Editorial
തൊഴിൽ മേഖലയിലെ നഷ്ടം ഭീമം

കൊവിഡ് മഹാമാരി ആരോഗ്യ മേഖലയിൽ മാത്രമല്ല, ജീവിതത്തിന്റെ സാർവത്രിക മേഖലയിലും കനത്ത പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. തൊഴിൽ രംഗത്തെയാണ് ഇതു കൂടുതൽ ബാധിക്കുക. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയുമാണ് ഇതു സൃഷ്ടിക്കുകയെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. തൊഴിൽ മേഖലയിലെ താഴേക്കിടക്കാരെയാണ് സാംക്രമികരോഗങ്ങൾ ബാധിക്കാറുള്ളതെന്നാണ് പൊതുവേയുള്ള വിശ്വാസം. എന്നാൽ കൊവിഡ് 19 പതിവിന് വിപരീതമായി മധ്യശ്രേണിയിലുള്ളവരെയും ഉന്നത ശ്രേണിയിലുള്ളവരെയും പിടികൂടി.
ഇന്ത്യയിൽ തൊഴിലില്ലായ്മ കുതിച്ചുയരുകയാണ്. ഏപ്രിലിൽ മാത്രം രാജ്യത്ത് 12.2 കോടി പേർക്ക് തൊഴിൽ നഷ്ടമുണ്ടായെന്നാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കോണമി (സി എം ഐ ഇ)പഠന റിപ്പോർട്ട്. രാജ്യത്തെ തൊഴിൽ മേഖലയെ കുറിച്ച് ആധികാരികമായ പഠന റിപ്പോർട്ടുകൾ തയ്യാറാക്കുന്ന കേന്ദ്രമാണ് സി എം ഐ ഇ. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള രണ്ടാഴ്ചക്കിടെ തന്നെ അഞ്ച് കോടി പേർക്ക് തൊഴിൽ നഷ്ടമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 23.4 ശതമാനവും നഗരമേഖലയിലേത് 30.9 ശതമാനവുമായതായി സി എം ഐ ഇ റിപ്പോർട്ട് പറയുന്നു. തൊഴിൽ പങ്കാളിത്ത നിരക്കിലും ക്രമാനുഗത കുറവുണ്ടായിട്ടുണ്ട്. 2020 മാർച്ചിൽ 41.9 ശതമാനമാണ് പങ്കാളിത്ത നിരക്ക്. 2019 ഫെബ്രുവരിയിൽ ഇത് 42.6 ശതമാനവും മാർച്ചിൽ 42.7 ശതമാനവുമായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് തൊഴിൽ പങ്കാളിത്തം 42 ശതമാനത്തിൽ താഴേക്കു പോകുന്നത്. മാർച്ചിൽ മാത്രം 90 ലക്ഷം പേരാണ് തൊഴിൽ ശേഷിക്ക് പുറത്തായത്. കൊവിഡിനെ തുടർന്നു ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് വൻ തൊഴിൽ നഷ്ടമുണ്ടായത്. അസംഘടിത മേഖലയിലാണ് കൊവിഡ് കൂടുതൽ തൊഴിൽ നഷ്ടം വരുത്തിയത്. ചെറു കച്ചവട സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതാണ് തൊഴിൽ നഷ്ടം കുത്തനെ ഉയർത്തിയതെന്ന് പഠനം പറയുന്നു. വഴിയോരക്കച്ചവടക്കാർ, ദിവസവേതനക്കാർ തുടങ്ങി സമൂഹത്തിലെ താഴേക്കിടയിലെ ആളുകൾക്കാണ് തൊഴിൽ നഷ്ടം കൂടുതൽ.
തൊഴിൽ നഷ്ടമാകുന്ന 12 കോടിയിൽ എട്ട് കോടിയോളം പേർ കുടുംബത്തിലെ ഏക വരുമാനക്കാരാണെന്നു സെന്റർ ഫോർ മോണിറ്ററിംഗ് ഓഫ് ഇന്ത്യൻ ഇക്കണോമിയുടെ സ്ഥിതി വിവരക്കണക്കുകൾ വിശകലനം ചെയ്തു പ്രശസ്ത സാമൂഹിക ശാസ്ത്രജ്ഞൻ പ്രൊഫ. യോഗേന്ദ്ര യാദവ് ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തെ 25 കോടി കുടുംബങ്ങളിൽ മൂന്നിലൊന്ന് നിത്യവൃത്തിക്ക് വഴിയില്ലാതെ ഗുരുതരമായ അനിശ്ചിതത്വത്തിലേക്ക് വീഴുന്നുവെന്നാണ് ഇത് കാണിക്കുന്നത്. ജനസംഖ്യാനുപാതത്തിൽ വളരെ മുമ്പിൽ നിൽക്കുന്ന തൊഴിലാളികളുടെ വരുമാനത്തിലുള്ള തകർച്ച അവർ ഭാഗമായ മൊത്തം സമൂഹത്തിലേക്ക് അരിച്ചിറങ്ങും. ഇത് സമൂഹത്തിന്റെ വാങ്ങൽ ശേഷി വളരെ താഴ്ന്ന തലത്തിലേക്ക് പതിക്കാനിടയാക്കുകയും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചെയ്യും. ജനങ്ങളുടെ ക്രയവിക്രയ ശേഷിയിലാണ് ഇന്ത്യയുടെ സാമ്പത്തിക വളർച്ച. എല്ലാവിധ ഉപഭോഗ വസ്തുക്കളും വാങ്ങാൻ ആഗ്രഹിക്കുന്നവരും കഴിവുള്ളവരുമായ 10 കോടി വരുന്ന മധ്യവർഗക്കാർ ഇന്ത്യയിലുണ്ട്. അവരാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത്.
രാജ്യത്തെ ഭീമമായ തൊഴിൽ നഷ്ടം ലോക്ക്ഡൗണിനെ തുടർന്നു കഴിഞ്ഞ രണ്ട് മാസത്തിനിടെ ഉളവായ ഒരു പ്രതിഭാസമല്ലെന്നു സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. കൊവിഡിനു മുമ്പു തന്നെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയും തൊഴിൽ മേഖലയും പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്നുവെന്ന് കഴിഞ്ഞ ദിവസം ആർ ബി ഐ മുൻ ഗവർണർ രഘുറാം രാജൻ ചൂണ്ടിക്കാട്ടുകയുണ്ടായി. നോട്ട് നിരോധത്തോടെയാണ് തൊഴിൽ, സാമ്പത്തിക മേഖലകൾ രൂക്ഷമായ പ്രതിസന്ധിയിലേക്ക് നീങ്ങാൻ തുടങ്ങിയത്. നോട്ട് നിരോധനത്തിനു പിന്നാലെ രണ്ട് വർഷം കൊണ്ട് 50 ലക്ഷം പേർക്കു തൊഴിൽ നഷ്ടപ്പെട്ടതായി ബെംഗളൂരുവിലെ അസിം പ്രേംജി സർവകലാശാലയിലെ ദി സെന്റർ ഫോർ സസ്റ്റെയ്‌നബിൾ എംപ്ലോയ്‌മെന്റ് 2017 ഏപ്രിലിൽ പുറത്തു വിട്ട പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. തൊഴിലില്ലായ്മ വർധിക്കാൻ തുടങ്ങിയത് 2016 നവംബറിനു ശേഷമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. 2016 നവംബർ എട്ടിനായിരുന്നു 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്. 2017-18 വർഷത്തിലെ തൊഴിലില്ലായ്മാ നിരക്ക് 45 വർഷത്തെ ഏറ്റവും ഉയർന്നതാണെന്ന ഔദ്യോഗിക റിപ്പോർട്ട് 2019 ആദ്യത്തിൽ പുറത്തു വന്നതുമാണ്. കേന്ദ്ര സർക്കാർ പുറത്തു വിടാതെ പൂഴ്ത്തി വെച്ചിരുന്ന “ദി നാഷനൽ സാന്പിൾ സർവേ ഓഫീസിന്റെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ” റിപ്പോർട്ട് ഒരു ദേശീയ മാധ്യമമാണ് ചോർത്തി പ്രസിദ്ധീകരിച്ചത്. മുന്നൊരുക്കങ്ങൾ ഇല്ലാതെ നടപ്പിലാക്കിയ ജി എസ് ടി, നോട്ടു നിരോധനം കൊണ്ടു നടുവൊടിഞ്ഞ അസംഘടിത മേഖലയെ മുക്കിക്കൊല്ലുകയും ചെയ്തു.
കൊവിഡ് സൃഷ്ടിച്ച നഷ്ടക്കണക്കുകൾ ഇവിടം കൊണ്ടൊന്നും അവസാനിക്കുകയില്ല. ഫലപ്രദമായ ചികിത്സയോ പ്രതിരോധ മരുന്നോ കണ്ടെത്തിയിട്ടില്ലാത്ത ഈ മഹാമാരിക്കെതിരെ നിലവിൽ പ്രയോഗിക്കുന്ന ഏക പ്രതിരോധ മാർഗമായ സാമൂഹിക അകലമുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ എന്നവസാനിക്കുമെന്നു പറയാനാകില്ല. ലോക്ക്ഡൗണിലൂടെ മൂന്നോ നാലോ ആഴ്ച കൊണ്ട് കൊവിഡിനെ പിടിച്ചു കെട്ടാനാകുമെന്നായിരുന്നു ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളും കരുതിയിരുന്നത്. ആ കണക്കുകൂട്ടൽ തെറ്റി. ഇന്ത്യയിൽ മാർച്ച് 24ന് പ്രധാനമന്ത്രി ഒന്നാംഘട്ട ലോക്ക്ഡൗൺ പ്രഖ്യപിച്ചത് 21 ദിവസത്തേക്കായിരുന്നു. അത് രണ്ടാമതും മൂന്നാമതും നീട്ടി ഇപ്പോൾ 60 ദിവസം പിന്നിട്ടു. മെയ് 31 ആണ് പുതിയ സമയ പരിധി.
രാജ്യത്തെ പല പ്രധാന മേഖലകളിലും കൊവിഡ് ബാധ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ലാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഇനിയും നീളാനാണ് സാധ്യത. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലും നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും ജനങ്ങളുടെ ഉപജീവനവും തൊഴിലുമായി ബന്ധപ്പെട്ട മേഖലകൾ ഏറെയും പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല ഇനിയും. പ്രവചനാതീതമായ സാമ്പത്തിക മാന്ദ്യമാകും ഇത് സൃഷ്ടിക്കുക.