Connect with us

Kozhikode

ഉപ്പയും ഉമ്മയും രോഗികൾ; പരിചരിക്കാൻ 11കാരൻ

Published

|

Last Updated

കോഴിക്കോട് | ക്യാൻസർ രോഗിയായ പിതാവ്, കാലിന് വ്രണം ബാധിച്ച് നടക്കാൻ വയ്യാത്ത മാതാവ്. അവർക്ക് മരുന്ന് വേണം, ഭക്ഷണം വേണം, ഡോക്ടർമാർ നിർദേശിക്കുന്ന ലാബ് ടെസ്റ്റുകൾ ഓരോന്നും നടത്താൻ സാമ്പിളുകൾ അതാതിടങ്ങളിൽ എത്തിക്കണം. ഉത്തരവാദിത്വം പൂർണമായും 11 വയസ്സുകാരന്റെ ചുമലിലാണ്.
മലപ്പുറം ജില്ലയിലെ ആതവനാട് പരുതി സ്‌കൂളിലെ ആറാം ക്ലാസുകാരൻ ഷാജഹാൻ മെഡി.കോളജ് ആശുപത്രി ജീവനക്കാർക്കിടയിൽ സുപരിചിതനാണിപ്പോൾ. ആവശ്യത്തിന് എങ്ങനെ പണം കണ്ടെത്തും, ആര് തരും ? അതൊന്നും അവന് പ്രശ്‌നമല്ല, ഇതു വരെ ആരെങ്കിലുമൊക്കെ സഹായിച്ചിട്ടുണ്ടെന്നാണ് ഷാജഹാന്റെ പക്ഷം. നിലവിൽ ആശുപത്രിയിലെ ജീവനക്കാരും വാർഡിലെ മറ്റു രോഗികളുടെ കൂട്ടിരിപ്പുകാരുമാണ് അവന്റെ പ്രതീക്ഷ.

വെട്ടിച്ചിറ ആതവനാട് റോഡിലെ മാട്ടുമ്മലിൽ വാടക വീട്ടിൽ താമസിക്കുന്ന മുഹമ്മദും ഭാര്യ ജമീലയുമാണ് മെഡി.കോളജ് ആശുപത്രിയിലെ 19ാം വാർഡിൽ കഴിയുന്നത്. കഴുത്തിന് ക്യാൻസറാണ് മുഹമ്മദിന്. പ്രമേഹം കാരണം കാലിന് വ്രണം ബാധിച്ച് നടക്കാൻ വയ്യാത്ത അവസ്ഥയിലാണ് ജമീല. ഇവരുടെ ഏക മകനാണ് ഷാജഹാൻ.

വിവരമനുസരിച്ച് കോഴിക്കോട്ടെ ഒരു യത്തീംഖാനയിലെ അന്തേവാസിനിയായിരുന്ന ജമീലയെ തിരുവനന്തപുരത്തുകാരനായ മുഹമ്മദ് വിവാഹം കഴിക്കുകയായിരുന്നു. ശേഷം വിവിധ സ്ഥലങ്ങളിൽ വീട് വാടകക്കെടുത്ത് താമസിക്കാറായിരുന്നു പതിവ്. നിലവിൽ വെട്ടിച്ചിറ മാട്ടുമ്മലാണ് താമസം. മുഹമ്മദിന് അസുഖം ബാധിച്ചതോടെ ജീവിതം വഴിമുട്ടി. അതേസമയം, മുഹമ്മദിനെ ഇന്ന് മുതൽ ചെസ്റ്റ് ആശുപത്രിക്ക് സമീപമുള്ള ടെർട്ടിയറി ക്യാൻസർ സെന്ററിലേക്ക് (ടി സി സി) മാറ്റുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സുമനസ്സുകളുടെ കനിവ് കാത്ത് കഴിയുന്ന ഇവർക്ക് സഹായമെത്തിക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാം: 9895051909, 9526475900.

Latest