Covid19
തുടര്‍ച്ചയായി മൂന്നാം ദിനവും രാജ്യത്ത് 5000ത്തിന് മുകളില്‍ കൊവിഡ് കേസുകള്‍

ന്യൂഡല്‍ഹി | കൊവിഡ് മാഹാമാരി രാജ്യത്ത് ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 5,609 കോവിഡ് കേസുകളും 132 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം ഇതിനകം 1,12,359 ആയി ഉയര്‍ന്നു. 3435 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. 63,624 പേരാണ് രാജ്യത്ത് ഇപ്പോള്‍ ചികിത്സയിലുള്ളത്. 45,300 പേര്‍ ഇതിനകം രോഗമുക്തരായി. മാഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് മരണവും കേസുകളും വലിയ തോതില്‍ ഉയരുകയാണ്.
രാജ്യത്തെ കോവിഡ് രോഗികളില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. 39,297 പേര്‍ക്ക് ഇതിനകം മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും 1390 പേര്‍ മരണപ്പെടുകയും ചെയ്തു. തുടര്‍ച്ചയായ ആറാം ദിവസവും രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2161 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 65 പേര്‍ മരണപ്പെടുകയും ചെയ്തു. രോഗികളില്‍ 1372 പേരും മരിച്ചവരില്‍ 41 പേരും മുംബൈയില്‍ നിന്നുള്ളവരാണ്.
ധാരാവി ചേരിയില്‍ പുതുതായി 25 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇവിടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ധാരാവിയില്‍ കോവിഡ് വ്യപാനം നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചനകളാണ് പ്രകടമാകുന്നത്. പ്രതിദിനം കണ്ടെത്തുന്ന രോഗികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി കോവിഡ് മരണമില്ല. 1378 പേര്‍ക്കാണ് ഇതുവരെ ധാരാവിയില്‍ രോഗം പിടിപ്പെട്ടത്. 54 പേര്‍ മരണപ്പെടുകയും ചെയ്തു.
ഇന്നലെ 743 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ ഇതിനകം 13191 പേര്‍ രോഗബാധിതരാകുകയും 87 പേര്‍ മരണപ്പെടുകയും ചെയ്തു. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 397 പുതിയ കേസുകളും 30 മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 12,537 ആയി. 749 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 11,088 പേര്‍ക്ക് രോഗം ബാധിക്കുകയും 176 മരണവും ഉണ്ടായി.