Uae
പ്രവാസികളുടെ ക്വാറന്റൈന്‍: ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണം- ഐ സി എഫ്

അബുദാബി | കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ ക്വാറന്റൈന്‍ ചെലവ് വഹിക്കണമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
വിദേശത്ത് നിന്ന് വരുന്നവര്‍ സാമൂഹ്യ സുരക്ഷയുടെ ഭാഗമായാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് പോകുന്നത്. വീടുകളില്‍ സൗകര്യമുള്ളവരും ഇത് തിരഞ്ഞെടുക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതിനനുസരിച്ചും പൊതുസുരക്ഷയുടെ ഭാഗവുമാണ്. അതിനാല്‍ തന്നെ ഈ സേവനം സൗജന്യമായി തുടരണം. കൂടുതല്‍ ലക്ഷ്വറി സൗകര്യങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് പണം വാങ്ങി ഹോട്ടലുകളോ മറ്റോ ഏര്‍പ്പാടാക്കുന്നതില്‍ തെറ്റില്ല.
അതേസമയം ടിക്കറ്റിനു പോലും വകയില്ലാതെ മറ്റുള്ളവരെ ആശ്രയിച്ച് നാട്ടിലെത്തുന്ന പാവപ്പെട്ട പ്രവാസികള്‍ വരെ വലിയൊരു തുക ചിലവഴിക്കണമെന്ന് പറയുന്നത് നീതീകരിക്കാനാവില്ല. കേരള സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിക്കണം. അല്ലെങ്കില്‍ പ്രവാസികളോടൊപ്പം നില്‍ക്കുന്നു എന്നും കേരളം കഞ്ഞി കുടിച്ച് പോയത് പ്രവാസികളുടെ വിയര്‍പ്പ് കൊണ്ടാണെന്നും പറയുന്നതില്‍ അര്‍ഥമുണ്ടാകില്ല- ഐ സി എഫ് ചൂണ്ടിക്കാട്ടി. കേരള സര്‍ക്കാറിന്റെ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെങ്കില്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സന്നദ്ധ പ്രസ്ഥാനങ്ങളെയും മറ്റും ഉപയോഗപ്പെടുത്തണം.
സാധ്യമാകുന്ന രീതിയില്‍ ഐ സി എഫ് ഇതിനു സന്നദ്ധമാണ്. പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ സൗജന്യമായി സ്ഥാപനങ്ങള്‍ വിട്ടു നല്‍കാമെന്ന് കേരള മുസ്ലിം ജമാ അത്ത് അടക്കം നിരവധി പ്രസ്ഥാനങ്ങള്‍ നേരത്തേ തന്നെ വ്യക്തമാക്കിയതുമാണ്. ഇതര സംസ്ഥാനത്ത് നിന്ന് വര്‍ധിച്ച തോതില്‍ ആളുകളെത്തുന്നു എന്നതിന്റെ പേരില്‍ പ്രവാസ ലോകത്ത് നിന്ന് ധാരാളം പ്രതിസന്ധികളനുഭവിച്ച് കേരളത്തിലെത്തുന്നവരെ ക്രൂശിക്കരുതെന്നും ഐ സി എഫ് ആവശ്യപ്പെട്ടു.