Kerala
കേസ് പിന്‍വലിക്കാന്‍ ഇബ്രാഹീം കുഞ്ഞ് അഞ്ച് ലക്ഷം വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരന്‍

കൊച്ചി | പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞിനെതിരെ ഗുരുതര ആരോപണവുമായി പരാതിക്കാരന്‍. കള്ളപ്പണം വെളുപ്പില്‍ കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞ് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും പരാതിക്ക് പിന്നില്‍ ചില ലീഗ് നേതാക്കളാണെന്ന് പറയാന്‍ നിര്‍ബന്ധിച്ചതായും പരാതിക്കാരനായ ഗിരീഷ് ബാബു ആരോപിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം മൊഴി നല്‍കാന്‍ വിജിലന്‍സ് ഓഫീസില്‍ എത്തിയതായിരുന്നു അദ്ദേഹം.
കേസ് പിന്‍വലിക്കാന്‍ ഇബ്രാഹിംകുഞ്ഞിന്റെ ആളുകള്‍ നിരന്തരം സമ്മര്‍ദം ചെലുത്തിയപ്പോഴാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. പിന്നീട്, കേസ് പിന്‍വലിക്കാന്‍ കഴിയില്ലെങ്കില്‍ ചില ലീഗ് നേതാക്കളുടെ പ്രേരണ മൂലമാണ് കേസ് നല്‍കിയതെന്ന് കത്ത് നല്‍കാനും ആവശ്യപ്പെട്ടു. കത്ത് നല്‍കിയാല്‍ അഞ്ചു ലക്ഷം രൂപ നല്‍കാമെന്നും വാഗ്ദാനം ചെയ്തു. നാട്ടില്‍ എനിക്ക് പരിചയമുള്ള ഇബ്രാഹിം കുഞ്ഞുമായി അടുപ്പമുള്ള ചിലരാണ് ആദ്യം സമീപിച്ചത്. പിന്നീട് ഇബ്രാഹിംകുഞ്ഞുമായും മകനുമായും അവരുടെ വീട്ടിലെത്തി സംസാരിച്ചു. ഇബ്രാഹിംകുഞ്ഞ് നേരിട്ടാണ് അഞ്ചു ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞത്.
ഇതുമായി ബന്ധപ്പെട്ടഫോണ്‍കോളുകള്‍ താന്‍ റെക്കോഡ് ചെയ്തിട്ടില്ലെന്നും സി സി ടിവിയും മൊബൈല്‍ ലൊക്കേഷനും പരിശോധിച്ചാല്‍ താന്‍ അവരുടെ വീട്ടില്‍ പോയിരുന്ന കാര്യം വ്യക്തമാകുമെന്നും ഗിരീഷ് ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.