ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണത്തിന് ശേഷം സുപ്രീം കോടതി മെച്ചപ്പെട്ടിട്ടില്ല: ജസ്റ്റിസ് ദീപക് ഗുപ്ത

Posted on: May 8, 2020 10:54 am | Last updated: May 8, 2020 at 12:28 pm

ന്യൂഡല്‍ഹി | മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയിക്കെതിരെ കടുത്ത വിമര്‍ശനവുമായി കഴിഞ്ഞ ദിവസം വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത. രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണക്കേസിന് ശേഷം ലളിതമായി പറഞ്ഞാല്‍ സുപ്രീം കോടതി മെച്ചപ്പെട്ടില്ലെന്നും തനിക്കെതിരായ ലൈംഗിക ആരോപണം ഗൊഗോയ് തന്നെ കേട്ടത് ശരിയായില്ലെന്നും അദ്ദേഹം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗൊഗോയി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം ബി ജെ പിയുടെ രാജ്യസഭ വാഗ്ദാഗനം സ്വീകരിച്ചതിനേയും അദ്ദേഹം വിമര്‍ശിച്ചു. ഗൊഗോയിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന ഒരു വാഗ്ദാനവും സ്വീകരിക്കുമായിരുന്നില്ല. തനിക്ക് ആരും അത്തരം ഒരു വാഗ്ദാനം ചെയ്യുകയുമില്ല.

ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലെ പാലമാകാനാണ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതെന്ന ഗൊഗോയിയുടെ വാദം തെറ്റാണ്. ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മില്‍ എന്നും പാലമുണ്ട്. അത് ചീഫ് ജസ്റ്റിസാണ്. ഞാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സമയത്ത് ധാരാളം മുഖ്യമന്ത്രിമാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരു സ്വതന്ത്രമായ ജുഡീഷ്യറി നിലനില്‍ക്കുന്നതിന് രാജ്യത്ത് മെച്ചപ്പെട്ട പരിശീലനം ലഭിച്ച സത്യസന്ധരായ ജഡ്ജിമാരുണ്ടാവണം. എല്ലാ തരത്തിലുള്ള നിയമനങ്ങളും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.