National
ഭക്ഷണം മോശം, അനിയന്ത്രിത വൈകല്‍; ശ്രമിക് ട്രെയിനുകള്‍ തടഞ്ഞ് തൊഴിലാളികളുടെ പ്രതിഷേധം

ലക്‌നോ | ശ്രമിക് ട്രെയിന്‍ വൈകിയതിലും ഭക്ഷണം മോശമായതിലും പ്രതിഷേധിച്ച് അതിഥി തൊഴിലാളികള്‍ ട്രെയിന്‍ തടഞ്ഞു. കിഴക്കന്‍ ഉത്തര്‍പ്രദേശിലേക്കും ബീഹാറിലേക്കും “ശ്രമിക് സ്‌പെഷ്യല്‍” ട്രെയിനുകളില്‍ യാത്ര ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളാണ് പ്രതിഷേധിച്ചത്. ട്രെയിന്‍ പത്ത് മണിക്കൂറോളം വൈകിയതും കമ്പാര്‍ട്ട്‌മെന്റുകളിലെ ശുചിത്വമില്ലായ്മയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ട്രെയിനില്‍ വിതരണം ചെയ്ത ഭക്ഷണം മോശമായിരുന്നുവെന്നും പരാതിയുണ്ട്.
വിശാഖപട്ടണത്ത് നിന്ന് ആന്ധ്രാപ്രദേശിലേക്ക് പുറപ്പെട്ട ട്രെയിനിലെ തൊഴിലാളികള്‍ റെയില്‍ പാളം ഉപരോധിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം. ദീന്‍ദയാല്‍ ഉപാധ്യായ ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലാണ് ട്രെയിന്‍ തടഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇവിടെ എത്തിയ ട്രെയിന്‍ പത്ത് മണിക്കൂറിലധികമായിട്ടും പുറപ്പെട്ടില്ലെന്നും തങ്ങള്‍ക്ക് രണ്ട് ദിവസമായി ഭക്ഷണവും വെള്ളവും ലഭിച്ചില്ലെന്നും തൊഴിലാളികളില്‍ ഒരാള്‍ പറഞ്ഞു. യാത്രക്കായി 1500 രൂപ തങ്ങളില്‍ നിന്ന് ഈടാക്കിയതായും ഇവര്‍ പരാതിപ്പെട്ടു.
മഹാരാഷ്ട്രയിലെ പനവേലില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ജൗണ്‍പൂരിലേക്ക് പുറപ്പെട്ട ട്രെയിനിലും പ്രതിഷേധമുണ്ടായി. ഈ ട്രെയിനും പത്ത് മണിക്കൂറോളം വൈകിതതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ട്രാക്കില്‍ ഇറങ്ങി. വരാണസിയില്‍ ട്രെയിന്‍ ദീര്‍ഘനേരം നിര്‍ത്തിയിട്ടപ്പോഴായിരന്നു പ്രതിഷേധം. ഒടുവില്‍ റെയില്‍വേ പോലീസ് ഇടപെട്ട് ഇവര്‍ക്ക് ഭക്ഷണം നല്‍കിയതോടെയാണ് തൊഴിലാളികള്‍ ട്രെയിനില്‍ കയറാന്‍ തയ്യാറായത്.