Connect with us

Kerala

മിഠായിത്തെരുവിലെ കടകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും; സാധനങ്ങള്‍ വാങ്ങിയ ബില്ല് കാണിച്ചില്ലെങ്കില്‍ നടപടി

Published

|

Last Updated

കോഴിക്കോട് | കര്‍ശന നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതല്‍ കോഴിക്കോട് മിഠായി തെരുവില്‍ കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ ഏഴ് മുതല്‍ അഞ്ച് മണിവരെയായിരിക്കും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുക. നഗരത്തില്‍ ഏറെ ജനത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് മിഠായിത്തെരുവ്.അനാവശ്യമായി ഇവിടെയെത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവും. സാധനങ്ങള്‍ വാങ്ങിയ ബില്ല് ഇല്ലെങ്കില്‍ നടപടിയുണ്ടാകും. പ്രവേശനകവാടത്തില്‍ ഇക്കാര്യം പോലീസ് പരിശോധിക്കുമെന്നും ജില്ലാ കലക്ടര്‍ എസ് സാംബശിവ അറിയിച്ചു.

രണ്ടില്‍ കൂടുതല്‍ നിലകളുള്ള ഷോപ്പിംഗ് സെന്ററുകള്‍ ഒഴികെയുള്ള കച്ചവട സ്ഥാപനങ്ങള്‍ക്കാണ് തുറക്കാന്‍ അനുമതി.കടകകളുടെ വിസ്തീര്‍ണ്ണത്തിന് ആനുപാതികമായാണ് ആളെ പ്രവേശിപ്പിക്കേണ്ടത്. 50 സ്‌ക്വയര്‍ ഫീറ്റില്‍ ഒരാള്‍ എന്ന നിലയിലാണ് പ്രവേശനം അനുവദിക്കേണ്ടത്. ഓരോ കടയും അവിടേക്ക് പ്രവേശിപ്പിക്കാനാവുന്നവരുടെ എണ്ണം പ്രദര്‍ശിപ്പിക്കണം. എല്ലാ കടകളിലും “ബ്രെയ്ക് ദ ചെയിന്‍” പദ്ധതിക്ക് ആവശ്യമായ സാമഗ്രഹികള്‍ ഒരുക്കണം. കടകളിലെ സി സി ടി വി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കേണ്ടതും തിരക്ക് വിശകലനം ചെയ്യുന്നതിനായി ഇവ പരിശോധനക്ക് വിധേയമാക്കേണ്ടതുമാണ്.

നിബന്ധനകള്‍ ലംഘിക്കപ്പെടുന്നതായി കാണുന്നപക്ഷം കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതും കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന് കലക്ടര്‍ അറിയിച്ചു.

എസ് എം സ്ട്രീറ്റില്‍ അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയ്ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കച്ചവടക്കാരും വ്യാപാരിസംഘടനകളും നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി.

---- facebook comment plugin here -----

Latest