Connect with us

Articles

നീതിപീഠം കാണാത്ത ബന്ധനങ്ങള്‍

Published

|

Last Updated

വ്യക്തിസ്വാതന്ത്ര്യവും മറ്റു ഭരണഘടനാദത്ത പൗരാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടത് ഒരു പുരോഗമന ജനാധിപത്യ ഭരണക്രമം നിലനില്‍ക്കുന്ന സമൂഹത്തിന്റെ അനിവാര്യതയാണ്. ഭരണകൂടത്തിന്റെ സ്വേച്ഛാപര, അമിതാധികാര നടപടികള്‍ക്കെതിരെ പൗര സ്വാതന്ത്ര്യം കാത്തുവെക്കാനുള്ള ആയുധമാണ് ഹേബിയസ് കോര്‍പസ് ഹരജികള്‍. നിയമവിരുദ്ധ തടവിലെങ്കില്‍ വേഗവും കാര്യക്ഷമവുമായ പരിഹാരമാണത്.

തടവിലാക്കപ്പെട്ട വ്യക്തിയെ കോടതിയില്‍ ഹാജരാക്കി തടവിന്റെ നിയമസാധുത പരിശോധിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള റിട്ട് ഹരജിയാണ് ഹേബിയസ് കോര്‍പസ്. തടവുകാരനെ കോടതിയില്‍ കൊണ്ടുവരാതെയും നിയമ സാധുത പരിശോധിക്കാന്‍ കോടതിക്ക് സാധിക്കും. പൗരാവകാശങ്ങളിലേക്ക് നീളുന്ന എക്‌സിക്യൂട്ടീവ് ഇടപെടലുകള്‍ക്ക് മൂക്കുകയറിടുന്ന ഹേബിയസ് കോര്‍പസ് ഹരജികളില്‍ തടവിന്റെ നിയമ പ്രാബല്യം തെളിയിക്കേണ്ടത് ഭരണകൂടമാണ്. ന്യായാധിപര്‍ക്ക് ലഭ്യമായ വിവേചനാധികാരത്തിന്റെ ഉരക്കല്ലില്‍ സമീകരിച്ച് തീരുമാനമെടുക്കാവുന്ന, ബദല്‍ പ്രതിവിധി മുന്നോട്ടുവെക്കാവുന്ന ഒന്നല്ല ഹേബിയസ് കോര്‍പസ് ഉള്‍വഹിക്കുന്ന അവകാശം. പ്രസ്തുത ഹരജി പ്രശ്‌നവത്കരിക്കുന്നത് തടവുകാരന്റെ അവകാശത്തെയാണ്. തടവിലാക്കപ്പെട്ടയാള്‍ കുറ്റക്കാരനോ നിരപരാധിയോ എന്ന് തീര്‍പ്പുകല്‍പ്പിക്കലും റിട്ടിന്റെ ലക്ഷ്യമല്ല.

ഹേബിയസ് കോര്‍പസ് ഹരജികള്‍ അടിസ്ഥാനപരമായി വിഭാവനം ചെയ്തിരിക്കുന്നത് തടവിന്റെ നിയമസാധുത പരിശോധിച്ച് നിയമ വിരുദ്ധമാണെന്ന് ബോധ്യമാകുന്ന പക്ഷം തടവുകാരന് സ്വാതന്ത്ര്യം നല്‍കാനാണെന്ന് 1973 ല്‍ സുപ്രീം കോടതി നിരീക്ഷിച്ച നിയമ വ്യവഹാരമാണ് കനു സന്യാല്‍ കേസ്. ഇതടക്കം നിരവധി നീതിന്യായ തീര്‍പ്പുകളില്‍ നമ്മുടെ പരമോന്നത നീതിപീഠം ഹേബിയസ് കോര്‍പസ് ഹരജികളുടെ പ്രാധാന്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗതമായി ഭരണഘടനാ കോടതികള്‍ ഹേബിയസ് കോര്‍പസ് ഹരജികള്‍ കേള്‍ക്കുന്നതിന് ഇതര നിയമ വ്യവഹാരങ്ങളേക്കാള്‍ മുന്‍ഗണന നല്‍കിപ്പോരുന്നുണ്ട്. ഇത്തരം ഹരജികള്‍ വേഗത്തില്‍ കേട്ട് തീര്‍പ്പാക്കുന്നതില്‍ കാലതാമസം വരരുതെന്ന് പല തവണ സുപ്രീം കോടതി രാജ്യത്തെ വിവിധ ഹൈക്കോടതികളെ ഓര്‍മപ്പെടുത്തിയിട്ടുമുണ്ട്.
സുപ്രീം കോടതി, ഹൈക്കോടതി റൂളുകളില്‍ ഹേബിയസ് കോര്‍പസ് ഹരജികളെ പരാമര്‍ശിക്കുന്ന പ്രത്യേക വകുപ്പുകളുണ്ടെങ്കിലും അതിലൊന്നും ഹരജി ഫയല്‍ ചെയ്ത് നീതിപീഠത്തിന്റെ പരിഗണനക്ക് വരാന്‍ നിശ്ചിത സമയം നിര്‍ണയിച്ചിട്ടില്ല. എങ്കിലും ഹേബിയസ് കോര്‍പസ് ഹരജികള്‍ അതിവേഗം കേള്‍ക്കുന്ന പതിവ് കോടതികള്‍ നിരാക്ഷേപം തുടര്‍ന്നു പോരുന്നു. പൗരാവകാശം അത്രമേല്‍ അപകടകരമായ നിലയില്‍ നിഷേധിക്കപ്പെടും എന്ന തീര്‍ച്ച തന്നെയാണ് കോടതികളെ യുക്തമായ പ്രതികരണത്തിന് ഇവിടെ പ്രാപ്തമാക്കുന്നത്.

കോടതികളില്‍ ഹരജി സമര്‍പ്പിക്കാന്‍ ഇരക്ക് മാത്രമായി അനുവദിച്ചിരുന്ന അവകാശത്തെ പൊതു താത്പര്യ ഹരജികളിലേക്ക് വികസിപ്പിച്ചതും തടവുകാരന്റെ കത്ത് പോലും ഹരജിയായി പരിഗണിക്കുന്ന തലത്തിലേക്ക് നമ്മുടെ നീതിന്യായ സംവിധാനം വളര്‍ന്നതും നീതിബോധമുള്ള ന്യായാധിപരുടെ ശ്രമഫലമായാണ്. ജുഡീഷ്യല്‍ ആക്ടിവിസത്തിന്റെ വക്താവായിരുന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ് തിഹാര്‍ ജയിലിലെ ഇരുമ്പഴിക്കുള്ളില്‍ നിന്ന് സുനില്‍ ബത്ര എന്ന തടവുകാരന്‍ സുപ്രീം കോടതി ജഡ്ജിക്കെഴുതിയ കത്ത് ഹരജിയായി കണ്ട് നീതിന്യായ പതിവുകളില്‍ വലിയ മാറ്റത്തിന് കളമൊരുക്കിയത്. എന്നാല്‍ ഭരണഘടനാ ബാധ്യതകള്‍ വിസ്മരിച്ച് ഭരണകൂട ഇംഗിതത്തിനൊപ്പം നില്‍ക്കാനുള്ള വ്യഗ്രത പ്രകടിപ്പിക്കുന്നു പരമോന്നത നീതിപീഠത്തിലെ ചില ന്യായാധിപര്‍. അടിയന്തര പ്രാധാന്യത്തോടെ മുഖവിലക്കെടുക്കേണ്ട ഹേബിയസ് കോര്‍പസ് ഹരജികളില്‍ പോലും കാലവിളംബം വരുത്തിയും തീരുമാനമെടുക്കാതെയും ഒഴിഞ്ഞു മാറുന്ന ജഡ്ജിമാര്‍ നീതിനിഷ്ഠ വെച്ചു പുലര്‍ത്തിയ പൂര്‍വഗാമികളായ ന്യായാധിപരെക്കൂടെയാണ് അവഹേളിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിന്റെ സവിശേഷ പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് അതിര്‍ത്തി സംസ്ഥാനത്ത് ഉടലെടുത്ത സംഭവ വികാസങ്ങള്‍ ആഗോള ശ്രദ്ധയിലെത്തിയിരുന്നു. താഴ്‌വരയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ വന്‍തോതില്‍ നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയുണ്ടായി. സുതാര്യവും പൗരാവകാശ കേന്ദ്രീകൃതവുമായ ജനാധിപത്യ മൂല്യങ്ങളോട് പൂര്‍ണമായും ചേര്‍ത്തുവെക്കാവുന്ന സ്വാതന്ത്ര്യ പരിസരമല്ല കരുതല്‍ തടവ് പോലെയുള്ള പ്രതിരോധ മുറകള്‍ക്കും അതിന് അനുമതി നല്‍കുന്ന കരിനിയമങ്ങള്‍ക്കുമുള്ളത്. സവിശേഷ പദവിയില്‍ ഭരണകൂടം കത്തിവെച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ രൂപംകൊണ്ട രാഷ്ട്രീയ പ്രതിസന്ധിയില്‍ നിരവധി ജനകീയ നേതാക്കള്‍ കരുതല്‍ തടങ്കലില്‍ തളക്കപ്പെട്ടു. അതിനാലാണ് പരമോന്നത നീതിപീഠത്തിലെത്തിയ ഹേബിയസ് കോര്‍പസ് ഹരജികള്‍ പ്രസക്തമാകുന്നത്.

ജമ്മു കശ്മീര്‍ എം എല്‍ എയും സി പി എം സംസ്ഥാന സെക്രട്ടറിയുമായ എം യൂസുഫ് തരിഗാമിയെ തേടി സീതാറാം യെച്ചൂരി സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു. തരിഗാമിയെ സന്ദര്‍ശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. സന്ദര്‍ശനം മറ്റു താത്പര്യങ്ങള്‍ക്ക് വേണ്ടിയാകരുതെന്നും അങ്ങനെ വന്നാല്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ഉപാധി വെച്ചുകൊണ്ടായിരുന്നു സീതാറാം യെച്ചൂരിക്ക് കോടതി അനുമതി നല്‍കിയത്. കൂടാതെ തിരിച്ചെത്തുന്ന മുറക്ക് തരിഗാമിയുടെ ആരോഗ്യ സ്ഥിതി സംബന്ധമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.

രാജ്യത്ത് സംജാതമാകുന്ന സങ്കീര്‍ണ രാഷ്ട്രീയ സാഹചര്യങ്ങളിലടക്കം ജനാധിപത്യാവകാശങ്ങളോടൊപ്പം നിലയുറപ്പിക്കേണ്ട ഉന്നത ന്യായാസനം എത്ര ഉദാസീനമായാണ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് തെര്യപ്പെടാന്‍ ഇതുതന്നെ ധാരാളം. തരിഗാമിയെ കണ്ടെത്തുന്നതിന് പകരം ഹരജിക്കാരനോട് ജമ്മു കശ്മീരില്‍ പോയി സന്ദര്‍ശിച്ചുവന്ന് തത്‌സ്ഥിതി സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതിലെ നിരുത്തരവാദ സമീപനത്തെക്കുറിച്ച് പിന്നീട് യെച്ചൂരി പ്രതികരിക്കുകയുമുണ്ടായി. യെച്ചൂരിയുടെ സന്ദര്‍ശനാനന്തരം യൂസുഫ് തരിഗാമിക്ക് ഡല്‍ഹി എയിംസില്‍ ചികിത്സക്ക് അനുമതി നല്‍കിയ സുപ്രീം കോടതി, ചികിത്സ അവസാനിച്ചാല്‍ ഉടന്‍ അദ്ദേഹം ശ്രീനഗറിലേക്ക് മടങ്ങിപ്പോകണമെന്നും ഉത്തരവിട്ടു. അതേസമയം, ആഗസ്റ്റ് അഞ്ച് മുതല്‍ തുടരുന്ന കരുതല്‍ തടവിന്റെ നിയമസാധുത പരിശോധിക്കാന്‍ കോടതി തയ്യാറായതേയില്ല. തരിഗാമിക്ക് വേണ്ടി സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജി ഇപ്പോഴും തീര്‍പ്പാക്കിയിട്ടില്ല എന്നതില്‍ ആരുടെ ശിരസ്സാണ് കുനിഞ്ഞു നില്‍ക്കുന്നതെന്ന് വായനക്കാര്‍ക്ക് തീരുമാനിക്കാം.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്ക് വേണ്ടി സഹോദരി സാറ അബ്ദുല്ലയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആദ്യമേ കരുതല്‍ തടവിലായിരുന്ന അദ്ദേഹത്തിനെതിരെ കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ജമ്മു കശ്മീര്‍ പൊതു സുരക്ഷാ നിയമം (പി എസ് എ) ചുമത്തി. അത് റദ്ദാക്കാന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഫെബ്രുവരി 14ലേക്ക് ലിസ്റ്റ് ചെയ്‌തെങ്കിലും അതുകൊണ്ടൊന്നും മുന്‍ മുഖ്യമന്ത്രിക്ക് മോചനമായില്ല. ഒടുവില്‍ മാര്‍ച്ച് 24ന് ഭരണകൂടം അദ്ദേഹത്തെ തടവില്‍ നിന്ന് മോചിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറക്കി. നീതിപീഠം കര്‍ത്തവ്യം നിര്‍വഹിക്കാതെ ഭരണകൂടത്തിന് എന്ത് നെറികേടും ചെയ്യാനുള്ള അവസരമൊരുക്കിയതിന്റെ അറ്റത്ത് കേന്ദ്ര സര്‍ക്കാറിന്റെ ഔദാര്യ ബുദ്ധിയില്‍ ഉമര്‍ അബ്ദുല്ലക്ക് മോചനം ലഭിക്കുമ്പോള്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്കല്ലേ പോറലേല്‍ക്കുന്നത്.

നേരത്തേ കരുതല്‍ തടവിലെടുത്ത ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹ്ബൂബ മുഫ്തിക്കെതിരെ പൊതു സുരക്ഷാ നിയമം ചുമത്തിയ പശ്ചാത്തലത്തില്‍ മകള്‍ ഇല്‍തിജ മുഫ്തി സമര്‍പ്പിച്ച റിട്ട് ഹരജിയും ഇപ്പോഴും തീര്‍പ്പാക്കാതെ കിടക്കുന്നു. ഇവരാരും വിഘടനവാദി നേതാക്കളോ ദേശവിരുദ്ധരോ അല്ല. അക്രമോത്സുകവും പ്രതിലോമകരവുമായ ദേശീയതയുടെ പ്രചാരകരായ ബി ജെ പി പോലും തൊട്ടുകൂടായ്മ കല്‍പ്പിച്ചിട്ടില്ല ജമ്മു കശ്മീരിലെ ഈ രാഷ്ട്രീയ നേതാക്കള്‍ക്ക്. അതുകൊണ്ടാണ് മെഹ്ബൂബ മുഫ്തിയുടെ പി ഡി പിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് അവര്‍ സര്‍ക്കാര്‍ രൂപവത്കരിച്ചത്. ജനാധിപത്യ പാതയില്‍ തിരഞ്ഞെടുക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിമാരടക്കം നിരവധി രാഷ്ട്രീയ നേതാക്കളെയും സാമൂഹിക മനുഷ്യാവകാശ പ്രവര്‍ത്തകരെയും മറുവാക്കിനിടമില്ലാത്ത വിധം തടവിലാക്കിയതിന് പിന്നിലെ ജനാധിപത്യ വിരുദ്ധതയെ ചോദ്യം ചെയ്യാന്‍ നീതിപീഠം മടിക്കുന്നുവെങ്കില്‍ രാജ്യത്തെ പരശ്ശതം സാധാരണക്കാരും ദരിദ്രരും നീതിപീഠത്തിന്റെ സുതാര്യതയെയും പക്ഷരാഹിത്യത്തെയും പ്രതി ആശ്വാസമടയുന്നതെങ്ങനെയാണ്.

എന്നാല്‍ കോടതി കയറുന്ന മറ്റു ചില നിയമ വ്യവഹാരങ്ങളില്‍ പലപ്പോഴും അനാവശ്യ ഝടുതി കാണിച്ചു കൊണ്ട് ന്യായാധിപ പ്രമുഖര്‍ മുന്നോട്ടു വരാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളുടെ ഭക്ഷണവും താമസവും ഉറപ്പുവരുത്തുന്നതിന് സുപ്രീം കോടതി തികഞ്ഞ നയചാതുരിയോടെ ഇടപെടേണ്ടതായിരുന്നു. പക്ഷേ, എല്ലാം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന് പറഞ്ഞ് കോടതി മടക്കിപ്പൂട്ടിയിരുന്നു. മറുവശത്ത് സംഘ്പരിവാര്‍ സഹയാത്രികനായ ചാനല്‍ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി അടിയന്തര നീക്കങ്ങള്‍ നടത്തുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും പ്രഥമദൃഷ്ട്യാ ഗുരുതര കുറ്റകൃത്യം ബോധ്യപ്പെടുക കൂടി ചെയ്തിട്ടും കോടതിക്ക് തിടുക്കം അര്‍ണബിന് സംരക്ഷണമൊരുക്കാനായിരുന്നു. നീതിപീഠത്തിലെ ഈ സ്ഥിതിക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. ലോകത്തിനൊപ്പം ജനാധിപത്യ മതനിരപേക്ഷ ഇന്ത്യയും പുതിയൊരു വഴിത്തിരിവിലേക്ക് നീങ്ങുന്ന ഈ ഘട്ടത്തില്‍ നീതിയുടെ വെട്ടം തെളിഞ്ഞു കത്തുന്ന ഭാവിയിലേക്കാണ് ജുഡീഷ്യറി രാജ്യത്തെ നയിക്കേണ്ടത്. അതിന് കോടതി മുറികളില്‍ നിന്ന് ഉറച്ച ശബ്ദം കേള്‍ക്കുമെന്ന പ്രതീക്ഷ തന്നെയാണ് ജനാധിപത്യം ബാക്കിയാക്കുന്നത്.

Latest