Kerala
ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് നാല് വര്‍ഷം; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം 11 മണിക്ക്

തിരുവനന്തപുരം | കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്നേക്ക് നാല് വര്‍ഷം. പ്രതിസന്ധികള്‍ ഓരോന്നും മറികടന്ന്, രാഷ്ട്രീയ നിരീക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി, എതിര്‍ ചേരിയില്‍ ആശങ്ക വിതച്ച്, മികച്ച രീതിയില്‍ ഭരണം മുന്നോട്ടുപോകുകയാണ്. തുടര്‍ ഭരണമാണ് ഇനി ലക്ഷ്യം. അവസാന വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാറിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെന്ന് ബോധ്യപ്പെടുന്ന നിര്‍ണായക വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 11 മണിക്ക് നടത്തും.
തുടര്‍ച്ചയായുള്ള മന്ത്രിമാരുടെ രാജിയില്‍ ആദ്യ വര്‍ഷങ്ങില്‍ കളങ്കം നേരിട്ട് തുടങ്ങിയ പിണറായി സര്‍ക്കാരാണ് ഇന്ന് എതിരാളികളില്ലാത്ത രീതിയിലേക്ക് മാറിയിരിക്കുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ട ഇടത് മുന്നണി പിന്നിട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുന്ന് യു ഡി എഫ് കോട്ടകള്‍ പിടിച്ചാണ് തിരിച്ച് വരുന്നത്. 19 സീറ്റും പരാജയപ്പെട്ട് കരിനിഴലിലായിരുന്നു എല്‍ ഡിഎഫ് സര്‍ക്കാറിന്റെ കഴിഞ്ഞ വാര്‍ഷികം. എന്നാല്‍ അവസാന വര്‍ഷത്തിലേക്ക് കടന്നതോടെ സര്‍ക്കാറിന്റ ഗ്രാഫ് പതിന്‍മടങ്ങ് കൂടിയിരിക്കുകയാണ്. പിണറായിക്ക് തുല്ല്യന്‍ പിണറായി മാത്രം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തി.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തിനെതിരായി എടുത്ത ഉറച്ച നിലപാടും, കൊവിഡ് പ്രതിരോധത്തില്‍ ആഗോള അടിസ്ഥാനത്തില്‍ തന്നെ ലഭിച്ച അംഗീകാരവുമെല്ലാമാണ് പിണറായി സര്‍ക്കാറിനെ ശക്തമാക്കുന്നത്. പൗരത്വനിയമഭേദഗതിക്കെതിരെ എടുത്ത നിലപാട് ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാന്‍ പിണറായിക്ക് കഴിഞ്ഞു. രണ്ട് പ്രളയങ്ങളും നിപയും അതിജീവിച്ചതും ഇപ്പോള്‍ കൊവിഡിനെതിരായ ചെറുത്ത് നില്‍പ്പും സര്‍ക്കാറിന്റെ ഗ്രാഫ് ഉയര്‍ത്തുന്നു. രണ്ടേകാല്‍ ലക്ഷം വീട് നല്‍കിയ ലൈഫ് പദ്ധതിയും രോഗപ്രതിരോധനത്തിന് ഇപ്പോള്‍ സഹായമായ ആര്‍ദ്രം പദ്ധതിയും പ്രധാനനേട്ടങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നു.
പ്രതിപക്ഷമുയര്‍ത്തിയ ചില ആരോപങ്ങള്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും ഇതെല്ലാം എളുപ്പം മറികടക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു.മാര്‍ക്ക് ദാന വിവാദം, ഉത്തരക്കടലാസ് ചോര്‍ച്ച ഇവയൊക്കെ കൊടുങ്കാറ്റായി വന്നപ്പോഴും സര്‍ക്കാര്‍ ഇതിനെ നിഷ്പ്രയാസം മറി കടന്നു. മാര്‍ക്ക്ദാനത്തില്‍ രാജ്ഭവനില്‍ നിന്നടക്കം സര്‍ക്കാറിനെ തിരിച്ചടി നേരിട്ടിട്ടും ഇത് നന്നായി ഉപയോഗിക്കുന്നതില്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല.