Connect with us

Kerala

പരാമര്‍ശം നിര്‍ഭാഗ്യകരവും പദവിക്ക് ചേരാത്തതും; പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് പീയുഷ് ഗോയല്‍ അല്ലെന്നും ജനങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റിടങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലെന്ന കേന്ദ്രമന്ത്രിയുടെ ആക്ഷേപത്തിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

റെയില്‍വേമന്ത്രിയുടെ പരാമര്‍ശം പദവിക്ക് ചേര്‍ന്നതല്ല, നിര്‍ഭാഗ്യകരമാണ്. രാജ്യം നേരിടുന്ന പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാന്‍ പിയൂഷ് ഗോയലിന് കഴിയുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയക്കുന്നത് സംബന്ധിച്ച യാതൊരു വിവരങ്ങളും സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരുന്നില്ല. ശരിയായ നിരീക്ഷണത്തിനും രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്നും റെയില്‍വേ മന്ത്രിയോട് പറഞ്ഞു.

മുന്‍കൂട്ടി അറിയിക്കാതെ ട്രെയിന്‍ സര്‍വീസ് നടത്തരുതെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിനും കത്തയച്ചു. കത്ത് ലഭിച്ചതിനു ശേഷവും പിറ്റേ ദിവസവും വീണ്ടുമൊരു ട്രെയിന്‍ പുറപ്പെടാന്‍ തീരുമാനിച്ചു. ഇത് ആശ്ചര്യകരമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥതലത്തില്‍തന്നെ സംസ്ഥാനം ഇതില്‍ ഇടപെട്ടു. ഇതിന്റെ ഭാഗമായി ആ തീരുമാനം റദ്ദാക്കി. സാധാരണ ഇത്രയും ചെറിയ കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യമില്ല. ഈ തലത്തില്‍ത്തന്നെ തീരേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ജനങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് ചിന്തയില്ലാത്തതുകൊണ്ടാണ് മഹാരാഷ്ട്രയില്‍നിന്നും കേരളത്തിലേക്കുള്ള ട്രെയിന്‍ റദ്ദാക്കേണ്ടി വന്നതെന്നായിരുന്നു റെയില്‍വെ മന്ത്രി ആരോപിച്ചിരുന്നത്.

Latest