National
അതിഥി തൊഴിലാളികളുമായി രാഹുല്‍ സംസാരിക്കുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടു

ന്യൂഡല്‍ഹി | ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്ന അതിഥി തൊഴിലാളികളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്തുവിട്ടു. ഹരിയാനയിലെ അംബാലയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളുമായാണ് രാഹുല്‍ സംസാരിക്കുന്നത്. 17 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ മെയ് 16നാണ് ചിത്രീകരിച്ചത്.
നൂറിലധികം കിലോമീറ്റര്‍ കാല്‍നടയായി നടന്ന് അവശരായി വഴിയരികില്‍ വിശ്രമിക്കുന്ന അതിഥി തൊഴിലാളികളുമായി റോഡരികിലെ നടപ്പാതയില്‍ ഇരുന്നാണ് രാഹുല്‍ സംസാരിക്കുന്നത്. അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചും വിവേചനങ്ങളെ കുറിച്ചും രാഹുല്‍ അരോട് ചോദിച്ചറിയുന്നുണ്ട്.
ലോക്ഡൗണ്‍ ഏറ്റവും മോശമായി ബാധിച്ചത് അതിഥി തൊഴിലാളികളെയാണെന്ന് രാഹുല്‍ വീഡിയോയില്‍ പറയുന്നു. ഭക്ഷണവും വെള്ളവുമില്ലാതെ കിലോമീറ്ററുകളോളം താണ്ടുന്ന തൊഴിലാളികളുടെ ചിന്തകുളം സ്വപ്‌നങ്ങളുമാണ് ഈ വീഡിയോയിലൂടെ പങ്കുവെക്കുന്നതെന്നും അദ്ദേഹം വീഡിയോയുടെ തുടക്കത്തില്‍ വ്യക്തമാക്കുന്നു.
Watch this short film in which I speak with India’s real nation builders, our migrant brothers & sisters. https://t.co/As99mjVvyt
— Rahul Gandhi (@RahulGandhi) May 23, 2020
തങ്ങള്‍ നിസ്സഹായര്‍ ആണെന്നും തങ്ങള്‍ക്ക് നടന്നേ മതിയാകൂവെന്നും അവര്‍ രാഹുലിനോട് പറയുന്നുണ്ട്. എന്നാല്‍ രാജ്യം മുഴുവന്‍ നിങ്ങള്‍ക്ക് നീതി കിട്ടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാജ്യത്തിന്റെ കരുത്തിനെ ശാക്തീകരിക്കുക എന്നതാണ് തങ്ങളുടെ കടമയെന്നും രാഹുല്‍ അവരോട് പറയുന്നു.