Saudi Arabia
മസ്ജിദുന്നബവിയിലേക്ക് ഞായറാഴ്ച്ച മുതല്‍ പ്രവേശനം അനുവദിക്കും

മദീന | പ്രവാചക നഗരിയായ മസ്ജിദുന്നബവിയിലേക്ക് മെയ് 31 (ശവ്വാല്‍ എട്ട്) മുതല്‍ വിശ്വാസികള്‍ക്ക് ജമാഅത്ത്, ജുമുഅഃ നിസ്‌കാരങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. കൊവിഡ് വ്യാപനം തടയുന്നതിനായി സഊദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വിലക്കുകളും ഘട്ടം ഘട്ടമായാണ് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുന്നത്. മെയ് 31 മുതല്‍ ജൂണ്‍ 20 വരെയാണ് താത്കാലികമായി പള്ളികളില്‍ ജുമുഅഃ ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മക്കയില്‍ കനത്ത ആരോഗ്യ നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിലവിലുള്ള വിലക്കുകള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു. വിശുദ്ധ റമസാന്‍ മാസത്തിലും പെരുന്നാള്‍ ദിനത്തിലും മസ്ജിദുന്നബവിയിലെ ജീവനക്കാര്‍ക്കും, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും,ഹറമിലെ ക്ലീനിംഗ് ജോലിക്കാര്‍ക്കും മാത്രമായിരുന്നു ആരോഗ്യ സുരക്ഷകള്‍ പാലിച്ച് ജുമുഅഃ , ജമാഅത്ത് , തറാവീഹ് നമസ് സ്‌കാരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്
രാജ്യത്തെ പള്ളികള്‍ തുറക്കുന്നതിന് ഇസ്ലാമിക കാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് . ജമാഅത്ത് , ജുമുഅഃ നിസ്‌കാരങ്ങളുടെ സമയങ്ങളില്‍ മാത്രമായിരിക്കും ഇനിമുതല്‍ പള്ളികള്‍ തുറക്കുക. ബാങ്ക് വിളിക്കുന്നതിന്റെ 15 മിനുട്ട് മുന്‍പ് മാത്രമാണ് പള്ളികള്‍ തുറക്കുകയും നിസ്‌കാരം കഴിഞ്ഞ് പത്ത് മിനുട്ട് കഴിഞ്ഞാല്‍ പള്ളികള്‍ അടക്കുകയും ചെയ്യും .ഇനിമുതല്‍ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടയില്‍ പത്ത് മിനുട്ട് സമയം മാത്രമായിരിക്കും ഉണ്ടായിരിക്കുക,
നിസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുകയും രണ്ട് സ്വഫുകള്‍ക്കിടയില്‍ ഒരു സ്വഫ് ഒഴിച്ചിടുകയും വേണം. പള്ളികളുടെ വാതിലുകളും , ജനലുകളും പൂര്‍ണ്ണമായും തുറന്നിടുകായും വേണം. പള്ളികളില്‍ കുടിവെള്ള വിതരണം,ഭക്ഷണം , മിസ്വാക് തുടങ്ങിയവയുടെ വിതരണം എന്നിവയും നിരോധിച്ചിട്ടുണ്ട് . പള്ളികളില്‍ നടന്നുകൊണ്ടിരിക്കുന്ന ഖുര്‍ആന്‍ ക്ലാസുകള്‍ക്കും , മറ്റ് പഠന ക്ലാസുകള്‍ക്കും വിലക്കുണ്ട്, സ്വന്തമായി മുസല്ലയും , മാസ്‌കും ധരിച്ച് , വീടുകളില്‍ നിന്ന് വുളൂഉം ചെയ്താണ് പള്ളിയിലേക്ക് പ്രവേശികേണ്ടത് . പള്ളികളില്‍ പ്രവേശന സമയത്ത് അകലം പാലിച്ചാണ് പ്രവേശിക്കേണ്ടത്. പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പള്ളികളിലേക്ക് പ്രവേശനത്തിന് വിലക്കുണ്ട്
വെള്ളിയാഴ്ചകളില്‍ ജുമുഅഃയിയുടെ 20 മിനുട്ട് മുന്‍പാണ് പള്ളികള്‍ തുറക്കേണ്ടത് .നിസ്‌കാരം കഴിഞ്ഞ് 20 മിനിറ്റിനകം പള്ളികള്‍ അടക്കുകയും ചെയ്യും ഖുതുബയുടെ സമയം 15 മിനുട്ടില്‍ കൂടുതല്‍ ദീര്‍ഘിപ്പിക്കാനും പാടില്ലെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.ആളുകളുടെ തിരക്ക് ഒഴിവാകുന്നതിനായി നിലവില്‍ ജുമുഅഃ ഇല്ലാത്ത പള്ളികളിലും ജുമുഅഃ നടത്താന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട് .നിലവിലെ സ്ഥിതിഗതികള്‍ മന്ത്രാലയങ്ങളുടെ പുനരവലോകനത്തിന് വിധേയമാക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.