Editorial
തൊഴില്‍ നിയമങ്ങളിലെ പൊളിച്ചെഴുത്ത്

കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങളും തൊഴിലവകാശങ്ങളും റദ്ദാക്കുന്ന സംസ്ഥാന സര്‍ക്കാറുകളുടെ നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ത്രിപുര തുടങ്ങി ബി ജെ പി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലവകാശങ്ങളില്‍ കൈവെച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ വ്യാപാര, വ്യവസായ മേഖലകളിലെ എല്ലാ തൊഴില്‍ നിയമങ്ങളും തൊഴിലവകാശങ്ങളും മൂന്ന് വര്‍ഷത്തേക്ക് റദ്ദ് ചെയ്യുന്ന ഒരു ഓര്‍ഡിനന്‍സിന് കഴിഞ്ഞ ദിവസം അംഗീകാരം നല്‍കുകയുണ്ടായി. ആഗോളതലത്തിലെ സാമ്പത്തിക മാന്ദ്യം മുതലെടുക്കാന്‍ ഇന്ത്യയിലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണത്രെ ലക്ഷ്യം.
വ്യവസായത്തര്‍ക്കം, സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കല്‍, മിനിമം വേതനം, തൊഴിലാളികളുടെ ആരോഗ്യ- ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, തൊഴിലാളി യൂനിയന്‍ പ്രവര്‍ത്തനം, കരാര്‍ തൊഴില്‍- കുടിയേറ്റ തൊഴില്‍ എന്നിവക്കുള്ള സുരക്ഷ, സേവന വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കല്‍, പി എഫ്, ബോണസ് തുടങ്ങി 38 തൊഴില്‍ നിയമങ്ങളാണ് ഓര്‍ഡിനന്‍സിലൂടെ യു പി സര്‍ക്കാര്‍ റദ്ദാക്കിയത്. 1934ലെ വേതന നിയമത്തിന്റെ അനുഛേദം അഞ്ച്, 1996ലെ നിര്‍മാണ തൊഴിലാളി നിയമം, 1993ലെ നഷ്ടപരിഹാര നിയമം, 1976ലെ അടിമവേല നിയമം എന്നീ നിയമങ്ങള്‍ മാത്രമേ ഈ ഓര്‍ഡിനന്‍സ് പ്രകാരം ഉത്തര്‍പ്രദേശില്‍ ഈ കാലയളവില്‍ പ്രാബല്യത്തിലുണ്ടാകൂ.
പ്രതിസന്ധിയെ അതിജീവിക്കുന്നതിന് വ്യവസായികള്‍ക്കും സംരംഭകര്‍ക്കും തടസ്സമാകാതിരിക്കുന്നതിനാണ് ഇത്തരത്തിലൊരു ഓര്‍ഡിനന്‍സിന് രൂപം നല്‍കിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. ലോക്ക്ഡൗണിനെ തുടര്‍ന്ന് കൃഷി, തോട്ടവിളകള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകള്‍ സാരമായ പ്രതിസന്ധി നേരിടുകയും മന്ദഗതിയിലാകുകയും ചെയ്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ വ്യവസായ സംരംഭകര്‍ക്ക് പ്രോത്സാഹനങ്ങള്‍ ആവശ്യമാണ്. ഇതാണ് ചില നിയമങ്ങള്‍ മരവിപ്പിക്കേണ്ടി വന്ന സാഹചര്യമെന്നാണ് ചീഫ് സെക്രട്ടറി ആര്‍ കെ തിവാരിയുടെ വിശദീകരണം. സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. അത് പഴയപടി നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ആനുകൂല്യങ്ങള്‍, പിരിച്ചുവിടല്‍ തുടങ്ങിയ കാര്യങ്ങളില്‍ തൊഴിലുടമകള്‍ക്ക് അധികാരം നല്‍കുന്ന വിധത്തിലാണ് ഇളവുകള്‍. തൊഴില്‍ സമയത്തിലും വ്യത്യാസം വരുത്താം. എങ്കിലും വേതന വിതരണം സംബന്ധിച്ച അടിസ്ഥാന നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല.
യു പിക്കു പിന്നാലെ മധ്യപ്രദേശും പൊളിച്ചെഴുത്ത് നടത്തി തൊഴില്‍ നിയമങ്ങളില്‍. ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട ഫാക്ടറീസ് നിയമത്തിലെ തൊഴിലാളികള്‍ക്ക് അനുകൂലമായ നിയമങ്ങളിലാണ് 1,000 ദിവസത്തേക്ക് മാറ്റം വരുത്തിയത്. ഗുജറാത്തിലും ഉത്തരാഖണ്ഡിലും വൈകാതെ സമാനമായ ഉത്തരവുകള്‍ ഇറങ്ങിയേക്കും. ഗുജറാത്തിലെ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാന നിയമങ്ങളൊഴികെയുള്ളവയില്‍ ഇളവു നല്‍കി കൂടുതല്‍ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കാനാണ് പദ്ധതി. തൊഴില്‍ സമയം നേരത്തേ എട്ടില്‍ നിന്ന് 12 മണിക്കൂറായി ഉയര്‍ത്തിയിട്ടുമുണ്ട് സംസ്ഥാനത്ത്. ഒരു ഭാഗത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവകാശപ്പെടുകയും മറുഭാഗത്ത് തൊഴിലുടമകളുടെ ആവശ്യങ്ങള്‍ അപ്പടി വകവെച്ചു കൊടുക്കുകയും ചെയ്യുന്ന നിലപാടാണ് പലപ്പോഴും മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. കൊവിഡിനെ മറയാക്കി ബി ജെ പി നിയന്ത്രിത സംസ്ഥാന സര്‍ക്കാറുകളും ഇപ്പോള്‍ ആ വഴി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.
ബി ജെ പിയുടെ കീഴിലുള്ള ബി എം എസ് അടക്കം എല്ലാ തൊഴിലാളി സംഘടനകളും മേല്‍സംസ്ഥാനങ്ങളുടെ നിലപാടിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ത്യാഗപൂര്‍ണമായ പ്രവര്‍ത്തനത്തിലൂടെയും സമരങ്ങളിലൂടെയും നേടിയെടുത്തതാണ് നിലവിലെ തൊഴില്‍ നിയമങ്ങള്‍. അതിനു മേല്‍ കത്തിവെക്കാനുള്ള സര്‍ക്കാറുകളുടെ നീക്കത്തെ ശക്തിയായി ചെറുക്കുമെന്ന് തൊഴില്‍ സംഘടനകള്‍ വ്യക്തമാക്കി. ഭരണഘടനാപരമായ അവകാശങ്ങളെ മുന്‍നിര്‍ത്തിയാണ് തൊഴില്‍ നിയമങ്ങള്‍ക്ക് രൂപം നല്‍കിയത്. തൊഴിലാളികളുടെ ഒരു ദിവസത്തെ ജോലി സമയം എട്ട് മണിക്കൂറായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. തൊഴിലാളികളുടെയും കുടുംബത്തിന്റെയും പോഷകാഹാരം, ആരോഗ്യപരിപാലനം, കുട്ടികളുടെ വിദ്യാഭ്യാസം, വാര്‍ധക്യ കാലാവകാശങ്ങള്‍ എന്നിവ നിറവേറ്റാന്‍ കഴിയുന്നതായിരിക്കണം മിനിമം വേതനമെന്ന് സുപ്രീം കോടതിയും ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതിന്റെയെല്ലാം ലംഘനമാണ് മിനിമം വേതനമടക്കമുള്ള നിയമങ്ങളുടെ തിരുത്തെഴുത്ത്. ഇത് ജീവനക്കാരെ തൊഴിലുടമകളുടെ അടിമകളാക്കി മാറ്റുമെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
അതേസമയം, കൊറോണയും ലോക്ക്ഡൗണും കാര്‍ഷികം, വ്യാവസായികം, വാണിജ്യം, വിനോദസഞ്ചാരം, ഹോട്ടല്‍, ഐ ടി, പൊതുഗതാഗതം തുടങ്ങിയ മേഖലകളില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. കേരളത്തിലെ മാത്രം വ്യവസായ മേഖലയില്‍ മഹാമാരി വരുത്തിവെച്ച ഉത്പാദനമൂല്യവര്‍ധന നഷ്ടം 8,000 കോടിയും ഹോട്ടല്‍, റെസ്‌റ്റോറന്റ്, വ്യാപാര മേഖലകളിലെ വരുമാനക്കുറവ് 17,000 കോടിയുമാണെന്നാണ് അനുമാനം. ഈ ആഘാതത്തില്‍ നിന്ന് കരകയറാന്‍ വാണിജ്യ, തൊഴിലുടമകള്‍ക്ക് ചില ഇളവുകള്‍ ആവശ്യമാണ്. പല വ്യവസായ സ്ഥാപനങ്ങളും മാസങ്ങളായി പ്രവര്‍ത്തനം പാടേ നിര്‍ത്തിയെങ്കിലും ജീവനക്കാര്‍ക്ക് പൂര്‍ണമായോ ഭാഗികമായോ വേതനം നല്‍കി വരുന്നു. ഈ സാഹചര്യത്തില്‍ തൊഴിലാളികളുടെ ന്യായവും മാന്യവുമായ അവകാശങ്ങള്‍ കവരാതെ വ്യാവസായിക, വാണിജ്യ രംഗത്ത് ആശ്വാസവും ഉണര്‍വും സൃഷ്ടിക്കാന്‍ സഹായകമായ നീക്കുപോക്കുകളാണ് സര്‍ക്കാറുകള്‍ നടത്തേണ്ടത്. വ്യവസായ മേഖലകള്‍ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടത് രാജ്യത്തിന്റെയും ജനങ്ങളുടെയും കൂടി ആവശ്യമാണെന്ന വസ്തുത മനസ്സിലാക്കി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്ക് തൊഴിലാളികളും സന്നദ്ധമാകേണ്ടതുണ്ട്.