വിശാഖപട്ടണം ദുരന്തം; എല്‍ജി പോളിമേഴ്സ് 50 കോടി രൂപ അടയ്ക്കണമെന്ന് ഹരിത ട്രൈബ്യൂണല്‍

Posted on: May 8, 2020 4:57 pm | Last updated: May 8, 2020 at 7:46 pm

ന്യൂഡല്‍ഹി | വിശാഖപട്ടണം വിഷവാതക ദുരന്തത്തില്‍ എല്‍ജി പോളിമേഴ്‌സ്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ദേശീയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവക്ക് നോട്ടീസ് അയച്ച് ഹരിത ട്രൈബ്യൂണല്‍. ദുരന്തം വരുത്തിയ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് എല്‍ജി പോളിമേഴ്സ് ഉടന്‍ 50 കോടി രൂപ കെട്ടിവെക്കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. എല്‍ജി പോളിമേഴ്‌സില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വാതക ചോര്‍ച്ചയില്‍ 12 പേരാണ് മരിച്ചത്. മുന്നൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദാമനില്‍ നിന്നെത്തിച്ച രാസവസ്തുക്കള്‍ ഉപയോഗിച്ച് ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമത്തിനിടെ സംഭവ ദിവസം അര്‍ധരാത്രി ഇവിടെ വീണ്ടും വാതകം ചോര്‍ന്നിരുന്നു. ഇതോടെ, പരിസരത്ത് താമസിക്കുന്ന കൂടുതല്‍ പേരെ ഒഴിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘം പ്ലാന്റില്‍ ഉണ്ടായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എല്‍ജി പോളിമര്‍ കമ്പനിക്കെതിരെ കേസെടുത്ത ആന്ധ്ര സര്‍ക്കാര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.