Connect with us

Covid19

ഒരു കുടിയേറ്റ തൊഴിലാളിയും റെയില്‍വേ ട്രാക്കിലൂടെയും റോഡിലൂടെയും നടക്കുന്ന സ്ഥിതിയുണ്ടാകരുത്: സംസ്ഥാനങ്ങളോട് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളോട് സഹകരിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലാളികള്‍ കാല്‍നടയായി സ്വന്തം നാടുകളിലേക്ക് കിലോമീറ്ററുകള്‍ സഞ്ചരിക്കുന്നതും മറ്റും കണക്കിലെടുത്താണ് നിര്‍ദേശം. കുടിയേറ്റ തൊഴിലാളികളെ അവരവരുടെ നാടുകളിലെത്തിക്കുന്നതിന് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്നും ഇതുമായി സഹകരിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കുള്ള കത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല ആവശ്യപ്പെട്ടു.

കുടിയേറ്റ തൊഴിലാളികള്‍ യാത്ര ചെയ്യുന്ന പാതകളില്‍ വിശ്രമ കേന്ദ്രങ്ങള്‍ സജ്ജീകരിക്കണമെന്നും സംസ്ഥാന ഭരണകൂടങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിശ്രമ കേന്ദ്രങ്ങള്‍ എവിടെയൊക്കെ നിര്‍മിക്കണമെന്നത് ജില്ലാ ഭരണകൂടത്തിന്റെയും എന്‍ ജി ഒമാരുടെയും സഹായത്തോടെ കണ്ടെത്തണം. ആരോഗ്യ ക്രമീകരണങ്ങള്‍, ഭക്ഷണം, ശുചിത്വം എന്നിവയും ഉറപ്പാക്കുകയും ഇത്തരം കേന്ദ്രങ്ങളില്‍ ദീര്‍ഘകാലം ക്വാറന്റൈനില്‍ കഴിയേണ്ടി വരുമെന്ന തോന്നല്‍ ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കുകയും വേണം.

ഒരു കുടിയേറ്റ തൊഴിലാളിയും റെയില്‍വേ ട്രാക്കുകളിലൂടെയും റോഡുകളിലൂടെയും നടക്കുന്ന സ്ഥിതിയുണ്ടാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണം. മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി 16 കുടിയേറ്റ തൊഴിലാളികള്‍ മരിച്ച പശ്ചാത്തലത്തില്‍ അയച്ച കത്ത് തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ബിഹാറിലെ ഭഗല്‍പൂരില്‍ ഇന്ന് രാവിലെയോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ഉത്തര്‍ പ്രദേശിലെ ഝാന്‍സി- മിര്‍സപുര്‍ ഹൈവേയില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച മിനിലോറി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. ഇന്നലെ അര്‍ധരാത്രി മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു.

---- facebook comment plugin here -----

Latest