Connect with us

Covid19

തിങ്കളാഴ്ച ആരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വ്വീസിനുള്ള മാര്‍ഗരേഖയായി

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാനസര്‍വീസ് രണ്ട് മാസത്തിന് ശേഷം തിങ്കളാഴ്ച പുനരാരംഭിക്കാന്‍ തീരുമാനച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്കായി മാര്‍ഗരേഖ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. തിങ്കളാഴ്ചത്തെ ആദ്യ വിമാനം മുതല്‍ ഇനി അങ്ങോട്ട് യാത്ര ചെയ്യുന്നുവര്‍ക്കെല്ലാം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണ്. എന്നാല്‍ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ആവശ്യമില്ല. യാത്രക്കാരന്റെ മൊബൈല്‍ പരിശോധിച്ച് ആരോഗ്യസേതു ആപ്പ് ഉണ്ടോയെന്ന് സുരക്ഷ ജീവനക്കാര്‍ ഉറപ്പുവരുത്തണം. ആപ്പ് പരിശോധിച്ച് യാത്രക്കാരന്‍ വരുന്നത് ഗ്രീന്‍ സോണില്‍ നിന്നാണോയെന്ന് സുരക്ഷാ ജീവനക്കാര്‍ ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കരുത്.

മുഴുവന്‍ യാത്രക്കാര്‍ക്കും മാസ്‌ക്കും ഗ്ലൗസും നിര്‍ബന്ധമാണ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ എത്തണം. അതേസമയം വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് മാത്രമേ ടെര്‍മിനലിലേക്ക് യാത്രക്കാരെ കടത്തി വിടുകയുള്ളു. സ്വന്തം വാഹനമോ, അല്ലെങ്കില്‍ തിരെഞ്ഞെടുക്കപ്പെട്ട ടാക്‌സി, പൊതു ഗതാഗത സംവിധാനങ്ങളെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു. 80 വയസ് കഴിഞ്ഞവര്‍ക്ക് യാത്ര അനുവദിക്കില്ല. വിമാനത്താവളത്തില്‍ എത്താനുള്ള സൗകര്യം ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു

എല്ലാ യാത്രക്കാരും നിര്‍ബന്ധമായും തെര്‍മല്‍ സ്‌ക്രീനിലൂടെ കടന്ന് പോകണം. വിമാനത്താവളത്തില്‍ ട്രോളികള്‍ അനുവദിക്കില്ല. എന്നാല്‍ അത്യാവശ്യം വേണ്ടവര്‍ക്ക് ട്രോളി ലഭിക്കും. സോഡിയം ഹൈപ്പോക്‌ളോറൈറ്റ് ലായനിയില്‍ മുക്കിയ മാറ്റുകള്‍ പ്രവേശന കവാടത്തില്‍ ഉണ്ടായിരിക്കണം. പാദരക്ഷകള്‍ അണുവിമുക്തം ആക്കാനാണിത്. ബോര്‍ഡിങ് കാര്‍ഡുകള്‍ ഉള്‍പ്പടെ നല്‍കുന്ന കൗണ്ടറുകള്‍ ഗ്ലാസ് അല്ലെങ്കില്‍ പ്‌ളെക്‌സി ഗ്ലാസ് ഉപയോഗിച്ച് തിരിക്കണം. വിമാനത്തവാളത്തില്‍ സാമൂഹിക അകലം പാലിച്ച് മാത്രമേ യാത്രക്കാരെ ഇരിക്കാന്‍ അനുവദിക്കാവൂ.

കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ഓപ്പണ്‍ എയര്‍ വെന്റിലേഷന്‍ സംവിധാനം ഉപയോഗിക്കണം എന്നും എയര്‍ പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അണുവിമുക്തമാക്കിയ ശേഷമാകും ലഗേജുകള്‍ യാത്രക്കാര്‍ക്ക് നല്‍കുക. എയര്‍പോര്‍ട്ടില്‍ പരമാവധി ഡിജിറ്റല്‍ പെയ്‌മെന്റുകളാണ് പ്രോത്സാഹിപ്പിക്കേണ്ടത് എന്നും മാര്‍ഗരേഖയില്‍ വിശദീകരിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest