Editorial
കേരളം രോഗബാധയുടെ മൂന്നാം ഘട്ടത്തിലേക്ക്

കേരളത്തില്‍ കൊറോണക്ക് രണ്ടാം ഘട്ടത്തോടെ പരിസമാപ്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണിപ്പോള്‍ രോഗം. ഈ മാസം ആദ്യത്തില്‍ സംസ്ഥാനത്ത് പുതിയ രോഗികളുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ പൂജ്യമായിരുന്നെങ്കിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെയും പ്രവാസികളുടെയും തിരിച്ചുവരവോടെ വീണ്ടും പുതിയ രോഗികളെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം ഈ മാസം ഒമ്പത് ശനിയാഴ്ച തൊട്ടാണ് വീണ്ടും രോഗം റിപ്പോര്‍ട്ടു ചെയ്തു തുടങ്ങിയത്. ശനിയാഴ്ച ദുബൈയില്‍ നിന്ന് കരിപ്പൂരില്‍ വന്നിറങ്ങിയ ചാപ്പനങ്ങാടി സ്വദേശിയിലും അബൂദബിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ മലപ്പുറം സ്വദേശിയിലുമായിരുന്നു അണുബാധ കണ്ടത്. ഞായറാഴ്ചയും തിങ്കളാഴ്ചയും പുതുതായി ഏഴ് പേരില്‍ വീതവും ചൊവ്വാഴ്ച അഞ്ച് പേരിലും കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു. ബുധനാഴ്ച ഇത് 10ഉം വ്യാഴാഴ്ച ഇരുപത്തിയാറുമായി ഉയര്‍ന്നു.
ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്നലെ കേരളത്തിലെത്തിയ രാജധാനി സൂപ്പര്‍ എക്‌സ്പ്രസില്‍ കോഴിക്കോട്ട് ഇറങ്ങിയ യാത്രക്കാരില്‍ ആറ് പേര്‍ക്കും തിരുവനന്തപുരത്ത് ഇറങ്ങിയ ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികള്‍. മഹാമാരി തീര്‍ത്ത ദുരിതത്തെ തുടര്‍ന്ന് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ സൗകര്യമൊരുക്കേണ്ടതും ഇരുകൈയും നീട്ടി സ്വീകരിക്കേണ്ടതും സര്‍ക്കാറിന്റെയും കേരളീയ സമൂഹത്തിന്റെയും ബാധ്യതയാണ്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെയും നമുക്ക് കൈവിടാനാകില്ല. അതേസമയം കൊറോണ ബാധ വ്യാപകമായ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമാണ് എത്തുന്നതെന്നതിനാല്‍, അവരുടെ വരവോടെ രോഗബാധ വര്‍ധിക്കാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടില്‍ രോഗം വന്‍തോതില്‍ പടര്‍ന്നതും ഇതര സംസ്ഥാനക്കാരെ എത്തിക്കുന്നതിന് സര്‍ക്കാര്‍ ഒരുക്കിയ സംവിധാനങ്ങള്‍ മറികടന്ന് പണം വാങ്ങി ആളെ കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതും കാര്യം കൂടുതല്‍ ഗുരുതരമാക്കുന്നു. കേരളത്തില്‍ ഇതുവരെയുള്ള രോഗികളില്‍ 380 പേര്‍ വിദേശത്ത് നിന്നോ മറ്റു സംസ്ഥാനങ്ങളില്‍ നിന്നോ എത്തിയവരാണ്. ഈ വസ്തുത ഉള്‍ക്കൊണ്ട് മൂന്നാം ഘട്ട രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ആരോഗ്യവിദഗ്ധരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയാണ് കൊവിഡ് 19.
വിദേശത്ത് നിന്ന് പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി ആവിഷ്‌കരിച്ച “വന്ദേ ഭാരത്” മിഷന്റെ രണ്ടാം ഘട്ടത്തില്‍ അടുത്ത ഏഴ് ദിവസങ്ങളിലായി ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 18 വിമാനങ്ങള്‍ കേരളത്തിലെത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും തുടര്‍ന്നു കൊണ്ടിരിക്കുന്നു. പുറത്തു നിന്നുള്ളവരുടെ വരവ് വര്‍ധിക്കുന്നതോടെ വരും ദിവസങ്ങളില്‍ രോഗ വ്യാപനത്തിന്റെ ഗ്രാഫ് ഇനിയും ഉയരും. എന്നാലും സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും അണുബാധ സംശയമുള്ളവര്‍ക്ക് ക്വാറന്റൈനും കര്‍ശനമായി പാലിച്ചാല്‍ ഭയപ്പെടാനില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പക്ഷം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗം ഏറെക്കുറെ നിയന്ത്രണ വിധേയമായി എന്ന് തോന്നിത്തുടങ്ങിയതോടെ ഇനിയൊന്നും ഭയപ്പെടാനില്ലെന്ന മട്ടില്‍ ആളുകള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പൊതുയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കടകള്‍ മിക്കതും തുറന്നതോടെ കൂട്ടംകൂട്ടമായി നാടൊട്ടുക്കും തെരുവുകളില്‍ ജനത്തിരക്ക് പ്രകടമായിത്തുടങ്ങി. ഇവര്‍ക്കിടയില്‍ രോഗവാഹിയായ ഒരാള്‍ വന്നുപെട്ടാല്‍ എത്ര പേരിലാണ് അതുവഴി രോഗം പകരുകയെന്ന് യാതൊരു തിട്ടവുമില്ല. നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ഉത്തരവാദപ്പെട്ട ജനപ്രതിനിധികള്‍ പോലും കൃത്യവിലോപം കാണിക്കുകയാണ്. വാളയാറില്‍ പാസ്സില്ലാതെ വന്നവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തില്‍ ഒരു കൊറോണ രോഗിയുണ്ടായിരുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്ത എം പിമാരും എം എല്‍ എമാരും അടക്കമുള്ള നേതാക്കള്‍ ഇപ്പോള്‍ ക്വാറന്റൈനിലാണ്. പ്രക്ഷോഭ സ്ഥലത്ത് സംഗമിച്ച അഞ്ഞൂറോളം രാഷ്ട്രീയ പ്രവര്‍ത്തകരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പാസ്സ് ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം രാഷ്ട്രീയം കളിച്ചതാണ് ഈ സ്ഥിതിവിശേഷത്തിന് ഇടയാക്കിയത്.
തുടക്കം മുതലേ കേരളം കാണിച്ച ജാഗ്രതയും കരുതലുമാണ് ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും രോഗം നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ സഹായിച്ചത്. ജനുവരി 30നാണ് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ കേരളീയ വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. അതിനു മുമ്പെ തന്നെ സര്‍ക്കാര്‍ രോഗം നേരിടാനുള്ള തയ്യാറെടുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. രോഗ വ്യാപനത്തിന്റെ ഒന്നാം ഘട്ടം നിയന്ത്രണ വിധേയമായി വരുമ്പോഴാണ് ഇറ്റലിയില്‍ നിന്നെത്തിയ രോഗവാഹകരായ പത്തനംതിട്ടക്കാര്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് ഒട്ടേറെ പൊതുചടങ്ങുകളില്‍ പങ്കെടുത്തത്. ഇതോടെ ആള്‍ക്കൂട്ടത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയും ആരാധനാലയങ്ങളും മാളുകളും സിനിമാശാലകളും അടച്ചും സംസ്ഥാനം ലോക്ക്ഡൗണിലേക്ക് നീങ്ങി. രാജ്യത്ത് കേരളമാണ് ആദ്യമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഈ കര്‍ശന നിയന്ത്രണത്തെ തുടര്‍ന്ന് മെയ് ഒന്നിന് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു. ഇന്നലെ അത് എണ്‍പതോളമായി ഉയര്‍ന്നിട്ടുണ്ട്. മരുന്നിന്റെ അഭാവത്തില്‍ എച്ച് ഐ വിയെ പോലെ തന്നെ കൊവിഡ് ലോകത്താകെ നിലനില്‍ക്കാനും കൂടുതല്‍ വ്യാപിക്കാനും സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. നിയന്ത്രണങ്ങള്‍ തുടരുകയും പൊതു സമൂഹത്തിന്റെ രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുകയുമാണ് ഈ മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ നിലവില്‍ നമ്മുടെ മുമ്പാകെയുള്ള മാര്‍ഗം. തിക്കും തിരക്കും ഉണ്ടാകാത്ത വിധം വ്യാപാര കേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനത്തിലും ക്രമീകരണങ്ങള്‍ നടപ്പാക്കുകയും മാസ്‌ക് ഉപയോഗം കുറേകാലത്തേക്കെങ്കിലും ജനങ്ങള്‍ പൊതുജീവിതത്തില്‍ ഒരു ശീലമായി മാറ്റുകയും ചെയ്യേണ്ടി വരും. ജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ ഈ രംഗത്തെ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും കരുതല്‍ നടപടികളും വിജയിക്കുകയുള്ളൂ.