Covid19
നാലാംഘട്ട ലോക്ക്ഡൗണ്‍ ; സംസ്ഥാനത്തെ ഇളവുകള്‍ ഇന്നറിയാം- അന്തര്‍ ജില്ലാ ബസ് സര്‍വ്വീസിന് സാധ്യത

തിരുവനന്തപുരം | കൊവിഡ് മാഹാമാരിയെ പ്രതിരോധിക്കുന്നതിനായി രാജ്യം നാലാം ഘട്ട ലോക്ക് ഡൗണിലേക്ക് കടന്നതോടെ കേരളത്തില്‍ നടപ്പാക്കുന്ന ഇളവുകള്‍ സംബന്ധിച്ച വ്യക്തത ഇന്നറിയാം. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ക്ക് പുറമെ ജില്ലക്ക് അകത്ത് ബസ് സര്‍വ്വീസ് അടക്കം സംസ്ഥാനത്ത് അനുവദിക്കപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ വിശദ മാര്‍ഗനിര്‍ദേശം ഇന്ന് പുറത്തിറങ്ങും. ട്രെയിന്‍, ബസ് സര്‍വീസുകള്‍ വ്യാപകമായി നടത്തണോ എന്നതിലും അന്തര്‍ജില്ലാസംസ്ഥാന യാത്രകള്‍ എന്തെല്ലാം നിബന്ധനകള്‍ക്ക് വിധേയമായി വേണമെന്നതിലും ഇന്ന് തീരുമാനമാകും. മെയ് 31 വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന് കേന്ദ്രലോക്ക്ഡൗണ്‍ മാനദണ്ഡത്തിലുള്ളതിനാല്‍ മെയ് 26ന് തുടങ്ങാനിരുന്ന എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിയേക്കും.
ഇന്നലെ രാത്രി ഒമ്പതിന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ സംസ്ഥാനചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിന്റെ മാര്‍ഗരേഖ വിശദീകരിക്കാനായിരുന്നു യോഗം. ഈ യോഗത്തില്‍ കേരളത്തിന്റെ ചീഫ് സെക്രട്ടറി ടോം ജോസ് കേരളത്തിലെ സ്ഥിതിഗതികള്‍ വിശദീകരിച്ചിരുന്നു. കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗരേഖ സംസ്ഥാനം പുറത്തിറക്കുക. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ബഫര്‍ സോണുകളും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും, എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഒരു കാരണവശാലും വെള്ളം ചേര്‍ക്കരുതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിന് പരീക്ഷകള്‍ മാറ്റിവച്ചേ തീരൂ.
ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ക്കായി കുട്ടികളെ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അഡ്മിഷനായി പോര്‍ട്ടല്‍ സംവിധാനം തയ്യാറാകുന്ന മുറക്ക് അപ്രകാരവും അഡ്മിഷന്‍ നേടാം. സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകള്‍ എത്താന്‍ പാടുള്ളു.