Connect with us

Covid19

നൂറ്കണക്കിന് പേര്‍ മരിച്ച ഗുജറാത്തില്‍ കൊവിഡ് രോഗികള്‍ക്കായി പഞ്ചഗവ്യം പരീക്ഷിക്കുന്നു

Published

|

Last Updated

അഹമ്മദാബാദ് |  കൊവിഡ് 19 മൂലം നൂറ്് കണക്കിന് പേര്‍ മരിക്കുകയും ആയിരങ്ങള്‍ വൈറസിന്റെ പിടിയിലമരുകയും ചെയ്ത ഗുജറാത്തില്‍ രോഗം ഭേദമാകുന്നതിനായി പഞ്ചഗവ്യം (പാല്‍, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം മിശ്രിതം) പരീക്ഷിക്കുന്നു. ശാസ്ത്രീയ രീതിയില്‍ കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കേണ്ട സര്‍ക്കാര്‍ തന്നെയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് ശ്രദ്ധേയം. കൊവിഡ് രോഗികള്‍ക്ക് പഞ്ചഗവ്യം നല്‍കുന്നതിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഉടന്‍ നടക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ ഡോ. വല്ലഭ് കത്തിരിയയെ ഉദ്ദരിച്ച് അഹമ്മദാബാദ് മിററര്‍ റിപ്പോര്‍ട്ട് ചെയ്തു.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പഞ്ചഗവ്യം രോഗികളില്‍ പരീക്ഷിക്കുക. രോഗം മാറ്റാനുള്ള പഞ്ചഗവ്യത്തിന്റെ കഴിവ് നൂറ്റാണ്ടുകളായി ഇന്ത്യക്ക് അറിയുന്നതാണ്. എന്നാല്‍ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വരവോടെ പഞ്ചഗവ്യത്തിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല.. ഇപ്പോള്‍ കൊവിഡ് രോഗത്തിന് മരുന്ന് കണ്ടെത്താന്‍ ശാസ്ത്രലോകം ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് പഞ്ചഗവ്യം കൊവിഡ് 19ന് ഫലപ്രദമാണോ എന്ന് പരീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ പത്ത് ആശുപത്രികളിലാണ് മരുന്ന് പരീക്ഷണം. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മണ്ഡലമായ രാജ്കോട്ടിലെ സിവില്‍ ആശുപത്രിയിലാണ് ആദ്യം പരീക്ഷിക്കുന്നത്. അഹമ്മദാബാദിലെയും സൂറത്തിലെയും ആശുപത്രികളില്‍ പിന്നീട് പരീക്ഷണം നടക്കും. പിന്നീട് വര്‍ധ, പുണെ, ഹൈദരാബാദ്, ജോധ്പുര്‍ ആശുപത്രികളിലും പരീക്ഷണം നടത്തും.

ആദ്യമായാണ് പരമ്പരാഗത ആയുര്‍വേദ മരുന്ന് കൊവിഡ് രോഗത്തിന് പരീക്ഷിക്കുന്നതെന്ന് ഗുജറാത്ത് ആയുര്‍വേദ യൂണിവേഴ്സിറ്റി മുന്‍ പ്രൊഫസര്‍ ഡോ. ഹിതേഷ് ജനി മാധ്യമങ്ങളോട് പറഞ്ഞു. മരുന്ന് പാലിലോ വെള്ളത്തിലോ രോഗികള്‍ക്ക് ബുദ്ധിമുട്ടില്ലാതെ കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണത്തിന് പിന്തുണയുമായി ബി ജെ പിയു ംരംഗത്തെത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest