Connect with us

National

750 കിലോമീറ്റർ സൈക്കിളിൽ താണ്ടി നാടണയാൻ കൊതിച്ചു; നടുറോഡിൽ ഒടുങ്ങി

Published

|

Last Updated

ന്യൂഡൽഹി | ലോക്ക്ഡൗണിൽ കുടിയേറ്റ തൊഴിലാളികൾ എന്താണ് അനുഭവിക്കുന്നത് എന്നതിന് ഒരു നേർസാക്ഷ്യം കൂടി.
ഛത്തീസ്്ഗഢിലെ ബെമേതര ജില്ലയിൽ നിന്ന് യു പിയിലെ ലക്‌നോയിൽ പണിക്ക് വന്നതാണ് കൃഷ്ണ സാഹുവും കുടുംബവും. ലോക്ക്ഡൗണിൽ കുടുങ്ങി. പണിയില്ല. കൂലിയില്ല. ഒറ്റമുറി വീട്ടിൽ ഭാര്യക്കും മക്കൾക്കുമൊപ്പം മുഴുപ്പട്ടിണി. ഒടുവിൽ നാട് പിടിക്കാൻ തന്നെ അവർ തീരുമാനിച്ചു. സൈക്കിളിൽ 750 കിലോമീറ്റർ താണ്ടുകയെന്ന സാഹസിക തീരുമാനമാണ് അവർ കൈകൊണ്ടത്. യാത്രയാരംഭിച്ചെങ്കിലും മരണത്തിലേക്കാണ് അവർ വീണത്. ലക്‌നോയിലെ പ്രധാന ബൈപാസ് റോഡായ ശഹീദ്പഥിൽ ചീറിപ്പാഞ്ഞ് വന്ന ട്രക്ക് സൈക്കിൾ ഇടിച്ചു തെറിപ്പിച്ചു. കൃഷ്ണ(45)യും ഭാര്യ പ്രമീള (40)യും തത്ക്ഷണം മരിച്ചു. അഞ്ച് വയസ്സിന് താഴെ മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളും രക്ഷപ്പെട്ടു. കുഞ്ഞുങ്ങളെ കൃഷ്ണയുടെ സഹോദരന് കൈമാറിയിരിക്കുകയാണ് പോലീസ്.

“അവർക്ക് ഭക്ഷണമോ പണമോ ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും സ്വന്തം ഗ്രാമത്തിൽ എത്തിയാൽ കൃഷി പുനരാരംഭിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ എല്ലാം റോഡിൽ ഒടുങ്ങി. കുട്ടികൾ അനാഥമായി”- അയൽക്കാരിലൊരാൾ പറഞ്ഞു. ചേരിയിലെ ഒറ്റ മുറി കൂരക്ക് മാസത്തിൽ 800 രൂപ വാടക നൽകിയിരുന്നു. കുടിയേറ്റ തൊഴിലാളികളാരും സാഹസത്തിന് മുതിരരുത് എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവർത്തിച്ച് പറഞ്ഞിരുന്നു. എല്ലാവർക്കും തിരിച്ചു പോകാനുള്ള സംവിധാനമൊരുക്കുമെന്നായിരുന്നു വാഗ്്ദാനം. ഒന്നുമുണ്ടായില്ല. ഛത്തീസ്ഗഢ് സർക്കാറും ഇവരെ സഹായിച്ചില്ല. മധ്യപ്രദേശിൽ നിന്നും ഛത്തീസ്ഗഢിൽ നിന്നും നിരവധി തൊഴിലാളികൾ യു പിയിലുണ്ട്. അവരെല്ലാം കൃഷ്ണയുടെ അവസ്ഥയിലൂടെ കടന്ന് പോകുന്നവരാണ്.

ലോക്ക്ഡൗണിനിടെയുണ്ടായ റോഡപകടങ്ങളിൽ മരിച്ചവരിൽ മൂന്നിലൊന്നും കുടിയേറ്റ തൊഴിലാളികളാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഔറംഗാബാദിൽ റെയിൽപ്പാളത്തിൽ നടന്നു പോകുകയായിരുന്ന 15 തൊഴിലാളികളാണ് ട്രെയിൻ തട്ടി മരിച്ചത്.