പരീക്ഷക്ക് പഴുതടച്ച ക്രമീകരണങ്ങള്‍; വിദ്യാര്‍ഥികളെ തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കും

Posted on: May 22, 2020 7:31 pm | Last updated: May 23, 2020 at 9:46 am

തിരുവനന്തപുരം | എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷക്കുള്ള എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷക്കെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യാത്രാ സൗകര്യം ഒരുക്കും. തെര്‍മല്‍ സ്‌കാനിംഗിന് വിധേയരാക്കിയ ശേഷമായിരിക്കും പരീക്ഷക്കിരുത്തുക. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്കും പ്രത്യേക ഇരിപ്പിടങ്ങള്‍ നല്‍കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.

പരീക്ഷ കഴിഞ്ഞ് വീടുകളില്‍ തിരിച്ചെത്തുന്ന കുട്ടികള്‍ കുളിച്ച് ദേഹം ശുചീകരിച്ച ശേഷം മാത്രമേ വീട്ടിലെ മറ്റംഗങ്ങളുമായി ഇടപഴകാന്‍ പാടുള്ളൂ. എല്ലാ സ്‌കൂളുകളും ഫയര്‍ഫോഴ്‌സ് അണുവിമുക്തമാക്കും. പരീക്ഷ കേന്ദ്രങ്ങളിലെത്തുന്ന അധ്യാപകര്‍ ഗ്ലൗസ് ധരിച്ചിരിക്കണം. ഉത്തരക്കടലാസുകള്‍ ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തില്‍ സൂക്ഷിക്കും. കുട്ടികള്‍ക്ക് ആവശ്യമായ സാനിറ്റൈസര്‍, സോപ്പ് എന്നിവ ലഭ്യമാക്കുന്നതിനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരീക്ഷ എഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സേ പരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷയും നടത്തി ഇത്തരം വിദ്യാര്‍ഥികള്‍ക്ക് അവസരം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപരി പഠനത്തിനുള്ള അവസരം ആര്‍ക്കും നഷ്ടപ്പെടില്ല. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംശയ നിവാരണത്തിനായി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലും ഓരോ ജില്ലകളിലേയും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഓഫീസുകളിലും മെയ് 23 മുതല്‍ വാര്‍ റൂമുകള്‍ പ്രവര്‍ത്തിക്കും.