Covid19
യു പിയിലേക്ക് ട്രെയിനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു; കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികള്‍ കൂട്ടമായെത്തി

കണ്ണൂര്‍ | ഉത്തര്‍പ്രദേശിലേക്ക് ട്രെയിനുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് അതിഥി തൊഴിലാളികള്‍ കൂട്ടമായെത്തി. രാവിലെ എട്ട് മണിയോടെ വളപട്ടണം ഭാഗത്തുള്ള നൂറോളം അതിഥി തൊഴിലാളികള്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന് കണ്ണൂര്‍ സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു. ഇന്ന് വൈകുന്നേരം ട്രെയിനുണ്ടെന്ന് മൊബൈലില്‍ വിവരം ലഭിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നും തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ആരാണ് ഇത്തരം ഒരു സന്ദേശം നല്‍കിയതെന്ന് വ്യക്തമല്ല.
നാട്ടിലേക്ക മടങ്ങാനായി വസ്ത്രങ്ങളും മറ്റും അടങ്ങിയ വലിയ ബാഗുകളുമായാണ് ഇവര്‍ എത്തിയത്. റെയില്‍വേ ട്രാക്ക് വഴി ഇവര്‍ വന്നതിനാല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുമ്പോള്‍ മാത്രമാണ് ആര്‍ ടി എഫും പോലീസും വിവരങ്ങള്‍ അറിഞ്ഞത്.
വളപട്ടണത്തെ ക്യാമ്പില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്നും കൈയില്‍ പണമില്ലെന്നും ചില അതിഥി തൊഴിലാളികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു തവണ മാത്രമാണ് പഞ്ചായത്ത് അധികതര്‍ ക്യാമ്പിലെത്തിയതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഗ്രാമപഞ്ചായത്ത് അധികതര്‍ നിഷേധിച്ചു. കൃത്യമായ ഭക്ഷണം ഇവര്‍ക്ക് എത്തിച്ചിട്ടുണ്ടെന്നും പലപ്പോഴും നാട്ടില്‍ പോകണമെന്ന് തൊഴിലാളികള്‍ പറയാറുണ്ടായിരുന്നെന്നും ഇവര്‍ പറഞ്ഞു. തൊഴിലാളികളെ ക്യാമ്പിലേക്ക് തന്നെ മടക്കി അയക്കുമെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങി.
എന്നാല്‍ അതിഥി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടന്നെന്ന് വ്യവസായമന്ത്രി ഇ പി ജയരാജന്‍ പ്രതികരിച്ചു. കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് പറഞാല്‍ ആരും വിശ്വസിക്കില്ല. സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തിക്കുന്നത് കണ്ണൂരിലാണ്. അവര്‍ക്ക് താമസം, ഭക്ഷണം, ടെലിവിഷന്‍ എന്നിവ എല്ലാം ഒരുക്കിയിട്ടുണ്ട്. ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ചില സാമൂഹിക വിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . പോലീസ് വിഷയം ജാഗ്രതയോടെ കാണണമെന്നും മന്ത്രി പറഞ്ഞു.