International
പാക്കിസ്ഥാന്‍ വിമാനാപകടം; മരണം 97 ആയി- അന്വേഷണത്തിന് നാലംഗ കമ്മീഷന്‍

കറാച്ചി |പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനം കറാച്ചിയിലെ ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 97 ആയി. മരണപ്പെട്ട 19 പേരുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞു.
60 പേരുടെ മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്റിലേക്കും 32 മൃതദേഹം കറാച്ചിയിലെ സിവില്‍ ആശുപത്രിയിലേക്കും മാറ്റിയതായി പാക് ആരോഗ്യ മന്ത്രാലയ വക്താവ് മീരാന്‍ യൂസുഫ് വ്യക്തമാക്കി.
അതിനിടെ വിമാനം ജനവാസ മേഖലയില്‍ തകര്‍ന്ന് വീഴുന്നതിന്റെ സി സി ടിവി ദൃശ്യം പുറത്തുവന്നു. വിമാനം കെട്ടിടങ്ങളിലേക്ക് വന്ന്പതിച്ചയുടന്‍ ഉഗ്രസ്‌ഫോടനമുണ്ടായി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ കറുത്ത പുകയാല്‍ എല്ലാം മൂടപ്പെട്ടു. സമീപത്തെ ഒരു വീടിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ച സി സി ടിവിയിലാണ് ഈ ദൃശ്യങ്ങളുള്ളത്. അതിനിടെ അപകടത്തിന്റെ കാരണം കണ്ടെത്താന്‍ പാക് വ്യോമയാന വിഭാഗം നാലംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. സാങ്കേതികത്തകരാര്‍മൂലമാണ് വിമാനം തകര്‍ന്നുവീണതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
വെള്ളിയാഴ്ച ഉച്ചക്കാണ് കറാച്ചി വിമാനത്താവളത്തിന് സമീപത്ത് ജനവാസമേഖലയില്‍ പാക്കിസ്ഥാന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍ലൈന്‍സിന്റെ എ320 വിമാനം തകര്‍ന്നുവീണത്. 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അപകടത്തില്‍ പ്രദേശത്തെ നിരവധി വീടുകളും തകര്‍ന്നിരുന്നു. പരുക്കേറ്റവരില്‍ പ്രദേശവാസികളും ഉള്‍പ്പെടുന്നു. തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.