Connect with us

National

കഫീല്‍ഖാനെ ജയിലിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ യോഗി സര്‍ക്കാര്‍

Published

|

Last Updated

ലഖ്‌നോ | രാജ്യത്തെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്ന പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ഡോ. കഫീല്‍ഖാനെതിരായി ചുമത്തിയ ദേശീയ സുരക്ഷാ നിയമം മൂന്ന് മാസത്തേക്ക്കൂടി നീട്ടി. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഉത്തര്‍പ്രദേശിലെ മഥുര ജയിലിലാണ് കഫീല്‍ഖാന്‍. ദേശീയ സുരക്ഷാ നിമയം ചുമത്തിയതിന്റെ കാലാവധി ഇന്നലെ കഴിയാനിരിക്കെയാണ് മൂന്ന് മാസത്തേക്ക് കൂടി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ നീട്ടിയത്. ഇതോടെ ആഗസ്റ്റ് 13 വരെ കുറ്റപത്രം സമര്‍പ്പിക്കാതെ കഫീല്‍ഖാനെ ജയിലിലിടാന്‍ ഇവര്‍ക്കാകും.

കഫീല്‍ ഖാനെ പാര്‍പിച്ചിരിക്കുന്ന മഥുര ജയിലിന് 500 തടവുകാരെ പാര്‍പിക്കാനുള്ള ശേഷിയാണുള്ളത്. എന്നാല്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പോലും ഇവിടെ 1750 തടവുകാരാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് വീണ്ടും മൂന്ന് മാസത്തേക്ക് നീട്ടിയതെന്ന് അലീഗഢ് ജില്ല മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷന്‍ സിംഗ് അറിയിച്ചിട്ടുണ്ട്. അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ പൗരത്വ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ചതിന് ഫെബ്രുവരി 13നാണ് കഫീല്‍ഖാനെ അറസ്റ്റു ചെയ്തത്. അലീഗഢില്‍ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനൊപ്പമാണ് കഫീല്‍ഖാന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. പിന്നീട് മറ്റൊരു പരിപാടിക്കായി കേരളത്തിലേക്ക് വരാനിരിക്കെ മുംബൈ വിമാനത്താവളത്തില്‍ വെച്ചാണ് ഡോ. കഫീല്‍ഖാനെ അറസ്റ്റു ചെയ്യുകയായിരുന്നു.

2017 ആഗസ്റ്റില്‍ യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചപ്പോള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ ഓക്‌സിജന്‍ എത്തിച്ച് നിരവധി ജീവന്‍ രക്ഷിച്ചത് ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ഖാനായിരുന്നു. എന്നാല്‍ ഓക്‌സിജന്‍ ബില്ലുകള്‍ അടക്കാത്തതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് കഫീല്‍ഖാന്‍ തുറന്നുപറഞ്ഞിരുന്നു. ഇതോടെ യോഗിയുടെ കണ്ണിലെ കരടായ അദ്ദേഹം പിന്നീട് നിരന്തരം പീഡനത്തിന് ഇരയാകുകയായിരുന്നു.