Connect with us

Articles

ബദ്ർ: അതിജീവനത്തിന്റെ സമവാക്യം

Published

|

Last Updated

സമകാലിക ലോകം പ്രതിസന്ധികളുടെതാണ്. മഹാമാരി ബാധിച്ച് മൂന്ന് ലക്ഷത്തോളം പേര്‍ മരണമടഞ്ഞിരിക്കുന്നു, സമ്പദ് വ്യവസ്ഥ പാടെ തകിടം മറിഞ്ഞിരിക്കുന്നു, വ്യവസായ ശാലകള്‍ അടച്ചുപൂട്ടിയിരിക്കുന്നു. കോടിക്കണക്കിന് ആളുകള്‍ തൊഴില്‍ രഹിതരായി കഴിയുകയാണ്. അതിലേറെ വേദനാജനകമാണ് ഉപജീവനത്തിന് വേണ്ടി അന്യനാടുകളിലേക്ക് കുടിയേറിയവരുടെ അവസ്ഥകള്‍. ഇത്തരത്തിൽ എണ്ണിയാലൊടുങ്ങാത്ത കഥനകഥകള്‍ സമ്മാനിച്ച ദുരിതക്കയത്തിലാണിന്ന് നാം ജീവിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിച്ച് അതിജീവനം നടത്തുകയും ലോകത്തിന് തന്നെ മാതൃകയാകുന്ന രൂപത്തില്‍ ഒരു നാഗരികത നിര്‍മിക്കുന്നതിന് നേതൃത്വം വഹിക്കുകയും ചെയ്ത മഹാന്മാരായ ബദ്്രീങ്ങളുടെ ധീരസ്മരണകള്‍ അനുസ്മരിക്കുന്നതിന് പ്രസക്തിയേറെയുണ്ട്.

എന്തൊക്കെയായിരുന്നു ബദ്്രീങ്ങള്‍ സഹിച്ച ത്യാഗങ്ങള്‍? നെഞ്ച് പിളര്‍ക്കുന്ന പീഡനങ്ങള്‍, തൊഴിലിടങ്ങളില്‍ നിന്നുള്ള ആട്ടിപ്പുറത്താക്കല്‍, അസ്തിത്വ പ്രതിസന്ധി, സാമ്പത്തിക ബഹിഷ്‌കരണം… ഒന്നരപ്പതിറ്റാണ്ട് കാലത്തെ ഈ വെല്ലുവിളികളെല്ലാം മറികടന്നല്ലേ ബദ്ർ രണഭൂവില്‍ അവര്‍ വിജയപതാക ഉയര്‍ത്തിക്കെട്ടിയത്. അതുകൊണ്ടാണ് നമ്മുടെ മുന്നിലിപ്പോഴും ബദ്്രീങ്ങള്‍ മാതൃകാ വ്യക്തിത്വങ്ങളായി തിളങ്ങിനില്‍ക്കുന്നതും പ്രതിസന്ധികളില്‍ നമ്മെ രക്ഷിക്കുന്ന സഹജീവികളായി അവര്‍ മാറുന്നതും.
“ബദ്്രീങ്ങളേ കാക്കണേ” എന്ന വിളി കേള്‍ക്കാത്ത മലയാളികളുണ്ടാവില്ല. വിവിധ സംസ്‌കാരങ്ങളിലും സമാനമായ പ്രയോഗങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്തുകൊണ്ടായിരുന്നു പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മുടെ പൂർവികർ ഇത്തരമൊരു വിളി അവരുടെ ദിനചര്യകളുടെ ഭാഗമാക്കി മാറ്റിയത് എന്നാലോചിക്കാന്‍ ഈ കൊറോണക്കാലത്തേക്കാൾ ഉചിതമായ മറ്റൊരു അവസരം നമുക്ക് ലഭിച്ചേക്കില്ല.
വിശ്വാസം തീര്‍ച്ചപ്പെടുത്തലാണ് അതിജീവനത്തിനുള്ള പ്രഥമ ആയുധം. ആത്മവിശ്വാസം നമ്മെ സകല പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടുത്തും. ആത്മവിശ്വാസമില്ലാത്തവന് മുന്നില്‍ ഏത്ര മികച്ച സംവിധാനങ്ങളും ഉപയോഗശൂന്യമായിരിക്കും. ബദ്‌റിലെ മുസ്്ലിം- മുശ്്രിക് പക്ഷങ്ങളുടെ പ്രകടനങ്ങള്‍ വിശകലനം ചെയ്താല്‍ അക്കാര്യം ബോധ്യപ്പെടും. ആത്മധൈര്യം പർവതത്തെയും ധൂളിയാക്കി മാറ്റുമെന്നാണല്ലോ ആപ്തവാക്യം. ബദ്്രീങ്ങളുടെ ജീവചരിത്രങ്ങള്‍ മുഴുവനും ആത്മവിശ്വാസത്തിന്റെയും അചഞ്ചല മനോഭാവത്തിന്റെയും മാതൃകകള്‍ നിറഞ്ഞതാണ്. അവരുടെ ചരിത്രം സ്മരിക്കലും അവരോട് സഹായം അഭ്യർഥിക്കലും അത്തരം മഹിത ഗുണങ്ങള്‍ ആര്‍ജിക്കാന്‍ വിശ്വാസികളെ പ്രാപ്തരാക്കുമെന്നതില്‍ സംശയമില്ല.

ബദ്‌റും ബദ്‌രീങ്ങളും

ഇസ്്ലാമിക ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയമായ ധര്‍മസമരമാണ് ബദ്ർ. ബദ്ർ സമരഭടന്മാരുടെ ചരിത്രം എല്ലാവര്‍ക്കും എക്കാലത്തും പാഠമാണ്. പരിശുദ്ധ ഖുര്‍ആനും തിരു ഹദീസും ബദ്‌റില്‍ പങ്കെടുത്തവരുടെ മഹത്വത്തെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മനുഷ്യരില്‍ ഉത്തമര്‍ ബദ്്രീങ്ങളാണെന്ന് തിരുനബി(സ) പരിചയപ്പെടുത്തിയപ്പോള്‍ മലക്കുകളില്‍ നിന്ന് ബദ്‌റില്‍ പങ്കെടുത്തവരും അപ്രകാരമാണെന്ന മലക്കുകളുടെ നേതാവ് ജിബ്്രീല്‍(അ)ന്റെ പ്രതികരണം ബദ്‌റിന്റെ സവിശേഷതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്.
ബദ്‌റില്‍ ലഭിച്ച മഹത്തായ അനുഗ്രഹത്തെ സദാ ഓര്‍ക്കണമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു കല്‍പ്പിക്കുന്നുണ്ട്. “നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച് പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത് കളയുമെന്ന് നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട് അവന്‍ നിങ്ങള്‍ക്ക് ആശ്രയം നല്‍കുകയും അവന്റെ സഹായം കൊണ്ട് നിങ്ങള്‍ക്ക് പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി”(8:26).

ബദ്്രീങ്ങളെ ബഹുമാനിക്കുകയും പ്രത്യേകം പരിഗണിക്കുകയും ചെയ്യൽ തിരുനബി (സ)യുടെ പതിവായിരുന്നു. ഒരിക്കല്‍ നിറഞ്ഞ ഒരു സദസ്സിനെ അഭിസംബോധനം ചെയ്ത് സംസാരിക്കുകയായിരുന്നു റസൂല്‍. അതിനിടെ ബദ്്രീങ്ങളില്‍ ചിലര്‍ അവിടെയെത്തി. ഇരിക്കാന്‍ സ്ഥലമില്ലാതെ അവര്‍ പ്രയാസപ്പെടുന്നത് കണ്ടപ്പോൾ നബി(സ)ക്ക് വിഷമമായി. അവിടുന്ന് സദസ്സില്‍ നിന്നും ചിലരെ വിളിച്ച് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെടുകയും അവര്‍ക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തു. പ്രസ്തുത സന്ദര്‍ഭത്തിലാണ് “സത്യവിശ്വാസികളേ, സദസ്സുകളില്‍ വിശാലത ചെയ്യുവീന്‍ എന്ന് നിങ്ങളോടു പറയപ്പെട്ടാല്‍ നിങ്ങള്‍ സൗകര്യപ്പെടുത്തികൊടുക്കണം. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും വിശാലത ചെയ്യുന്നതാണ്. നിങ്ങള്‍ എഴുന്നേറ്റ് പോകണമെന്ന് ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ എഴുന്നേറ്റ് പോകണം. നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്‍കപ്പെട്ടവരെയും അല്ലാഹു പല പടികള്‍ ഉയര്‍ത്തുന്നതാണ്. അല്ലാഹു നിങ്ങളുടെ പ്രവൃത്തികളെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു” (58:11) എന്ന ഖുര്‍ആന്‍ വചനം അവതീർണമാകുന്നത്. ഈ സംഭവത്തിന് ശേഷം ബദ്്രീങ്ങളെ കാണുമ്പോള്‍ സ്വഹാബികള്‍ എഴുന്നേറ്റു നില്‍ക്കുകയും അവര്‍ക്ക് വേണ്ടി സ്ഥലം സൗകര്യപ്പെടുത്തി നൽകലും പതിവായിരുന്നു.

ബദ്്രീങ്ങള്‍ എല്ലാവരും അത്യുന്നത പദവിക്കുടമകളാണെന്ന് നബി(സ) പലവുരു പ്രസ്താവിച്ചിട്ടുണ്ട്. മാത്രമല്ല, അവിടുന്ന് എല്ലാവരെക്കാളും ബദ്ർ യോദ്ധാക്കളെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യാറുണ്ടായിരുന്നു.
അവരെക്കുറിച്ച് അപവാദം പറയുന്നവരെ നബി(സ) കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. ഒരിക്കല്‍ ഹാത്വിബ്(റ)വിനെതിരെ പരാതിയുമായി അദ്ദേഹത്തിന്റെ അടിമ തിരുസന്നിധിയിലെത്തി. “നബിയേ, നിശ്ചയം ഹാത്വിബ് നരകത്തില്‍ പ്രവേശിക്കും” അയാള്‍ പറഞ്ഞു. “നീ പറഞ്ഞത് കളവാണ്. ഹാത്വിബ് ഒരിക്കലും നരകത്തില്‍ കടക്കില്ല. ബദ്‌റിലും ഹുദൈബിയ്യയിലും പങ്കെടുത്ത വ്യക്തിയാണ് അദ്ദേഹം” എന്നായിരുന്നു അപ്പോള്‍ പ്രവാചകര്‍ പ്രതിവചിച്ചത്.
ഉമറുബ്‌നു അബ്ദില്‍ അസീസ്(റ)വിന്റെ ജീവചരിത്രത്തില്‍ നിന്ന് അതോടനുബന്ധിച്ചുള്ള ഒരു സംഭവം വിശദീകരിക്കാം. ഒരിക്കല്‍ ഉമറുബ്‌നു അബ്ദില്‍ അസീസ് (റ) അലി(റ)വിനെ കുറിച്ച് ചില കാര്യങ്ങള്‍ സംസാരിച്ചതായി ഗുരുനാഥനായ ഉബൈദുല്ലാഹിബ്‌നു അബ്ദില്ല(റ)വിന് വിവരം ലഭിച്ചു. പിന്നീട് ഹദീസ് പഠിക്കാനായി മറുബ്നു അബ്ദിൽ അസീസ് (റ) ഗുരുസന്നിധിയിലെത്തിയപ്പോള്‍ അവിടുന്ന് പരിഗണന നല്‍കാതെ നിസ്‌കാരം നിര്‍വഹിക്കാന്‍ ആരംഭിച്ചു. ഉമർ (റ) കാത്തിരുന്നു. നിസ്‌കാരം കഴിഞ്ഞ ഉടന്‍ ഗൗരവ ഭാവത്തില്‍ ഗുരു ചോദിച്ചു: “ബദ്്രീങ്ങളെ അല്ലാഹു തൃപ്തിപ്പെട്ടതിന് ശേഷം അവരോട് കോപിച്ചിട്ടുണ്ടെന്ന് താങ്കള്‍ക്കെപ്പോഴാണ് വിവരം ലഭിച്ചത്?” അദ്ദേഹത്തിന് വിഷയം മനസ്സിലായി. തുടര്‍ന്ന്, ഉമറു ബ്‌നു അബ്ദില്‍ അസീസ്(റ) അലി(റ)വിനെ കുറിച്ച് നന്മ മാത്രമേ പറയാറുണ്ടായിരുന്നുള്ളൂ (ശര്‍ഹു സ്വദ്ർ ബി ഗസ്്വതി ബദ്ർ പേ. 39).

അസ്മാഉല്‍ ബദ്ർ പാരായണത്തിന്റെ മഹത്വം

മഹാന്മാരായ ബദ്്രീങ്ങളോട് സഹായാഭ്യർഥന നടത്തി ലക്ഷ്യപൂര്‍ത്തീകരണം കരഗതമാക്കിയ നിരവധി ചരിത്ര സംഭവങ്ങള്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയതായി കാണാം. അസ്മാഉല്‍ ബദ്ർ പാരായണം ചെയ്ത് പ്രാർഥന നിര്‍വഹിച്ചാല്‍ ഉദ്ദേശ്യപൂര്‍ത്തീകരണം ഉറപ്പാണെന്ന ഇമാം ദാറാനി (റ)യുടെ അഭിപ്രായം ഏറെ പ്രസക്തമാണ്. നിരവധി ഔലിയാക്കള്‍ക്ക് വിലായത്തിന്റെ പദവി ലഭിക്കാനും അസ്മാഉല്‍ ബദ്ർ കാരണമായിട്ടുണ്ട്.
ജഅ്ഫറുബ്‌നു അബ്ദില്ല(റ)ല്‍ നിന്ന് നിവേദനം: “സ്വഹാബികളെ സ്‌നേഹിക്കാനും പ്രതിസന്ധിഘട്ടങ്ങളില്‍ ബദ്്രീങ്ങളെ തവസ്സുലാക്കി പ്രാർഥിക്കാനും എന്നോട് എന്റെ പിതാവ് വസ്വിയ്യത് ചെയ്തു. മകനേ, അവരുടെ നാമങ്ങള്‍ ചൊല്ലി അല്ലാഹുവിനോട് പ്രാർഥിച്ചാല്‍ തീര്‍ച്ചയായും ഉത്തരം ലഭിക്കും. അവരെ സ്മരിക്കുന്നവരെ അല്ലാഹു കാരുണ്യം കൊണ്ടും പാപമോചനം കൊണ്ടും ബറകത് കൊണ്ടും അനുഗ്രഹിക്കും. ആവശ്യ പൂര്‍ത്തീകരണത്തിന് വേണ്ടി ദിവസവും അസ്മാഉല്‍ ബദ്ർ ചൊല്ലുന്നത് ഏറെ ഫലപ്രദമാണ്. പ്രധാന ആവശ്യങ്ങള്‍ കരഗതമാകാന്‍ ബദ്്രീങ്ങളുടെ പേരിന്റെ കൂടെ റളിയല്ലാഹു എന്നുകൂടി ചേര്‍ത്തു പറയേണ്ടതാണ്” (ശർഹു സ്വദര്‍).

രോഗശമനത്തിനും ശത്രുശല്യങ്ങളില്‍ നിന്ന് മോചനം ലഭിക്കാനും അസ്മാഉല്‍ ബദ്ർ പാരായണം ചെയ്യലും അവരെ മധ്യവര്‍ത്തികളാക്കി ദുആ ചെയ്യലും ഉപകരിക്കും. “രോഗികളുടെ ശിരസ്സില്‍ കൈവെച്ച് ഞാന്‍ അസ്മാഉല്‍ ബദ്ർ ചൊല്ലിയപ്പോഴെല്ലാം അവര്‍ക്ക് ശമനം ലഭിച്ചിട്ടുണ്ട്, മരണാസന്നര്‍ക്ക് പോലും അതുമുഖേന ആശ്വാസമായിട്ടുണ്ട്” എന്ന് പല ജ്ഞാനികളും അനുഭവം പങ്കുവെച്ചതിനെ കുറിച്ച് പല മഹാന്മാരും അവരുടെ ഗ്രന്ഥങ്ങളില്‍ ഉദ്ധരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബദ്്രീങ്ങളുടെ ധീരസ്മരണകള്‍ അനുസ്മരിക്കുന്ന ഈ സുദിനത്തില്‍ അവരുമായി കൂടുതല്‍ അടുക്കാന്‍ സഹായകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഓരോ വിശ്വാസിയും ശ്രദ്ധിക്കേണ്ടതുണ്ട്. ആശ്വാസവും സമാധാനവും കളിയാടുന്ന പുതിയൊരു നാളെ വാർത്തെടുക്കാൻ അത് വളരെ ഉപകരിക്കുക തന്നെ ചെയ്യും. തീർച്ച.