Covid19
മൂന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ ഇന്ന് 16 അതിഥി തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡിനെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന അതിഥി തൊഴിലാളികള്‍ റോഡുകളില്‍ മരിച്ച് വീഴുന്നത് തുടര്‍ക്കഥയാകുന്നു. ഇന്ന് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ 16 അതിഥി തൊഴിലാളികള്‍ മരിച്ചു. ബിഹാറില്‍ ഒമ്പത്, യുപിയില്‍ അഞ്ചും മഹാരാഷ്ട്രയില്‍ രണ്ട് പേരുമാണ് മരിച്ചത്.
ബിഹാറിലെ ഭഗല്‍പൂരില്‍ ഇന്ന് രാവിലെയോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായഅപകടത്തില്‍ ഒമ്പത് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് അകടത്തില്‍ പരുക്കേറ്റു. പലരുടേയും നില ഗുരുതരമാണ്.
ഉത്തര്‍പ്രദേശിലെ ഝാന്‍സി- മിര്‍സപുര്‍ ഹൈവേയില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച മിനിലോറി മറിഞ്ഞാണ് അഞ്ച് പേര്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. ഇന്നലെ അര്‍ധരാത്രി മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേര്‍ മരിച്ചത്.
രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് വിത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നും സ്വന്തം നാട്ടിലേക്ക് പലായനം തുടങ്ങിയത്. സ്ത്രീകളും കുട്ടികളും അടക്കം നൂറ്കണക്കിന് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചും കിട്ടുന്ന വാഹനങ്ങളില്‍ കയറിപ്പറ്റിയും സ്വന്തം നാടണയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലുണ്ടായ അപകടങ്ങളില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ 120 ഓളം പേരാണ് രാജ്യത്ത് മരണപ്പെട്ടത്. റോഡിലും റെയില്‍വേ ട്രാക്കിലുമായാണ് ഇതില്‍ ഭൂരിഭാഗം ജീവനും പൊലിഞ്ഞത്.