ലോക്ക്ഡൗണ്‍ കാലത്തെ മുസ്‌ലിം വേട്ട

Posted on: May 8, 2020 12:33 pm | Last updated: May 8, 2020 at 6:08 pm

കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് വിളിച്ചിരുന്നു. “”നിനക്ക് വല്ല വാറന്റും വന്നോ? ആരെങ്കിലും വിളിച്ചോ?” ഇതുവരെ ഒന്നുമില്ലെന്നും ഏതുനിമിഷവും ഒരെണ്ണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഞാന്‍ മറുപടി പറഞ്ഞു. അന്ന് രാത്രി നോമ്പ് തുറന്നിരിക്കുമ്പോള്‍ ഉമ്മയോട് പറഞ്ഞതും ഇതുതന്നെയായിരുന്നു. ഇവിടുത്തെ നിയമത്തിനോ പടച്ചോനോ നിരക്കാത്തത് ഒന്നും ചെയ്തിട്ടില്ല. പക്ഷേ, സഫൂറയെയും മീറാനെയും തേടി വന്നതുപോലെ ഒന്ന് എന്നെ തേടിയും വന്നേക്കും.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ചെയ്തവരെയൊക്കെ ഫാസിസ്റ്റുകള്‍ കള്ളമെറിഞ്ഞു വീഴ്ത്തുകയാണ്. അധികാരത്തിന്റെ ബലമാണ് അവരുടെ വഴി. മഹാമാരിയുടെ ലോക്ക്ഡൗണാണ് മറ. ഇത് ഭരണകൂട ഭീകരതയും ഭീരുത്വവുമാണ്. ഗുണ്ടകളെ അയച്ച് ഭീഷണിപ്പെടുത്തിയാല്‍, സൈബറിടങ്ങളില്‍ കൊലവിളികളും ബലാത്സംഗ ഭീഷണികളും നടത്തിയാല്‍ മുട്ടിടറുമെന്നും അവര്‍ വിചാരിച്ചു. നാഥൂറാമിനെയും നാരായണിനെയും പുനരവതരിപ്പിച്ചു വിട്ടാല്‍, അവര്‍ പോലീസ് കാവലില്‍ നിറയൊഴിച്ചാല്‍ പേടിച്ചു പിന്മാറുമെന്നും അവര്‍ കണക്കുകൂട്ടി. ഒരു കേന്ദ്ര മന്ത്രിയാണ് നിറയൊഴിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. ഒരു മുഖ്യമന്ത്രിയാണ് അത് ശരിവെക്കുന്നത്. ഒരു എം പിയാണ് ആവേശമേറ്റുന്നത്. എന്നിട്ടും തോറ്റു. ഒടുവില്‍ എല്ലാ ആസൂത്രണങ്ങളോടെയും അയച്ചുകിട്ടിയ ഗുണ്ടാ സന്നാഹങ്ങളോടെയും പോലീസിന്റെ കാവലിലും അപകടകരമായ നിസ്സംഗതയിലും ഒരു കലാപവും സംഘടിപ്പിച്ചു.

അവിടെ എല്ലാവരും തോറ്റുവെന്ന് പറയലാണ് എന്റെ ബോധ്യം. മനുഷ്യരായ എല്ലാവരും തോല്‍ക്കുന്ന വേളകളാണ് അത്. മുസ്‌ലിംകളുടെ വീടുകള്‍ പ്രത്യേകം അടയാളപ്പെടുത്തിയത്രെ. മസ്ജിദുകള്‍ തകര്‍ക്കപ്പെട്ടു. വിശുദ്ധ ഗ്രന്ഥങ്ങള്‍ തീവെച്ചു നശിപ്പിച്ചു. മുസ്‌ലിംകളുടെ വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിച്ചു. ആരും രക്ഷക്കെത്തില്ലെന്നറിയുമ്പോള്‍ ഗതിയില്ലാതെ തിരിച്ചാക്രമിക്കുന്ന ഇരകളെയാണ് ഒടുവില്‍ ഭരണകൂടത്തിന് വേണ്ടത്; അവരെ മാത്രം. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും പ്രതിരോധങ്ങളും എല്ലാം സംഘ്പരിവാര്‍ എഴുതിയ തിരക്കഥയില്‍ വരുന്നതാണ്. ഇന്ത്യയില്‍ കലാപങ്ങളില്ല വംശഹത്യകളേയുള്ളൂ എന്ന നിരീക്ഷണം പറയുന്നതും അതാണ്. കൊടിയ ആക്രമണങ്ങള്‍ നടക്കുമ്പോഴും കര്‍ഫ്യൂ പ്രഖ്യാപിക്കാതെ, കലാപാഹ്വാനം നടത്തിയ കപില്‍ മിശ്രയടക്കമുള്ള ബി ജെ പി നേതാക്കളെ കരുതല്‍ തടങ്കലിലെങ്കിലും പിടിക്കാതെ ആഭ്യന്തര വകുപ്പ് ഡല്‍ഹി കലാപത്തിന്റെ സംഘഭാവന ഭംഗിയാക്കി.

അവിടെ അനാഥരായവര്‍ക്ക്, വിധവകളായവര്‍ക്ക്, നിരാലംബരായിപ്പോയവര്‍ക്ക്, വീടില്ലാതായവര്‍ക്ക്, സ്വപ്‌നങ്ങള്‍ എറിഞ്ഞുപോയവര്‍ക്ക് സാന്ത്വനം കൊണ്ടുചെന്നവരെയാണ് ഇപ്പോള്‍ ഭരണകൂടത്തിന് വേണ്ടത്. ഭരണഘടനാ മൂല്യങ്ങളും അവകാശങ്ങളും ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്തവരെയാണ് ഇപ്പോള്‍ ഭരണകൂടം വേട്ടയാടുന്നത്. ഇതൊന്നും അപ്രതീക്ഷിതമല്ല. പക്ഷേ, ഒരു മഹാമാരിയുടെ നിഴലില്‍ ഒളിച്ചാണ് ഭരണകൂടമിത് ചെയ്യുന്നതെന്നതുമാത്രമാണ് നിസ്സഹായത. ലോക്ക്ഡൗണിന്റെ അന്ന് ശഹീന്‍ബാഗിലും ജാമിഅയിലും ഡല്‍ഹി പോലീസിന്റെ വലിയൊരു സന്നാഹം വന്നിരുന്നു. കൊറോണ വ്യാപനം തടയാന്‍ സാമൂഹിക അകലം പ്രഖ്യാപിച്ച് സമരം തത്കാലത്തേക്ക് നിര്‍ത്തിവെച്ച പന്തലുകളില്‍ അവര്‍ ഇരച്ചു കയറി. പോസ്റ്ററുകള്‍, ബാനറുകള്‍, ചിത്രങ്ങള്‍ എല്ലാം അവര്‍ ചവിട്ടിമെതിച്ചു. ജാമിഅയുടെ “ദി വാള്‍ ഓഫ് റെസിസ്റ്റന്‍സ്- പ്രതിരോധത്തിന്റെ ചുമര്‍’ അവര്‍ വെള്ളപൂശി. എന്നാല്‍ കലയുടെ പ്രതിരോധം അത്രയെളുപ്പത്തില്‍ ആര്‍ക്കും കീഴടങ്ങാന്‍ പോകുന്നില്ല. ക്യാമ്പസ് തുറന്നാല്‍ എല്ലാം ഇനിയും തെളിയും. ചുവരെഴുത്തുകള്‍ക്ക് ഇനിയും മൂര്‍ച്ച കൂടും.

സമാധാനപരമെങ്കില്‍ മാത്രം മുന്നോട്ടുപോകാം എന്നു നിശ്ചയിച്ച സമര സ്വഭാവമായിരുന്നു ജാമിഅയിലെ സി എ എ വിരുദ്ധ പ്രക്ഷോഭത്തിന്. എത്രതന്നെ പ്രകോപന ശ്രമങ്ങളുയര്‍ന്നാലും ആത്യന്തികമായി സമരം അഹിംസാത്മകമാകണം എന്ന് ജാമിഅയുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം തന്നവരും ഞങ്ങളോട് അതെപ്പോഴും ഓര്‍മിപ്പിച്ചിരുന്നു. ഗാന്ധി രക്തസാക്ഷി ദിനത്തിന്റെ അന്നുതന്നെ തോക്കുചൂണ്ടി നിറയൊഴിച്ചപ്പോള്‍ പോലും സമാധാനപരമായി തുടര്‍ന്ന ഒരു സമരത്തിന്റെ പ്രധാന സംഘാടകരെന്ന നിലയില്‍ തന്നെയാണ് മീറാന്‍ ഹൈദറും സഫൂറ സര്‍ഗാറും വേട്ടയാടപ്പെടുന്നത്. റാലികളില്‍ അണിനിരന്നവര്‍ മുതല്‍ പന്തലില്‍ പ്രസംഗിച്ചവരും ഇതിനെ പറ്റി എഴുതിയവരുമടക്കം ഒരുപാട് പേര്‍ക്ക് ഡല്‍ഹി പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പലരെയും സ്‌റ്റേഷനുകളിലേക്ക് വിളിപ്പിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ഫോണുകള്‍ പിടിച്ചെടുക്കുന്നുണ്ട്.

കലാപവും കൊലപാതകവും അടക്കം അനവധി കേസുകള്‍ക്ക് പുറമെ മീറാനും സഫൂറക്കുമെതിരെ യു എ പി എ ചുമത്തിയിട്ടുണ്ട്. ഇരുവരും ജാമിഅയിലെ ഗവേഷണ വിദ്യാര്‍ഥികളും തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റുഡന്റ്‌സ് യൂനിയന്‍ ഇല്ലാത്ത ജാമിഅ മില്ലിയ്യ സര്‍വകലാശാല ക്യാമ്പസില്‍ വിദ്യാര്‍ഥി ഏകോപനത്തിന്റെ പ്രധാന ചാലകങ്ങളും കൂടിയാണ്. ഇതില്‍ സഫൂറ മൂന്ന് മാസം ഗര്‍ഭിണിയുമാണ്. വളരെയധികം പരിചരണവും കരുതലും വേണ്ട ഒരു സമയത്ത് തിഹാറിലെ ഏകാന്ത ജയില്‍വാസം എത്രമേല്‍ മനുഷ്യത്വ രഹിതമാണ്. മുസ്‌ലിംകള്‍ക്ക് മാത്രമായി സംവരണം ചെയ്തതു പോലെ ഉപയോഗിക്കപ്പെടുകയാണ് യു എ പി എ അടക്കമുള്ള കരിനിയമങ്ങള്‍. പരസ്യമായി കലാപാഹ്വാനം നടത്തിയ കപില്‍ മിശ്ര, പര്‍വേഷ് ശര്‍മ, അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ പോലും തയ്യാറാക്കാന്‍ കഴിയാത്ത അമിത് ഷായുടെ പോലീസ് എത്ര ലാഘവത്തോടെയാണ് വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്നത്. കലാപ വേളയില്‍ അപകടകരമായ നിസ്സംഗത കാണിച്ച, അക്രമികളുടെ പക്ഷം ചേര്‍ന്ന പോലീസിനു നേരെ വിരല്‍ ചൂണ്ടിയാണ് ഡല്‍ഹി കോടതി വിദ്വേഷ പ്രസംഗകര്‍ക്കെതിരെ കേസടുക്കാത്തതെന്തേ എന്നാരാഞ്ഞതും അഞ്ചാഴ്ച സമയം നല്‍കിയതും. എന്നിട്ടോ? ഇന്ത്യയില്‍ നിയമ വ്യവസ്ഥ മതവും ജാതിയും രാഷ്ട്രീയവും തിരിച്ചുതന്നെയെന്ന് ഭരണകൂടം ആവര്‍ത്തിക്കുന്നു.

കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിലും ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളെയും പട്ടിണിപ്പാവങ്ങളെയും പരിഗണിക്കുന്നതിലും അമ്പേ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ വെറുപ്പ് വിറ്റ് മുഖംകാക്കാനുള്ള പതിവ് ശ്രമം തുടരുന്നതാണിതെല്ലാം എന്ന് മനസ്സിലാക്കണം. തബ്‌ലീഗ് ജമാഅത്തിനെതിരെ നടന്ന വംശീയ വിദ്വേഷ പ്രചാരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ തന്നെ ജയിലില്‍ കഴിയുന്ന സഫൂറക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ഓക്കാനം വരുന്ന ലൈംഗികാധിക്ഷേപങ്ങള്‍ വ്യാപിക്കുന്നുണ്ട്. പൗരത്വ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ അത്യധികം നീചമായ ആക്ഷേപങ്ങളാണ് നടത്തുന്നത്. കനത്ത പ്രതിഷേധത്തിനൊടുവില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ സംഘ്പരിവാറിന്റെ സ്വതസിദ്ധമായ സ്ത്രീവിരുദ്ധത ബി ജെ പിയുടെ ദേശീയ വക്താക്കളുടെ വരെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകളിലൂടെ തുടരുന്നുണ്ട്. സംഘ്പരിവാറിനെതിരെ ശബ്ദിക്കുന്ന സ്ത്രീകള്‍ക്കു നേരെ ബലാത്സംഗ ഭീഷണികളും മറ്റും സര്‍വ സാധാരണമാണ്.

അണികളിലും നേതൃത്വത്തിലും അങ്ങേയറ്റം അപകടകരമായ വെറുപ്പിന്റെ രാഷ്ട്രീയം ആഴത്തില്‍ വേരോടിയിട്ടുണ്ട് എന്നതാണ് രാജ്യത്ത് നിലവിലുള്ള രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം വ്യക്തമാക്കുന്നത്. എതിര്‍ സ്വരങ്ങളുയരരുത്. അവര്‍ക്കിഷ്ടമില്ലാത്ത സത്യങ്ങള്‍ പറയരുത്. അവര്‍ക്ക് ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കരുത്. പ്രതിഷേധിക്കുകയോ സമരം ചെയ്യുകയോ അരുത്. ഇതില്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ക്ക് വരെ വിടുതികളുണ്ടാകില്ല.

കശ്മീരിലെ മാധ്യമപ്രവര്‍ത്തകരായ മസ്രത്ത് സഹ്‌റക്കും പീര്‍സാദ ആഷികിനും ഗൗഹര്‍ ഗീലാനിക്കുമെതിരെ കരിനിയമങ്ങള്‍ ചുമത്തിയിരിക്കുന്നത് നേരായ മാധ്യമപ്രവര്‍ത്തനം നടത്തിയതിനാണ്. കേന്ദ്ര സര്‍ക്കാര്‍ ഇച്ഛിക്കുന്നതു മാത്രം പകര്‍ത്താനും പറയാനും എഴുതാനുമാണെങ്കില്‍ മാധ്യമപ്രവര്‍ത്തനം നടത്തണമോ എന്ന കശ്മീരിലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള അംഗീകാരം കൂടിയാണ് കശ്മീര്‍ ലോക്ക്ഡൗണിനിടെ പകര്‍ത്തിയ യാസീന്‍ ദറിനും മുഖ്താര്‍ ഖാനും ചന്നി ആനന്ദിനും ലഭിച്ച പുലിറ്റ്‌സര്‍ പുരസ്‌കാരം. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള ബലപ്രയോഗങ്ങള്‍ ഇനിയും തുടരും. അതുപോലെ സര്‍ക്കാറിനെതിരെ ശബ്ദിച്ച വിദ്യാര്‍ഥികളെയും ആക്ടിവിസ്റ്റുകളെയും അവര്‍ ഇനിയും തേടിയെത്തും. കള്ളക്കേസുകളും കരിനിയമങ്ങളും ചാര്‍ത്തിക്കൊടുക്കും.
എനിക്കൊരാശങ്കയുണ്ട്. അത് ഈ നാട്ടിലെ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മത സംഘടനകളെയും ആലോചിച്ചാണ്. എന്തെന്നാല്‍ കൂട്ടത്തിലൊരാള്‍ക്ക് സഫൂറയുടെ, മീറാന്റെ അല്ലെങ്കില്‍ നജീബിന്റെ ഗതി വന്നാല്‍ എത്രപേര്‍ ഒച്ചവെക്കും? കോടതി വിധിക്കും മുമ്പ് എത്രപേര്‍ വിധി പറഞ്ഞ് ഊരുവിലക്കിടാതിരിക്കും? ഡല്‍ഹിയില്‍ ഒരു ഡസനിലേറെ സ്ഫോടനങ്ങള്‍ക്ക് ആസൂത്രണം നടത്തി എന്നുപറഞ്ഞ് പത്തൊമ്പതാമത്തെ വയസ്സില്‍ അറസ്റ്റ് ചെയ്യപ്പെട്ട് 14 വര്‍ഷം കാരാഗൃഹത്തില്‍ നീറിക്കഴിഞ്ഞ പുരാണ ദില്ലിയിലെ മുഹമ്മദ് ആമിര്‍ ഖാനും അയാളുടെ ജീവിതവും അങ്ങനെയൊരു ആശങ്കയുടെ യാഥാര്‍ഥ്യമാണ്. ആമിറിന്റെ പിതാവ് അവരുടെ വക്കീലിനോട് പിടയുന്ന ഹൃദയം കൊണ്ട് ഒരിക്കല്‍ പറഞ്ഞത്രെ: “ഇവിടുത്തെ കോടതികള്‍ തീരുമാനിക്കുന്നതിനു മുമ്പ് എന്റെ മൊഹല്ലയിലുള്ളവര്‍ വിധി പറഞ്ഞു, എന്റെ മോന്‍ തീവ്രവാദിയാണെന്ന്. പതിറ്റാണ്ടുകളായി കാണുന്നവര്‍ ഈയിടെയായി മുഖം തിരിക്കുന്നു. ചിരി മായ്ക്കുന്നു. സലാം മടക്കാതെ തിരിഞ്ഞു നടക്കുന്നു…’ ആമിറിന്റെ നിരപരാധിത്വം തെളിയുന്നതിന് മുമ്പേ ആ പിതാവ് മണ്ണോടുചേര്‍ന്നു.