Connect with us

Covid19

ലിനി ഓര്‍മയായിട്ട് രണ്ട് വര്‍ഷം; കൊവിഡ് കാലത്ത് ലിനിയെ അനുസ്മരിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  കൊവിഡിന് മുമ്പ് കേരളത്തില്‍ മാഹാ ഭീതി വിതച്ച നിപക്കെതിരായ പോരാട്ടത്തിനിടെ സിസ്റ്റര്‍ ലിനി മരണപ്പെട്ടിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്യവെ നിപ ബാധിച്ച,് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരണപ്പെട്ട ലിനിയെ ഓര്‍ക്കുന്നത് മലയാളികളെ ഏറെ നൊമ്പരപ്പെടുത്തുന്നതാണ്. ലിനിയുടെ രണ്ടാം ഓര്‍മദിനത്തില്‍ അനുസ്മരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കൊവിഡ് 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിന്റെ കരുത്തെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും?. ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം തികയുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി മാറി.

കോവിഡ് 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിന്റെ കരുത്ത്.

രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് മുന്നിലുണ്ട്.

രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധ ഏറ്റ ആരോഗ്യപ്രവര്‍ത്തകര്‍ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നല്‍കുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മകള്‍ നമുക്ക് കരുത്തേകും.

---- facebook comment plugin here -----

Latest