Connect with us

Organisation

കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍: ആദര്‍ശകുലപതികളുടെ സമശീര്‍ഷന്‍

Published

|

Last Updated

എഴുപതുകളില്‍ ആധുനികതയുടെ മറവില്‍ വേരുപിടിപ്പിക്കാന്‍ ശ്രമിച്ചിരുന്ന ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാന്‍ ആവേശപൂര്‍വം മുന്നില്‍ നിന്ന ആദര്‍ശശാലികളായ പണ്ഡിതരില്‍ പ്രമുഖനാണ്  ചെരിപ്പൂര്‍ കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍. വാണിയമ്പലം അബ്ദുര്‍റഹ്്മാന്‍ മുസ്‌ലിയാര്‍, ഇ കെ ഹസന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍, കെ വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, വല്ലപ്പുഴ അബ്ദുല്ലപ്പു മുസ്‌ലിയാര്‍, പാലക്കാട് ബാപ്പു മുസ്‌ലിയാര്‍, ആമയൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പണ്ഡിതശ്രേഷ്ടര്‍ക്കൊപ്പം സുന്നത്ത് ജമാഅത്തിനു വേണ്ടി കര്‍മനിരതമായിരുന്നു കെ വി ഉസ്താദിന്റെ യുവത്വം.

തെക്കന്‍കേരളമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കര്‍മമണ്ഡലം. ആശയഗാംഭീര്യവും ഭാഷാസൗകുമാര്യവും മേളിച്ചതായിരുന്നു പ്രഭാഷണശൈലി. സ്ഫുടമായ ഭാഷയില്‍ അളന്നുമുറിച്ച വാക്കുകളില്‍ വിഷയത്തിന്റെ അകക്കാമ്പ് സ്പര്‍ശിക്കുന്ന “കെവിയെന്‍ ശൈലി”  അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ആഴമേറിയ പാണ്ഡിത്യവും ധീരമായ നിലപാടുകളുംകൊണ്ട് സുന്നീ ആദര്‍ശ പ്രചാരണരംഗത്തെ വേറിട്ട സാന്നിധ്യമായി കെ വി ഉസ്താദ് മാറി. നന്ദി ദാറുസ്സലാമിലെ പരിശീലനക്യാമ്പില്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് ക്ലാസെടുക്കാന്‍ ശംസുല്‍ ഉലമ നിര്‍ദേശിച്ചത് കെ വി ഉസ്താദിനെയായിരുന്നു.

1969ല്‍ പാലക്കാട് ആലത്തൂരില്‍ മുദരിസായിരിക്കുമ്പോഴാണ് ഇ കെ ഹസന്‍ മുസ്്‌ലിയാര്‍, വാണിയമ്പലം, സ്വാദിഖ് മുസ്‌ലിയാര്‍, ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ക്കൊപ്പം പ്രബോധനരംഗത്ത് സജീവമാകുന്നത്. മിക്ക ദിവസവും രാത്രികളില്‍ അവര്‍ ഒത്തുകൂടി. പാലക്കാടിന്റെ പുരോഗതിക്കായുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്തു. പാതിരാ വഅഌകള്‍ പറഞ്ഞു. മദ്‌റസകള്‍ സ്ഥാപിച്ചു. ഹസന്‍ മുസ്‌ലിയാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളുടെ സൗകര്യാര്‍ഥം ദര്‍സ് പൂടൂരിലേക്ക് മാറ്റി. ഇക്കാലത്താണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ രംഗപ്രവേശനത്തിന് അരങ്ങൊരുക്കിയ പൂടൂര്‍ സംവാദം നടന്നത്.
വെളിയങ്കോട് ഉമര്‍ മൗലവി, രണ്ടത്താണി സൈദ് മൗലവി, എ പി അബ്ദുല്‍ഖാദിര്‍ മൗലവി തുടങ്ങിയവരുടെ നേതൃത്വത്തില്‍ എറണാകുളം ഭാഗങ്ങളില്‍ നവീനവാദം ശക്തമായപ്പോള്‍ കെ വി ഉസ്താദ് എറണാകുളം കോമ്പാറയില്‍ മുദരിസായിരുന്നു. 1974ല്‍ കെ വി ഉസ്താദ് ജനറല്‍ സെക്രട്ടറിയും ക്ലാവന മുഹമ്മദ് മുസ്‌ലിയാര്‍ പ്രസിഡന്റുമായി രൂപവത്കരിച്ച സമസ്തയുടെ എറണാകുളം ജില്ലാ ഘടകം നവീനവാദികള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കി. സംവാദങ്ങള്‍ സംഘടിപ്പിച്ചു. കെ വി ഉസ്താദ് നേതൃത്വം നല്‍കിയ പുല്ലേപ്പടി സംവാദം വന്‍വിജയമായി. ഒമ്പത് ദിവസം തീരുമാനിച്ച പരിപാടി രണ്ടാംദിവസം അവസാനിപ്പിക്കേണ്ടി വന്നു മുജാഹിദ് പക്ഷത്തിന്.

പുല്ലേപ്പടി മുതല്‍ കോമ്പാറ വരെ വന്‍ജനാവലി ഉസ്താദിനെ ആനയിക്കുകയായിരുന്നു. മൂവാറ്റുപുഴ സംവാദത്തില്‍ ജഅാഅത്തെ ഇസ്്‌ലാമിയുടെ ആദര്‍ശ വൈകല്യംതുറന്നുകാണിക്കാന്‍ ഉസ്താദിനായി. മാള, എടവനവക്കാട്, സാഹിബിന്റെ പള്ളി, ഞാറക്കോണം, വടുതല, എടത്തല, അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന ഉസ്താദിന്റെ സംവാദങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വടുതലയില്‍ ഉസ്താദിന്റെ ആദര്‍ശ പ്രഭാഷണം രാത്രി രണ്ട് മണിയായപ്പോള്‍ വിവരമറിഞ്ഞ് ഇ കെ ഹസന്‍ മുസ്്‌ലിയാര്‍ സദസ്സിലെത്തി. പിന്നീട് സുബ്ഹി വരെ ഹസന്‍ മുസ്്‌ലിയാരും പ്രസംഗിച്ചു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ മുപ്പത് വര്‍ഷം മുജാഹിദുകള്‍ ഭരിച്ച വടുതല മഹല്ല് വന്‍ഭൂരിപക്ഷത്തില്‍ സുന്നികള്‍ തിരിച്ചുപിടിച്ചു. കെ വി ഉസ്താദിന്റെ നേതൃത്വത്തിലുള്ള ആദര്‍ശ മുന്നേറ്റത്തില്‍ തെക്കന്‍കേരളത്തില്‍ നവീനപ്രസ്ഥാനങ്ങള്‍ ശിഥിലമാവുകയും സുന്നത്ത് ജമാഅത്ത് ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു.

1989 ലെ എറണാകുളം സമ്മേളനത്തിന്റെ സംഘാടനത്തില്‍ മുഖ്യപങ്ക് വഹിച്ചു. അക്രമങ്ങള്‍ മൂലം സമ്മേളനപ്രചരണം നടത്താന്‍ പ്രയാസപ്പെട്ട ഘട്ടത്തില്‍ തൃശൂര്‍  പാലക്കാട് ജില്ലാ സംഗമം വിളിച്ച് ധീരതയോടെ മുന്നോട്ടുപോയി. പിളര്‍പ്പിന് ശേഷം ഉള്ളാള്‍ തങ്ങള്‍ക്കും കാന്തപുരം ഉസ്താദിനുമൊപ്പം സുന്നത്ത് ജമാഅത്തിന്റെ കരുത്തനായ വക്താവായി അദ്ദേഹം നിലകൊണ്ടു.

1944 ഏപ്രില്‍ ഒന്നിന് പാലക്കാട് കൂറ്റനാട് ചെരിപ്പൂര്‍ ഗ്രാമത്തില്‍ കുണ്ടിലവളപ്പില്‍ മൊയ്തുവിന്റെയും ആമിനയുടെയും രണ്ടാമത്തെ മകനായാണ് ജനനം. പ്രഥമഗുരു ഉമ്മയുടെ പിതാവും സൂഫിവര്യനും നാട്ടിലെ ജുമാമസ്ജിദിലെ മുഅദ്ദിനുമായിരുന്ന കുഞ്ഞാലി മൊല്ലയാണ്.  പ്രാഥമിക കിതാബുകള്‍ നാട്ടില്‍ മുദരിസായിരുന്ന തലക്കശ്ശേരി അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്ന് ഓതി.
നന്നംമുക്ക് മുദരിസും ഉസ്താദുല്‍ അസാതീദ് തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാരുടെ ശിഷ്യപരമ്പരയിലെ കണ്ണിയുമായ മൂക്കുതല അബ്ദുര്‍റഹ്്മാന്‍ മുസ്‌ലിയാര്‍, പരപ്പനങ്ങാടി ബാവ മുസ്‌ലിയാര്‍ തിരൂര്‍ നടുവിലങ്ങാടി, തെങ്ങില്‍ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്ന മൊയ്തുണ്ണി മുസ്‌ലിയാര്‍ ഇലത്തൂര്‍, ഇഹ് യാ ഉലൂമുദ്ദീന്‍ പരിഭാഷകനായ എം വി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, പൈലിപ്പുറം കുഞ്ഞുമൊയ്തു മുസ്‌ലിയാര്‍, കെ സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ കരുവാരക്കുണ്ട് തുടങ്ങിയവരുടെ അടുത്തായിരുന്നു ദര്‍സ്പഠനം.

196667 കാലത്ത് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുടെ ശിഷ്യനായി. 1969 ല്‍ വടക്കഞ്ചേരി കുമരനെല്ലൂരില്‍ മുദരിസും ഖത്വീബുമായി ആദ്യനിയമനം. തുടര്‍ന്ന് 2004 വരെയുള്ള നീണ്ടകാലം ആലത്തൂര്‍, പൂളൂര്‍(തിരുവനന്തപുരം), പൂവാര്‍, കോമ്പാറ (എറണാകുളം), മൂവാറ്റുപുഴ പെരുമറ്റം, അഴീക്കോട് പുത്തന്‍പള്ളി, കോട്ടോല്‍, തൃശ്ശൂര്‍ കാളത്തോട്, കൊച്ചി മഹഌ എന്നിവിടങ്ങില്‍ സേവനം.
2004 മുതല്‍ സ്വന്തം നാടായ ചെരിപ്പൂരില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചു. ഹസ്രത്ത് ബിലാല്‍(റ)ന്റെ പേരില്‍ ശരീഅത്ത് കോളജ് സ്ഥാപിച്ചു. 2011 ല്‍ സ്ഥാപനം മര്‍കസിനെ ഏല്‍പ്പിച്ചു. മര്‍കസിന്റെ ജില്ലാ ക്യാമ്പസായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മുഖ്യരക്ഷാധികാരിയായി മരണംവരെയും കെ വി ഉസ്താദ് പ്രവര്‍ത്തിച്ചു.

കടപ്പാട്;
അല്‍ മഅ്ദന്‍ സുവനീര്‍
മുഹമ്മദ് ഖുദ്‌സി കാവനൂര്‍

---- facebook comment plugin here -----

Latest