Connect with us

Covid19

കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിന്റെ നേര്‍കാഴ്ചയായി മുസഫര്‍പുര്‍ റെയില്‍വേ പ്ലാറ്റ്‌ഫോം

Published

|

Last Updated

പാറ്റ്‌ന |  കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ ദുരിതത്തിന്റെ ഭീകരത വിളിച്ചോതി ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേ പ്ലാറ്റ്‌ഫോം. പട്ടിണിയും നിര്‍ജിലീകരണവും മൂലം റെയില്‍വേ പ്ലാറ്റ് ഫോമില്‍ മരിച്ച് കിടക്കുന്ന മാതാവിനെ ഉണര്‍ത്താന്‍ പിഞ്ചുകുഞ്ഞ് ശ്രമിക്കുന്ന ഞെട്ടിക്കുന്ന ചിത്രം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്ലാറ്റ്‌ഫോമില്‍ കിടക്കുന്ന മാതാവിന്റെ മൃതദേഹം മൂടിയിരിക്കുന്ന തുണി മാറ്റാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തുണി മാറ്റുന്നുണ്ടെങ്കിലും അമ്മക്കു ചലനമില്ല. കടുത്ത ചൂട്, നിര്‍ജലീകരണം എന്നിവയ്‌ക്കൊപ്പം പട്ടിണി കൂടി താങ്ങാനാവാതെയാണ് സ്ത്രീ മരിച്ചത്.

ഞായറാഴ്ച ഗുജറാത്തില്‍ നിന്ന് പ്രത്യേക ട്രെയിനിലാണ് സ്ത്രീയും കുട്ടിയും ബിഹാറിലെ മുസഫര്‍പൂരിലെത്തിയത്. ഭക്ഷണവും വെള്ളവും കിട്ടാതിരുന്നതിനാല്‍ ട്രെയിനില്‍തന്നെ സ്ത്രീ അവശനിലയിലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച മുസഫര്‍പൂരില്‍ എത്തുന്നതിന് തൊട്ടുമുമ്പ് സ്ത്രീ കുഴഞ്ഞുവീണു. സ്റ്റേഷനിലെത്തിയ ഉടന്‍ പ്ലാറ്റ് ഫോമില്‍ കിടത്തി. ഈ സമയത്താണ് മൃതദേഹത്തിന് അടുത്ത് നിന്നും കുട്ടി വിളിച്ചുണര്‍ത്താന്‍ ശ്രമിക്കുന്നത്.

ഇതേ സ്റ്റേഷനില്‍തന്നെ മറ്റൊരു കുട്ടികൂടി മരിച്ചെന്ന് യാത്രക്കാര്‍ പറഞ്ഞു. കനത്ത ചൂടിലും പട്ടിണിയിലുമാണ് കുട്ടികള്‍ മരിച്ചതെന്നാണു റിപ്പോര്‍ട്ട്. ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയ്‌നിലെത്തിയ കുടുംബത്തിന്റെ കുട്ടിയാണ് മരിച്ചത്.

Latest