Covid19
സംസ്ഥാനങ്ങള്‍ക്ക് ഒന്നുമില്ല; കേന്ദ്ര പാക്കേജ് വട്ടപൂജ്യം- മമത

കൊല്‍ക്കത്ത | പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിര്‍മല സീതാരാമനും പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെതിരെ കടുത്ത വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനങ്ങള്‍ക്ക് ഒരു രൂപ പോലും നല്‍കാത്ത കേന്ദ്ര സാമ്പത്തിക പാക്കേജ് ഒരു വട്ടപൂജ്യമാണെന്ന് മമത ആരോപിച്ചു. ജനങ്ങളെ കബളിപ്പിക്കുന്നതാണ് പാക്കേജ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനങ്ങളെ സാമ്പത്തിക ലോക്ക്ഡൗണില്‍ തളച്ചിടുകയാണെന്നും മമത കുറ്റപ്പെടുത്തി.
ആളുകളുടെ കണ്ണില്‍ പൊടി ഇടാന്‍ അല്ലാതെ മറ്റൊന്നും അതില്‍ ഇല്ല. അസംഘടിത മേഖലക്ക് വേണ്ടിയും, പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വേണ്ടിയും തൊഴിലിനും വേണ്ടിയും ഒരു സഹായവും പാക്കേജില്‍ ഇല്ലെന്നും മമത കുറ്റപ്പെടുത്തി. സമാന വിമര്‍ശനം ബംഗാള്‍ ധനമന്ത്രി അമിത് മിത്രയും നടത്തി. രാജ്യത്തിന്റെ ജി ഡി പി വളര്‍ച്ച പത്ത് ശതമാനത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് പാക്കേജില്‍ ഉള്‍പ്പെടുത്തിയത് എന്ന് പരസ്യം ചെയ്‌തെങ്കിലും രണ്ട് ശതമാനം വളര്‍ച്ചക്ക് ഉള്ളത് പോലും പാക്കേജില്‍ ഇല്ലെന്നും അമിത് മിത്ര പറഞ്ഞു.