Connect with us

Kerala

വൈക്കത്ത് കനത്ത കാറ്റിലും മഴയിലും നൂറോളം വീടുകള്‍ തകര്‍ന്നു

Published

|

Last Updated

കോട്ടയം |  ഇന്നലെ വൈകിട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും വൈക്കത്തും പരിസരത്തുമായി വ്യാപാക നാശനഷ്ടം. നൂറോളം വീടുകള്‍ കാറ്റില്‍ തകര്‍ന്നു. നിരവധിവൈദ്യുതി പോസ്റ്റുകള്‍ നിലംപൊത്തി. കൃഷി വ്യാപകമായി നശിച്ചു.

കനത്ത കാറ്റില്‍ മരം വീണാണ് വീടുകളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തിയത്. വൈക്കം ടൗണ്‍, ചെമ്മനാകരി, ഇത്തിപ്പുഴ, ടി വി പുരം, കൊതവറ എന്നിവിടങ്ങളിലാണ് നാശം ഏറെയും സംഭവിച്ചത്. വൈക്കത്തെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. മരം മുറിച്ചുനീക്കാന്‍ ഏറെ പാടുപെട്ടാണ് അഗ്‌നിരക്ഷാസേന സംഭവസ്ഥലത്തെത്തിയത്. വൈദ്യുതിപോസ്റ്റുകളും ട്രാന്‍സ്‌ഫോറര്‍മറുകളും തകര്‍ന്നതോടെ വൈക്കം ഇരുട്ടിലായി. തകരാറിലായ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും.

വൈക്കം മഹാദേവക്ഷേത്രത്തിന്റെ വലിയകവലയിലുള്ള അലങ്കാര ഗോപുരത്തിന്റെ ഭാഗം തകര്‍ന്നുവീണു. ക്ഷേത്രത്തിന്റെ ഊട്ടുപുര, ദേവസ്വം ഓഫീസ്, ആനപ്പന്തല്‍, കമ്മിറ്റി ഓഫീസ് എന്നിവയുടെ മേല്‍ക്കൂരയിലെ ഓടുകള്‍ വ്യാപകമായി പറന്നുപോയി. ഞായറാഴ്ച വൈകീട്ടോടെ ആഞ്ഞുവീശിയ കാറ്റും മഴയും രണ്ടു മണിക്കൂറിലേറെ നീണ്ടിരുന്നു. കോട്ടയം ജില്ലയിലെ വിവിധ മേഖലയില്‍ വ്യാപക നാശംവിതച്ചിട്ടുണ്ട്. കൃഷി നാശവും ഉണ്ടായി.