Gulf
പ്രവാസി കുടുംബങ്ങള്‍ക്ക് നാട്ടില്‍ ഭക്ഷണവും മരുന്നും എത്തിച്ച് ഖത്വര്‍ ഐ സി എഫ്

ദോഹ | ലോക്ക് ഡൗണ്‍ കാരണം ജോലിയും ശമ്പളവുമില്ലാതെ വിഷമിക്കുന്ന പ്രവാസികളുടെ നാട്ടിലെ കുടുംബങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ച് ഐ സി എഫ് ഖത്വര്‍. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച സാന്ത്വനം ഗള്‍ഫ് കോര്‍കമ്മിറ്റിയാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ജാതിമത ഭേദമന്യേ മലയാളി പ്രവാസികള്‍ അവരുടെ വിഷമങ്ങള്‍ക്ക് പരിഹാരം തേടി ഐ സി എഫിനെ സമീപിക്കുന്നുണ്ട്. ഹെല്‍പ് ഡെസ്‌കില്‍ ലഭിക്കുന്ന അപേക്ഷകരുടെ വിവരങ്ങള്‍ ഗള്‍ഫ് കൗണ്‍സില്‍ മുഖേന നാട്ടിലേക്കു നല്‍കി പ്രാദേശിക ഘടകങ്ങളിലൂടെ അപേക്ഷകന്റെ വീട്ടിലേക്കു ഭക്ഷണ കിറ്റുകളും മറ്റു അവശ്യ വസ്തുക്കളും എത്തിക്കുകയാണ് ചെയ്യുന്നത്. നാട്ടില്‍ നാലു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം തുടങ്ങിയ ഹെല്‍പ്പ് ഡെസ്‌കിലേക്കു യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കി അവരുടെ വീടുമായി ബന്ധപ്പെട്ട് സഹായം ആവശ്യമുള്ളവര്‍ക്ക് എത്തിച്ചു നല്‍കുന്നു.
പ്രവാസികള്‍ക്ക് നാട്ടില്‍ നിന്നും അത്യാവശ്യ മരുന്നുകള്‍ എസ് വൈ എസ് സാന്ത്വനം മുഖേന കൊറിയര്‍ വഴി എത്തിച്ചു നല്‍കും. നാട്ടിലേക്കു മടങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് എംബസി നോര്‍ക്ക രജിസ്‌ട്രേഷന് സഹായിക്കുകയും മുന്‍ഗണന നല്‍കേണ്ടവരുടെ പേര് വിവരങ്ങള്‍ ഉത്തരവാദപ്പെട്ടവരെ അറിയിക്കുകയും ചെയ്യുന്നു. പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തവരില്‍ അത്യാവശ്യമുള്ളവരെ ഹോസ്പിറ്റലിലേക്ക് മാറ്റാനും സഹായിച്ചു വരുന്നു.
ഖത്വറില്‍ ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ നാലു സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴില്‍ ഭക്ഷണക്കിറ്റ് വിതരണം നടന്നുവരുന്നുണ്ട്. ഒരാള്‍ക്ക് ഒരുമാസത്തേക്കുള്ള ഭക്ഷണമാണ് കിറ്റുകളായി നല്‍കുന്നത്. ഇഫ്താര്‍ സമയത്തു പാകം ചെയ്ത ഭക്ഷണ കിറ്റുകളും ആവശ്യക്കാര്‍ക്ക് നല്‍കിവരുന്നു. ക്വാറന്റൈന്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ള രോഗികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്നു. കൊവിഡ് സാഹചര്യത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച ഐ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകരാണ് സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നത്.