കഴിയുന്നതല്ല. സാഹചര്യങ്ങളുടെ സങ്കീര്‍ണ്ണത ഉള്‍ക്കൊണ്ട് തീരുമാനം പിന്‍വലിക്കുകയോ പാവപ്പെട്ടവര്‍ക്ക് പൂര്‍ണമായ ഇളവ് അനുവദിക്കുകയോ ചെയ്യണമെന്നും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.