Covid19
ലോക്ക് ഡൗണില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി ഐ സി എഫ് ഖത്വീഫ് സെന്‍ട്രല്‍

ഖത്വീഫ് | ലോക്ക് ഡൗണിനെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി ഐ സി എഫ് ഖത്വീഫ് സെന്‍ട്രല്‍ കമ്മിറ്റി. പ്രവര്‍ത്തകരില്‍ നിന്നും സുമനസ്സുകളായ ആളുകള്‍ വഴിയും സ്വരൂപിച്ചവയാണ് അര്‍ഹരായവരെ കണ്ടെത്തി വിതരണം ചെയ്തത്. പ്രയാസങ്ങള്‍ നേരിടുന്നവരെ കണ്ടെത്തി ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും. രോഗികള്‍ക്ക് മരുന്നുകള്‍ എത്തിച്ചുകൊടുക്കുക, കൊവിഡ് ലക്ഷണങ്ങള്‍ കണ്ടവരെ പരിശോധനകള്‍ക്കും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുക, മാനസികമായി പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിംഗ്, താമസ സൗകര്യങ്ങള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളും ഖത്വീഫ് സെന്‍ട്രല്‍ പരിധിയിലെ വിവിധ യൂനിറ്റുകളിലെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ഖത്വീഫിലെ ഹോട്ടല്‍ വ്യാപാരി ഒരാഴ്ചയിലധികം സൗജന്യമായി നല്‍കിയ ഭക്ഷണം അര്‍ഹരായവര്‍ക്ക് റൂമുകളില്‍ നേരിട്ട് എത്തിച്ച് നല്‍കാനും കഴിഞ്ഞു. ഹെല്‍പ്പ് ഡെസ്‌ക്കില്‍ ദിവസവും സഹായമഭ്യര്‍ഥിച്ചു വരുന്ന നിരവധി പേര്‍ക്ക് ഇതിനകം ആശ്വാസം നല്‍കാന്‍ സംഘടനക്ക് സാധിച്ചിട്ടുണ്ട്. ഖത്വീഫ് സെന്‍ട്രല്‍ പരിധിയിലെ സിറ്റി, അല്‍ ജെയ്ഷ്, മഹദൂദ്, തൂബി തുടങ്ങിയ പ്രദേശങ്ങളിലും സാന്ത്വനം നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്നുണ്ട്. മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ബംഗ്ലാദേശ് തുടങ്ങിയ രാജ്യക്കാര്‍ക്കും ഭക്ഷ്യ കിറ്റുകള്‍ ഉള്‍പ്പെടയുള്ള സാന്ത്വനം സഹായങ്ങള്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്.
സെന്‍ട്രല്‍ പ്രസിഡന്റ് ദാകിര്‍ സഖാഫി, സെക്രട്ടറി സി പി നാസര്‍, ഉബൈദ് മോളൂര്‍, ആബിദ് തങ്ങള്‍ അഷ്റഫ് വേങ്ങാട്, സിദ്ധീഖ് കണ്ണൂര്‍, സുബൈര്‍ സഅദി, അബ്ദുല്‍ വഹാബ് മുസ്‌ലിയാര്‍, അഹ്മദ് കുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഐ സി എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് ക്ഷേമകാര്യ സമിതിയും രംഗത്തുണ്ട്.