24 മണിക്കൂറിനിടെ ലോകത്ത്‌ 1.06 ലക്ഷം രോഗികള്‍;4,853 മരണം

Posted on: May 22, 2020 8:15 am | Last updated: May 22, 2020 at 11:43 am

വാഷിങ്ടണ്‍ | ലോകത്ത് കോവിഡ്19 രോഗികളുടെ എണ്ണം 51.89 ലക്ഷമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1.06ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. ഒരുദിവസത്തെ ഏറ്റവുംകൂടിയ രോഗബാധയാണിത്.

അതേസമയം, വ്യാഴാഴ്ചയും ഏറ്റവുംകൂടുതല്‍ രോഗബാധ അമേരിക്കയിലാണ്. 28,044 പുതിയ കേസുകളാണ് അമേരിക്കയില്‍ ഒറ്റ ദിവസംകൊണ്ടുണ്ടായത്. ബ്രസീലില്‍ 16,730 പേരും റഷ്യയില്‍ 8,849 പേരും പുതുതായി രോഗികളായി.

24 മണിക്കൂറിനിടെ അമേരിക്കയില്‍ 1,378 പേരാണ് മരിച്ചത്. ബ്രസീലീല്‍ 1153 പേരും മരിച്ചു. ഒറ്റ ദിവസം ലോകത്താകെ മരിച്ചത് 4,853 പേരാണ്. 3.34 ലക്ഷം പേരാണ് കോവിഡ് ബാധിതരായിഇതുവരെ ലോകത്താകെ മരണപ്പെട്ടത്.

തെക്കേ അമേരിക്കയിലും ആഫ്രിക്കയിലുമാണ് വൈറസ് ഇപ്പോള്‍ പിടിമുറുക്കുന്നത്. തെക്കേ അമേരിക്കയില്‍ കൂടുതല്‍ രോഗബാധയും മരണവും ബ്രസീലിലാണ്. സ്‌പെയിനിനെയും മറികടന്ന് ബ്രസീല്‍ രോഗബാധയില്‍ ലോകത്ത് മൂന്നാംസ്ഥാനത്തെത്തി.മരണം ഇരുപതിനായിരം കടന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന്രണ്ട് ആരോഗ്യ മന്ത്രിമാരാണ് ഇതിനോടകം ബ്രസീലില്‍ പുറത്തുപോയത്. പെറു, മെക്‌സിക്കോ, ചിലി എന്നീ രാജ്യങ്ങളിലാണ് തെക്കേ അമേരിക്കയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ കൂടുതല്‍ രോഗികളുള്ളത്.

കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ്(3.18ലക്ഷം രോഗികള്‍)റഷ്യയെങ്കിലും 3,099മരണം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ.

രോഗികള്‍ ഒരുലക്ഷംകടന്ന പെറുവില്‍ 3,148 പേരാണ് മരിച്ചത്. ഇന്ത്യയടക്കം 12 രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഒരുലക്ഷം കടന്നു. അമേരിക്കയില്‍16.20 ലക്ഷം ആണ് കേസുകള്‍. റഷ്യയിലും ബ്രസീലിലും മൂന്ന്ലക്ഷത്തിലധികമായി സ്ഥിരീകരിച്ച കേസുകള്‍.

ലോകത്തെ ആകെയുള്ള രോഗികളില്‍ 45,635 പേര്‍ ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. അതേ സമയം 20.79 ലക്ഷം പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.