Connect with us

Editorial

കുടിയേറ്റ തൊഴിലാളികളുടെ ദൈന്യത അറിയുന്നില്ലേ

Published

|

Last Updated

ജന്മനാട്ടിലെത്താന്‍ ദുരിതങ്ങള്‍ പേറി നൂറുകണക്കിനു കി.മീറ്റര്‍ കാല്‍നട യാത്ര ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെയും ഈ യാത്രക്കിടയില്‍ സംഭവിക്കുന്ന ഗുരുതരമായ അപകടങ്ങളുടെയും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിരന്തരം വന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് തൊഴിലാളികളാണ് കാല്‍നടയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. ഫാക്ടറികള്‍ അടച്ചുപൂട്ടി ജോലികള്‍ നിര്‍ത്തിവെക്കുകയും വേതനം നിഷേധിക്കുകയും ഹോട്ടലുകള്‍ അടച്ചതിനാല്‍ ഭക്ഷണം ലഭ്യമല്ലാതാകുകയും ചെയ്തതോടെയാണ് അവര്‍ തൊഴിലിടങ്ങളില്‍ നിന്ന് സ്വദേശത്തേക്ക് യാത്ര തിരിക്കാന്‍ നിര്‍ബന്ധിതമായത്. ശതക്കണക്കിനു മൈലുകള്‍ താണ്ടണം ഇവര്‍ക്ക് ജന്മനാട്ടിലെത്താന്‍. രാജ്യത്ത് പൊതുഗതാഗതം നിരോധിച്ചതിനാല്‍ വാഹനയാത്ര സാധ്യമല്ല. കേന്ദ്രമോ സംസ്ഥാന സര്‍ക്കാറുകളോ ബദല്‍ യാത്രാ സംവിധാനം ഒരുക്കിയതുമില്ല. നടത്തമല്ലാതെ ഇവര്‍ക്ക് മറ്റെന്തു വഴി.

ഇതിനിടയില്‍ പലരും വാഹനമിടിച്ചും ഭക്ഷണം കിട്ടാതെയും ക്ഷീണം ബാധിച്ചും മരണപ്പെടുകയും ചെയ്യുന്നു. നാനൂറില്‍പരം കുടിയേറ്റ തൊഴിലാളികളാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് അപകടത്തില്‍പ്പെട്ടും ഭക്ഷണം ലഭിക്കാതെയും മരണപ്പെട്ടത്. മാനുഷിക ദുരന്തമെന്നാണ് ഇവരുടെ നിലവിലെ അവസ്ഥയെ മദ്രാസ് ഹൈക്കോടതി വിശേഷിപ്പിച്ചത്. മാധ്യമങ്ങള്‍ പുറത്തുവിടുന്ന അവരുടെ ദയനീയാവസ്ഥ കണ്ടാല്‍ ആര്‍ക്കും കണ്ണീരടക്കാനാകില്ല. അവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടതായും കോടതി വിലയിരുത്തി.
അതീവ ദുരിതപൂര്‍ണമാണ് നാടണയാനുള്ള വെമ്പലില്‍ നടക്കുന്ന ഈ സാഹസിക യാത്ര. ജോലിസ്ഥലത്തുണ്ടായിരുന്ന സാധന സാമഗ്രികളുടെ ഭാരിച്ച ഭാണ്ഡങ്ങള്‍ കൂടെയുണ്ട്.

ചെറിയ കുട്ടികളെയും ചുമക്കണം. പ്രായാധിക്യത്താല്‍ നടക്കാന്‍ ശേഷിയില്ലാത്ത മാതാപിതാക്കളെ ചുമലിലേറ്റി നടക്കുന്നവരുമുണ്ട്. കഴിഞ്ഞ വാരത്തില്‍ കഴുത്തിനു ഗുരുതരമായി പരുക്കേറ്റ ഒരു കുട്ടിയെ സ്‌ട്രെച്ചറില്‍ ചുമന്ന് ഒരു കുടുംബം നടന്നത് 800 കിലോമീറ്ററാണ്. ലുധിയാനയില്‍ നിന്ന് മധ്യപ്രദേശിലെ സിംഗ്രോളിയിലേക്കാണ് കുടുംബം സഞ്ചരിച്ചത്. ഗുരുതരമായി പരുക്കേറ്റതിനാല്‍ കുട്ടിക്ക് നടക്കാന്‍ കഴിയില്ല. കുടുംബത്തിന്റെ വശം ആവശ്യമായ ഭക്ഷണമോ പണമോ ഇല്ല താനും. ധരിക്കാന്‍ ചെരുപ്പ് പോലും ഇല്ല. ലുധിയാനയില്‍ നിന്ന് യാത്ര പുറപ്പെട്ട് 15 ദിവസം പിന്നിട്ട ശേഷം ഇവരുടെ ദയനീയ കഥ മാധ്യമങ്ങളില്‍ വന്നതോടെയാണ് അധികൃതര്‍ കണ്ണുതുറന്നതും യാത്രക്കായി അവര്‍ക്ക് വാഹനം ഒരുക്കിക്കൊടുത്തതും. യു പി പോലീസാണ് ഈ പതിനഞ്ചംഗ യാത്രാ സംഘത്തിന് ഒരു ട്രക്ക് വിട്ടുനല്‍കിയത്. അപ്പോഴേക്കും അവരുടെ കാല്‍നട യാത്ര 800 കി.മീറ്റര്‍ പിന്നിട്ടിരുന്നു. ചെരുപ്പ് പോലുമില്ലാതെ നൂറുകണക്കിന് കി.മീറ്ററുകള്‍ നടന്ന് കാലിനു മുറിവേല്‍ക്കുകയും വേദന സഹിക്കാനാകാതെ കരഞ്ഞുകൊണ്ട് ആ കാലുമായി തന്നെ പിന്നെയും നടന്നു നീങ്ങുകയും ചെയ്യുന്ന കുടിയേറ്റ തൊഴിലാളി സംഘത്തിലെ ഒരു ബാലികയുടെ കരളലിയിപ്പിക്കുന്ന ദൃശ്യം അടുത്ത ദിവസം മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ വിഭാഗം അനുഭവിക്കുന്ന ദുരിതങ്ങളുടെ ചെറിയൊരംശം മാത്രമാണിതെല്ലാം.

സ്വദേശത്തേക്കുള്ള യാത്രക്കിടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് റോഡപകടങ്ങളില്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയാകുകയാണ്. രാജസ്ഥാനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കു പോകുകയായിരുന്ന കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് 24 പേര്‍ മരണപ്പെട്ടത് നാല് ദിവസം മുമ്പാണ്. ബിഹാര്‍, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. മഹാരാഷ്ട്രയില്‍ നിന്ന് ഇന്‍ഡോറിലേക്കുള്ള യാത്രക്കിടെ ടാങ്കര്‍ലോറി പാഞ്ഞുകയറി നാല് തൊഴിലാളികള്‍ മരിച്ചു. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ നിന്ന് ബുസാവലിലേക്ക് റെയില്‍പാളത്തിലൂടെയുള്ള യാത്രാമധ്യേ ചരക്കു തീവണ്ടിയിടിച്ച് മരിച്ചത് 16 കുടിയേറ്റ തൊഴിലാളികളാണ്.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അത് സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവരെ, വിശിഷ്യാ ജന്മനാട്ടില്‍ നിന്ന് ബഹുദൂരം അകലത്തില്‍ ജോലി ചെയ്യുന്ന കുടിയേറ്റ വിഭാഗക്കാരില്‍ സൃഷ്ടിക്കുന്ന പ്രയാസങ്ങളും പ്രത്യാഘാതങ്ങളും പഠിച്ചറിഞ്ഞ് അത് മുന്‍കൂട്ടി പരിഹരിക്കണമായിരുന്നു. ഇവര്‍ക്ക് നാട്ടിലെത്താനുള്ള സാവകാശം നല്‍കേണ്ടതുണ്ടായിരുന്നു. ചുരുങ്ങിയ പക്ഷം കുടിയേറ്റ സ്ഥലങ്ങളിലെ അവരുടെ ഭക്ഷണത്തിനും താമസത്തിനും മുടക്കം സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയെങ്കിലും വേണമായിരുന്നു. ഭക്ഷണം ലഭിക്കാതെ കുടിയേറ്റ തൊഴിലാളികള്‍ ശ്മശാനങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ഭക്ഷ്യാവശിഷ്ടങ്ങള്‍ പെറുക്കിത്തിന്നേണ്ടി വന്നത് ഡല്‍ഹിയില്‍ കേന്ദ്ര ഭരണകൂടത്തിന്റെ കണ്‍വെട്ടത്താണ്. ആത്മ നിര്‍ഭര്‍ ഭാരത് രണ്ടാം ഘട്ട സാമ്പത്തിക ഉത്തേജന പാക്കേജിന്റെ ഭാഗമായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യമുള്‍പ്പെടെ മൂന്ന് പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ പദ്ധതി ലോക്ക്ഡൗണിന്റെ മുമ്പേ പ്രഖ്യാപിച്ചിരുന്നെങ്കില്‍ തൊഴിലാളികളുടെ ഇപ്പോഴത്തെ സാഹസിക യാത്രയും ദുരിതവും ഒഴിവാക്കാമായിരുന്നില്ലേ? അന്നൊക്കെ കൊറോണയെ പായിക്കാന്‍ പാത്രം കൊട്ടുകയും വിളക്ക് തെളിയിക്കുകയുമായിരുന്നല്ലോ കേന്ദ്രത്തില്‍ വാഴുന്നോരും സഹചാരികളും.

നീതിന്യായ സംവിധാനത്തിന്റെ പക്ഷത്തു നിന്ന് ഇവരുടെ കാര്യത്തില്‍ ആശാവഹമായ സമീപനമുണ്ടായില്ല. വെള്ളവും ഭക്ഷണവും ലഭിക്കാതെ തൊഴിലാളികള്‍ ജന്മനാടുകളിലേക്ക് നടന്നു പോകേണ്ടി വരുന്ന ദൈന്യാവസ്ഥക്ക് പരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകനായ അലോക് ശ്രീവാസ്തവ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അവരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാറാണ്, കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം തൊഴിലാളികള്‍ നടന്നു പോകുന്നതില്‍ കോടതിക്ക് എന്ത് ചെയ്യാനാകുമെന്നുമായിരുന്നു ന്യായാധിപന്മാരുടെ പ്രതികരണം.

ഒഡീഷ ഹൈക്കോടതിയാകട്ടെ, “ഒഡീഷയിലേക്ക് തിരിക്കാന്‍ വരിനില്‍ക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ വാഹനത്തില്‍ കയറുന്നതിന് മുമ്പ് അവരില്‍ ഓരോരുത്തരുടെയും കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണം” എന്ന ഉത്തരവ് നല്‍കി അവരുടെ യാത്രക്ക് തടസ്സങ്ങള്‍ വലിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. അടുത്ത് സുപ്രീം കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്തതു കൊണ്ടാണ് അവര്‍ക്ക് നാടണയാന്‍ സാധിച്ചത്.