Connect with us

Covid19

തൊഴിലുറപ്പു പദ്ധതിക്ക് അധിക വിഹിതമായി 40,000 കോടി; വിദ്യാഭ്യാസത്തിന് 12 ടി വി ചാനലുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്രത്തിന്റെ സാമ്പത്തിക പാക്കേജുമായി ബന്ധപ്പെട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് നടത്തിയത് ഏഴ് പ്രഖ്യാപനങ്ങള്‍. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലുറപ്പ്, വാണിജ്യം, പൊതുമേഖലാ സ്ഥാപനങ്ങളിലെ പരിഷ്‌ക്കരണം, വ്യവസായത്തിനുള്ള നടപടികള്‍ ലഘൂകരിക്കല്‍, സംസ്ഥാനങ്ങളുടെ വരുമാനം എന്നിവയിലാണ് പ്രഖ്യാപനമുണ്ടായത്. വായ്പ വീഴ്ച വരുത്തിയവര്‍ക്കെതിരെ ഒരു വര്‍ഷത്തേക്ക് നടപടിയുണ്ടാകില്ല. തൊഴിലുറപ്പു പദ്ധതിക്ക് അധിക വിഹിതമായി 40,000 കോടി രൂപ കൂടി വകയിരുത്തി. 300ല്‍ അധികം തൊഴില്‍ ദിനം കൂടി ഉറപ്പു വരുത്തും. മണ്‍സൂണ്‍ കാലത്തും തൊഴിലുറപ്പാക്കും.

കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ മേഖലയില്‍ ഇതിനകം അനുവദിച്ചത് 15000 കോടി രൂപയാണ്. പരിശോധനാ കിറ്റുകള്‍ക്കും ലാബുകള്‍ക്കും 550 കോടി നല്‍കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തും. പകര്‍ച്ചവ്യാധി ചികിത്സക്കായി ആശുപത്രികളില്‍ പ്രത്യേക യൂണിറ്റുകള്‍ സജ്ജീകരിക്കും. ലാബ് ശൃംഖലയും ഗവേഷണവും മെച്ചപ്പെടുത്തും. കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് 4113 കോടി രൂപ നല്‍കിയിട്ടുണ്ട്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ദീക്ഷ എന്ന പേരിലാണ് ഓണ്‍ലൈന്‍ പഠന പദ്ധതി നടപ്പിലാക്കുക. ഇന്റര്‍നെറ്റില്ലാത്തവര്‍ക്ക് ചാനലുകള്‍ വഴി വിദ്യാഭ്യാസ പരിപാടി ആവിഷ്‌ക്കരിക്കും. ഇതിന്റെ ഭാഗമായി 12 വിദ്യാഭ്യാസ ചാനലുകള്‍ക്കു കൂടി അനുമതി നല്‍കും. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ഓരോ ക്ലാസിനും ഒരു ടി വി ചാനല്‍ എന്നതാകും പദ്ധതി. സംസ്ഥാനങ്ങളുടെ പാഠപുസ്തകങ്ങള്‍ക്ക് നാലു മണിക്കൂര്‍ എയര്‍ ടൈം നല്‍കും. കാഴ്ച, കേള്‍വി പ്രശ്‌നമുള്ളവര്‍ക്ക് പ്രത്യേക ഇ കണ്ടന്റ് സംവിധാനം നടപ്പിലാക്കും.വിദഗ്ധരുടെ തത്സമയ ക്ലാസുകള്‍ ഒരുക്കും. ഇ പാഠശാലയില്‍ 200 പുസ്തകങ്ങള്‍ കൂടി ഉള്‍പ്പെടുത്തും. 100 സര്‍വകലാശാലകള്‍ക്ക് മെയ് 30നകം ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കിയതായും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നില്‍ നിന്ന് അഞ്ചു ശതമാനമാക്കി. 6.41 ലക്ഷം കോടിയായിരിക്കും പുതിയ പരിധി. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് അധികമായി ലഭിക്കുക 4.28 ലക്ഷം കോടിയാണ്. ഉയര്‍ന്ന വായ്പാ പരിധി നടപ്പു സാമ്പത്തിക വര്‍ഷത്തേക്കു മാത്രമായിരിക്കും. വായ്പയില്‍ ഒരു ഭാഗം പ്രത്യേക മേഖലകള്‍ക്കായി മാറ്റിവക്കണം. ഇന്ത്യന്‍ കമ്പനികള്‍ക്ക് വിദേശ ഓഹരി വിപണികളില്‍ നേരിട്ട് പങ്കാളിയാകാം. എം എസ് എം ഇകള്‍ക്കായി കമ്പനികളുടെ സാങ്കേതിക പിഴവ് ഇനി മുതല്‍ ക്രിമിനല്‍ കുറ്റമാകില്ല. തന്ത്രപ്രധാന മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കും. ഒ ഡി പരിധി 14ല്‍ നിന്ന് 21 ദിവസമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്ക് ബജറ്റ് വിഹിതമായി 46,038 കോടിയും ജി എസ് ടി നഷ്ടപരിഹാരമായി 12,390 കോടിയും നല്‍കിയതായും  മന്ത്രി അറിയിച്ചു.

 

 

Latest