Covid19
ജി എസ് ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള സാഹചര്യം രാജ്യത്തില്ല: തോമസ് ഐസക്

തിരുവനന്തപുരം| ജി എസ് ടിക്ക് മേല്‍ സെസ് ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. നികുതി വര്‍ധിപ്പിക്കാനുള്ള സാഹചര്യമല്ല സംസ്ഥാനത്തുള്ളത്. ജി എസ് ടിക്ക് മേല്‍ നിലവില്‍ സെസ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല. ഇതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കില്ല. ജനങ്ങളുടെ മേല്‍ അധികഭാരം വര്‍ധിക്കുകയേഉള്ളു. വോട്ടിന് വേണ്ടി ചിലരെ തൃപ്തിപ്പെടുത്താന്‍ കേന്ദ്രം നികുതി കുറച്ചതിന്റെ പ്രത്യാഘാതമാണ് ഇപ്പോള്‍ കാണുന്നതെന്നും ഐസക് പറഞ്ഞു.
എല്ലാവരും വളരെ വിശദമായി മാസങ്ങളോളം എടുത്ത് ചര്‍ച്ച ചെയ്ത് ഉണ്ടാക്കിയ ഒരു നികുതി ഘടന ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് മുന്നേ ചിലരെയൊക്കെ പ്രീതിപ്പെടുത്താന്‍ വേണ്ടി ഒരു നോട്ടീസ് പോലും നല്‍കാതെ സകല നികുതി നിരക്കുകളും വെട്ടിക്കുറച്ചു. എന്നിട്ട് ഇപ്പോള്‍ സെസ് ഏര്‍പ്പെടുത്താന്‍ വേണ്ടി നില്‍ക്കുകയാണ്.കഴിഞ്ഞ മാസം ഒരു നികുതിയുമില്ല. ജി എസ് ടി 20 ശതമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. 80 ശതമാനം കേന്ദ്രം നഷ്ടപരിഹാരം തരേണ്ടതാണ്. പക്ഷേ തരില്ല. ജി എസ് ടി കോമ്പന്‍സേഷന്‍ സെസില്‍ പണം കിട്ടുന്നതുവരെ പണം തരില്ലെന്നാണ് പറയുന്നത്. എന്തിനാണ് ഈ ദുര്‍വാശി.
കേന്ദ്രം ജനങ്ങളിലേക്ക് നേരിട്ട് പണം എത്തിക്കാനുള്ള യാതൊരു ശ്രമവും നടത്തുന്നില്ല. ഇതിനാല്‍ രാജ്യത്ത് ജനങ്ങള്‍ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ഈ അവസ്ഥക്ക് മാറ്റമുണ്ടായാല്‍ മാത്രമേ നികുതി വര്‍ധനവ് കൊണ്ടും ഗുണമുള്ളൂവെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.